ട്രിബ്യൂണല്‍ ഉത്തരവിനെതിരേ കൊച്ചി നഗരസഭ സുപ്രീം കോടതിയിലേക്ക്‌

0


കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസില്‍ നൂറുകോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി നഗരസഭ. ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണു നീക്കം.
നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാകും അന്തിമ തീരുമാനം. പിഴ ചുമത്തിയത്‌ പ്രിന്‍സിപ്പല്‍ ബഞ്ചായതിനാല്‍ സുപ്രീം കോടതിയിലേ അപ്പീല്‍ നല്‍കാനാവൂ. അതു മറികടന്നു ഹൈക്കോടതിയെ സമീപിച്ചാല്‍ സ്‌റ്റേ നേടാനാകുമോ എന്നും ആശങ്കയുണ്ട്‌. വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോര്‍പറേഷന്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപെടുത്തിയിരുന്നു.
കോര്‍പറേഷന്റെയോ സര്‍ക്കാരിന്റെയോ ഭാഗം കേള്‍ക്കാതെയും നഷ്‌ടപരിഹാരം കണക്കാക്കാതെയുമാണു ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയെന്നാണു കോര്‍പറേഷന്‍ വാദം. 2012 മുതല്‍ ബ്രഹ്‌മപുരം പ്ലാന്റില്‍ ഉണ്ടായ പിഴവുകളാണു ഹരിത ട്രിബ്യൂണലിനെ പ്രകോപിപ്പിച്ചതെന്നും കോര്‍പറേഷന്‍ പറയുന്നു. 2019ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംഘം പ്ലാന്റ്‌ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്നു രണ്ടുകോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ കെട്ടി വച്ച ശേഷം കോര്‍പറേഷന്‍ അപ്പീല്‍ നല്‍കി സ്‌റ്റേ നേടി.
2021 ജനുവരിയില്‍ 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തിയപ്പോഴും ഹൈക്കോടതിയെ സമീപിച്ചു സ്‌റ്റേ വാങ്ങിയിരുന്നു. അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ അമ്പതു ശതമാനം കെട്ടി വെക്കേണ്ടിവരും. ഇത്‌ അമ്പതു കോടി രൂപ വരും. അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ മാത്രമേ കോര്‍പറേഷന്‍ അപ്പീല്‍ നല്‍കാനാകൂ

Leave a Reply