വ്യാജ മുദ്രപ്പത്രം നിര്‍മിച്ച്‌ വില്‍പ്പന; 2 പേര്‍ അറസ്‌റ്റില്‍

0


കുമളി: തമിഴ്‌നാട്‌ കേന്ദ്രീകരിച്ച്‌ വ്യാജ മുദ്രപ്പത്രം നിര്‍മിച്ച്‌ കേരളത്തില്‍ വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടു മലയാളികള്‍ തമിഴ്‌നാട്‌ പോലീസിന്റെ പിടിയില്‍. മുണ്ടിയെരുമ പാറത്തോട്‌പറമ്പില്‍ മുഹമ്മദ്‌ ഷിയാദ്‌ (41), നെടുങ്കണ്ടം കോമ്പയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ്‌ (36) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍നിന്ന്‌ അയ്യായിരം രൂപയുടെയും ആയിരം രൂപയുടെയും നൂറു രൂപയുടെയും മുദ്രപത്രങ്ങളും അഞ്ഞുറു രൂപയുടെ ഒരുവശം മാത്രം പ്രിന്റ്‌ചെയ്‌ത നോട്ടുകളും പിടികൂടി.
മുഹമ്മദ്‌ ഷിയാദും ബിബിന്‍ തോമസും കമ്പത്ത്‌ വീട്‌ വാടകയ്‌ക്കെടുത്ത്‌ താമസിച്ചുവരികയായിരുന്നു. പോലിസ്‌ ഇവരെ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇന്നലെ ഉച്ചക്കുശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന താര്‍ ജീപ്‌ കമ്പംമെട്ടിന്‌ സമീപംവച്ച്‌ പോലിസ്‌ പരിശോധിച്ചു. ആധാരം എഴുത്തുകാരാണെന്നാണ്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞത്‌.
കുടുതല്‍ പരിശോധന നടത്തിയപ്പോഴാണ്‌ മുദ്ര പത്രങ്ങള്‍ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും മുദ്ര പത്രങ്ങളും, സ്‌കാനര്‍, സെറാക്‌സ് മിഷ്യന്‍ എന്നിവയും കണ്ടെത്തി. കമ്പം ഇന്‍സ്‌പക്‌ടര്‍ ശരവണന്റ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here