തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്ആർടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് ജീവനക്കാർക്ക് വിതരണം ചെയ്തത്. സർക്കാർ സഹായമായി കിട്ടിയ 30 കോടിയിൽ നിന്നാണ് ശമ്പളം നൽകിയത്. എതിർപ്പുള്ള സിഐടിയുവിനെ ഗതാഗതമന്ത്രി നാളെ ചർച്ചയ്ക്ക് വിളിച്ചു
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്നായിരുന്നു കെഎസ്ആർടിസി മാനേജ്‌മെന്റിന് ഹൈക്കോടതി നൽകിയ അന്ത്യശാസനം. ശമ്പളം നൽകാനുള്ള മാർഗം ഇന്നലെ രാത്രിയും കെഎസ്ആർടിസിക്ക് മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സർക്കാർ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ധവവകുപ്പിൽ നിന്ന് കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയത്.
ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തിലെ പാതി ശമ്പളം നൽകിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സർക്കാർ സഹായമായി 100 കോടിയാണ് കെഎസ്ആർടിസിക്ക് സർക്കാർ നൽകാനുണ്ടായിരുന്നത്. ജനുവരി മാസത്തിൽ കിട്ടാനുണ്ടായിരുന്ന 50 കോടിയിൽ നിന്ന് 30 കോടിയാണ് ഇന്നലെ രാത്രി അനുവദിച്ചത്. ബാക്കി ശമ്പളം എപ്പോൾ നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാർക്ക് മാനേജ്‌മെന്റ് നൽകിയിട്ടില്ല.
സർക്കാർ സഹായമില്ലാതെ തനത് ഫണ്ടിൽ നിന്ന് മാത്രം പണം കണ്ടെത്താനികില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. ശമ്പളം ഗഡുക്കളായി നൽകുന്നതടക്കം മാനേജ്‌മെന്റിന്റെ പുതിയ പരിഷ്‌കാരണങ്ങളെ ശക്തമായി എതിർക്കുകയാണ് സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ. ചീഫ് ഓഫീസ് ഉപരോധം അടക്കം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗതാഗതമന്ത്രി ആന്റണി രാജു സിഐടിയു നേതാക്കളെ നാളെ രാവിലെ 11.30ന് ചർച്ചയ്ക്ക് വിളിച്ചത്.