ടാറില്‍ പുതഞ്ഞ നായക്കുട്ടിക്ക്‌ മഞ്ചുവും കീര്‍ത്തിയും രക്ഷകാരായി

0


തൊടുപുഴ: ഉരുകിയൊലിച്ച ടാറില്‍ പുതഞ്ഞ്‌ ജീവന്‌ വേണ്ടി കരഞ്ഞ നായ്‌ക്കുട്ടിക്ക്‌ രക്ഷകരായി മൃഗസംരക്ഷകരായ മഞ്ചുവും കീര്‍ത്തി ദാസും. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ്‌ ടാറില്‍ പുതഞ്ഞ്‌ അവശനായ നായ്‌ക്കുട്ടിയെ രക്ഷിക്കാനായത്‌. തൊടുപുഴ വെങ്ങല്ലൂര്‍ – മങ്ങാട്ട്‌കവല നാലുവരി പാതയോരത്താണ്‌ സംഭവം. വഴിയാത്രക്കാരുടെ ശ്രദ്ധ പതിയാത്ത സ്‌ഥലത്താണ്‌ വീപ്പ മറിഞ്ഞൊഴുകിയ ടാറില്‍ നായ കുട്ടി പുതഞ്ഞത്‌. സ്വയം രക്ഷപെടാനുള്ള ശ്രമത്തിനിടെ നായയുടെ ശരീര ഭാഗത്തിന്റെ പാതിയുടെ ടാറില്‍ അമര്‍ന്നു.
സമീപത്തുള്ള കടയുടമ യാദൃശ്‌ചികമായി റോഡരികിലൂടെ നടന്നപ്പോഴാണ്‌ നായ ടാറില്‍ കുടുങ്ങി കിടക്കുന്നത്‌ കണ്ടത്‌. ഉടന്‍ തന്നെ മഞ്ചുവിന്റേയും കീര്‍ത്തി ദാസിന്റേയും നമ്പരില്‍ ബന്ധപ്പെട്ടു. സംഭമറിഞ്ഞ ഉടന്‍ തന്നെ ഇരുവരും ഇവിടേക്കെത്തി. ഏറെ സമയത്തെ പരിശ്രമത്തിന്‌ ശേഷം നായ്‌ക്കുട്ടിയെ ശാന്തനാക്കിയാണ്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്‌. സമീപത്തെ കടയുടമ എത്തിച്ച മണ്ണെണ്ണ ഉപയോഗിച്ച്‌ കട്ടപിടിച്ച ടാറില്‍നിന്നും നായ്‌ക്കുട്ടിയെ സമീപത്തേക്ക്‌ മാറ്റി. തുടര്‍ന്ന്‌ തുണി ഉപയോഗിച്ച്‌ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ശരീര ഭാഗത്തെ ടാര്‍ മുഴുവന്‍ നീക്കം ചെയ്‌തു. രക്ഷകരമായി ഇണങ്ങിയ നായക്ക്‌ ഭക്ഷണവും വെള്ളവും മറ്റും നല്‍കി. പിന്നീട്‌ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിലേക്ക്‌ മാറ്റി. ഇവിടെ നിന്നുള്ള പരിശോധനകള്‍ക്ക്‌ ശേഷം മഞ്ചുവും കീര്‍ത്തി ദാസും ചേര്‍ന്ന്‌ നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുമെന്ന്‌ ഇരുവരും പറഞ്ഞു.
നായ്‌ക്കുട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മറ്റാര്‍ക്കെങ്കിലും കൈമാറുകയോ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുകയോ ചെയ്യുന്നതിനാണ്‌ തീരുമാനം. സേവ്‌ ദ അനിമല്‍ എന്ന വാട്‌സാപ്പ്‌ കൂട്ടായ്‌മയിലെ അംഗങ്ങളാണ്‌ മഞ്ചുവും കീര്‍ത്തി ദാസും.
അപകടത്തിലും മറ്റ്‌ ഉപദ്രവങ്ങളാലും പരിക്കേല്‍ക്കുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ മൃഗങ്ങളെ കണ്ടെത്തി പരിചരിക്കുകയും സംരക്ഷിക്കുകയുമാണ്‌ ഇവര്‍ പ്രധാനമായും ചെയ്യുന്നത്‌. ഇവരുടെ സേവനങ്ങള്‍ക്ക്‌ വിവധ തലങ്ങളില്‍ നിന്ന്‌ അംഗീകാരവും ലഭിച്ചിട്ടുണ്ട്‌ ഇരുവര്‍ക്കും.

Leave a Reply