മ്യാന്മാറിലെ ബുദ്ധ വിഹാരത്തിൽ കൂട്ടക്കൊല ; മൂന്ന് ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്

0

മ്യാന്മാറിലെ ബുദ്ധ വിഹാരത്തിൽ കൂട്ടക്കൊല. മൂന്ന് ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. മ്യാന്മറിലെ ഷാൻ സംസ്ഥാനത്തെ നാൻ നെയ്ന്റ് ബുദ്ധ വിഹാരത്തിലാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച നടന്ന സംഭവം പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് പ്രവാസി ദേശീയ സർക്കാർ ആരോപിച്ചു. എന്നാൽ, സേന ആരെയും വധിച്ചിട്ടില്ലെന്ന് പട്ടാള ഭരണകൂടത്തിന്റെ വക്താവ് സാ മിൻ പറഞ്ഞു. വിമത ഗ്രൂപ്പുകളുടെ ആക്രമണത്തിലാകാം ആളുകൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിലെ യാഥാർത്ഥ്യമെന്തെന്ന് ഇനിയും പുറത്ത് വന്നിട്ടില്ല. ബുദ്ധ വിഹാരത്തിനുള്ളിൽ കൂട്ടക്കൊല നടത്തിയത് എന്തിനെന്നും വ്യക്തമല്ല. ബുദ്ധവിഹാരത്തിനുള്ളിലാണ് എല്ലാ മൃതദേഹങ്ങളും കിടന്നിരുന്നത്. വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കെഎൻഡിഎഫ്, കെആർയു വിമത പോരാളി സംഘങ്ങളുടെ ആക്രമണവും അവരെ നേരിടുന്നതിനായി സർക്കാർ സേനയുടെ പ്രത്യാക്രമണവും രണ്ടാഴ്ചയായി നാൻ നെയ്ന്റിൽ നടക്കുന്നുണ്ട്.

2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച പട്ടാളം ഭരണം പിടിച്ചശേഷം മ്യാന്മർ സംഘർഷഭരിതമാണ്. ജനകീയ പ്രക്ഷോഭങ്ങളിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. സൂച്ചിയും മറ്റു നേതാക്കളും തടവറയിലാണ്.

Leave a Reply