മെഹുൽ ചോക്സിയെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിൽ നിന്ന് ഒഴിവാക്കി; 13,000 കോടിയുടെ തട്ടിപ്പു നടത്തി നാടുവിട്ട ചോക്‌സിയുടെ യാത്രാവിലക്ക് നീങ്ങി; ഇന്ത്യയ്ക്ക് തിരിച്ചടി

0


ന്യുഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകാരിൽ ഒരാളായ വജ്രവ്യാപാരി മെഹൂൽ ചോക്സിയുടെ വിഷയത്തിൽ ഇന്ത്യക്ക് വൻ തിരിച്ചടി. 13000 കോടിയോളം തട്ടിച്ചെടുത്തു നാടുവിട്ട ചോക്സിക്കെതിരായ അന്വേഷണ ഏജൻസികളുടെ നടപടി മൃദുവാകുന്നതാണ് ഇന്ത്യക്കും തിരിച്ചടിയാകുന്നത്. ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ ഒഴിവാക്കി. ചോക്സിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. ഇതോടെ ലോകമെമ്പാടും യാത്ര ചെയ്യാനുള്ള ചോക്സിയുടെ വിലക്ക് മാറി.

എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാൻ സിബിഐ ഇതുവരെ തയ്യാറായിട്ടില്ല. ഇന്റർപോളിന് 195 രാജ്യങ്ങളിലാണ് അന്വേഷണ ഏജൻസികളുമായി ബന്ധമുള്ളത്. രാജ്യാന്തര തലത്തിൽ കുറ്റവാളികളെ കണ്ടെത്തുന്നതും അറസ്റ്റു ചെയ്യുന്നതിനും സ്വന്തം രാജ്യത്തിന് കൈമാറുന്നത് അടക്കമുള്ള നിയമനടപടികൾ ഇന്റർപോളിന് സ്വീകരിക്കാം. സിബിഐ അഭ്യർത്ഥന പ്രകാരമാണ് ചോക്സിയെ ഇന്റർപോൾ കണ്ടെത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ ശേഷമാണ് ചോക്സി രാജ്യം വിട്ടത്. 2018 ജനുവരിയിൽ ഇന്ത്യയിൽ നിന്നു മുങ്ങിയ ചോക്സിക്കെതിരെ 10 മാസത്തിനു ശേഷമാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നൽകിയത്. അന്റിഗ്വ-ബർബുഡയിൽ ആയിരുന്ന ചോക്സി അവിടെ പൗരത്വവും എടുത്തിരുന്നു.

എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐയുടെ അപേക്ഷയിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നൽകിയിതിനെയും ചോക്സി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലെ ജയിലിലെ അവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നത് ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പറഞ്ഞിരുന്നു.

ചോക്സിയുടെ അപേക്ഷ ഇന്റർപോൾ കമ്മിറ്റി കോടതിയായ കമ്മീഷൺ ഫോർ കൺട്രോൾ ഓഫ് ഫയൽസിലെ അഞ്ചംഗ സമിതി പരിശോധിച്ചിരുന്നു. അതിനിടെ അന്റിഗ്വയിൽ നിന്ന് മുങ്ങിയ ചോക്സി ഡൊമിനിക്കയിൽ അഭയം തേടിയെങ്കിലും അനധികൃതമായി രാജ്യത്തിന് പ്രവേശിച്ചതിന് അറസ്റ്റിലാവകുകയും പിന്നീട് ആന്റിഗ്വയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.

തട്ടിപ്പ് കേസിൽ ചോക്സിക്കും അനന്തരവൻ നിരവ മോദിക്കുമെതിരെ സിബിഐ വ്യത്യസ്ത കേസുകൾ എടുത്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ 13,000 കോടിയിലേറെ രൂപയാണ് പിഎൻബിക്ക് നഷ്ടപ്പെട്ടത്. ഇതിൽ 7,080.86 കോടി രൂപ ചോക്സിയും 6000 കോടി നിരവ് മോദിയുമാണ് കൈപ്പറ്റിയത്. ചോക്സിയുടെ കമ്പനി വരുത്തിയ 5000 കോടിയുടെ മറ്റൊരു വായ്പ ക്രമക്കേടും സിബിഐയുടെ പരിഗണനയിലാണ്

Leave a Reply