മിഷന്‍ അരിക്കൊമ്പന്‍: മയക്കുവെടിവെയ്ക്കാന്‍ എട്ടു സംഘങ്ങള്‍ രൂപീകരിച്ചു; മോക്ഡ്രില്‍ തല്‍ക്കാലം ഒഴിവാക്കി

0


ദേവികുളം: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍ പാറ മേഖലകളിലെ സ്ഥിരം ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാന്‍ എട്ടു സംഘങ്ങളെ രൂപീകരിച്ച് വനംവകുപ്പ്. അരിക്കൊമ്പന്‍ മിഷനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മോക്ഡ്രില്‍ മാറ്റിവെച്ചു.

കോടതി വിധി അനുകൂലമായാല്‍ 30 ന് ദൗത്യം ആരംഭിക്കും. കോടതി വിധി അനുസരിച്ചായിരിക്കും മോക്ഡ്രില്‍ നടത്തണോ എന്നതില്‍ തീരുമാനമെടുക്കുക. അരിക്കൊമ്പന്‍ മിഷന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എട്ടു ടീമിനെ ദേവികുളത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

സിസിഎഫുമാരായ നരേന്ദ്ര ബാബു, ആര്‍.എസ് അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദൗത്യം നടക്കുക. സംഘത്തിന്റെ കര്‍ത്തവ്യങ്ങള്‍ സംബന്ധിച്ച് ദൗത്യസംഘ തലവന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ വിശദീകരിച്ചു. മിഷനുവേണ്ടിയുളള ഉപകരണങ്ങളും അദ്ദേഹം ദൗത്യസേനാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി.

അതേസമയം അിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഈ മാസം 29 ന് പരിഗണിക്കും. അതുവരെ ആനയെ വെടിവെക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here