കൊച്ചി 11 ദിവസം ശ്വസിച്ചത്‌ വര്‍ഷം 80 ലക്ഷം പേര്‍ക്ക്‌ താങ്ങാവുന്ന ഡയോക്‌സിന്‍!

0


കൊച്ചി : പ്രതിവര്‍ഷം 80 ലക്ഷം ആളുകള്‍ക്കു താങ്ങാവുന്ന അളവിലുള്ള ഡയോക്‌സിന്‍ (പ്ലാസ്‌റ്റിക്‌ കത്തുമ്പോള്‍ വമിക്കുന്ന വിഷലിപ്‌ത രാസസംയുക്‌തം) കൊച്ചിക്കാര്‍ 10 ദിവസംകൊണ്ടു ശ്വസിച്ചെന്നു മലിനീകരണനിയന്ത്രണരംഗത്തെ വിദഗ്‌ധര്‍. ബ്രഹ്‌മപുരത്തു 10 ദിവസം പ്ലാസ്‌റ്റിക്‌ കത്തിയപ്പോള്‍ വമിച്ചത്‌ 500 മില്ലിഗ്രാം ഡയോക്‌സിനാണ്‌.
ലോകാരോഗ്യസംഘടനയും ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും നിഷ്‌കര്‍ഷിച്ചിരിക്കുന്നതനുസരിച്ച്‌, പരമാവധി സഹിക്കാവുന്ന പ്രതിമാസ ഡയോക്‌സിന്റെ അളവ്‌ 70 പികോഗ്രാം/ കിലോഗ്രാം ബോഡിമാസാണ്‌. ഇത്‌ ഉദ്ദേശം 65 കിലോഗ്രാം ഭാരമുള്ള മനുഷ്യനു താങ്ങാവുന്ന അളവാണ്‌. അതായത്‌, പ്രതിവര്‍ഷം ഏകദേശം 54.6 നാനോഗ്രാം. 0.001 നാനോഗ്രാമാണ്‌ ഒരു പികോഗ്രാം. ഈ സ്‌ഥാനത്താണ്‌ കൊച്ചിയില്‍ 10 ദിവസംകൊണ്ട്‌ 500 മില്ലിഗ്രാം ഡയോക്‌സിന്‍ വമിച്ചത്‌.
ബ്രഹ്‌മപുരത്തു 2019-ല്‍ നടത്തിയ പഠനപ്രകാരം, ആറ്‌ ഏക്കറോളം സ്‌ഥലത്തു മൂന്നുദിവസം തീപിടിച്ചപ്പോള്‍ 72 മില്ലിഗ്രാം ഡയോക്‌സിനാണ്‌ അന്തരീക്ഷത്തില്‍ വ്യാപിച്ചത്‌. അതായത്‌, 13 ലക്ഷം പേരെ പ്രതിവര്‍ഷം ബാധിക്കാവുന്നത്ര. ഇപ്പോള്‍ 30 ഏക്കറില്‍ 11 ദിവസമായി തീ അണഞ്ഞിട്ടില്ലെന്നിരിക്കേ, ഉത്‌പാദിപ്പിക്കപ്പെട്ട ഡയോക്‌സിന്റെ അളവ്‌ പതിന്മടങ്ങാണെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാറ്റിലും വെള്ളത്തിലും മാരകം

കാറ്റിലൂടെയും വെള്ളത്തിലൂടെയും ഡയോക്‌സിന്‍ ഹാനികരമായി മാറും. അന്തരീക്ഷത്തില്‍ കലര്‍ന്ന ഡയോക്‌സിനെ നിയന്ത്രിക്കാനുമാവില്ല. ഡയോക്‌സിനുകള്‍ കലര്‍ന്ന അന്തരീക്ഷത്തില്‍ വസിക്കുന്നവര്‍ക്ക്‌ അര്‍ബുദസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഉദ്ധാരണക്കുറവ്‌, പുരുഷ ഹോര്‍മോണുകളുടെ കുറവ്‌, ഭ്രൂണം വഹിക്കാന്‍ ഗര്‍ഭപാത്രത്തിനു ശേഷിക്കുറവ്‌, ക്രമരഹിത ആര്‍ത്തവം, മുലപ്പാലിന്റെ കുറവ്‌, സ്‌തനം/അണ്ഡാശയ അര്‍ബുദം, വന്ധ്യത എന്നിവയ്‌ക്കും ഡയോക്‌സിനുകള്‍ കാരണമാകും. ആസ്‌ത്‌മ ഇല്ലാത്ത കുട്ടികള്‍ക്കും ബ്രോങ്കൈറ്റിസ്‌ സാധ്യതയേറും.

അമേരിക്കയുടെ ഭസ്‌മാസുരന്‍!

വിയറ്റ്‌നാം യുദ്ധത്തില്‍ ഒളിപ്പോരാളികളെ കണ്ടെത്താന്‍ വനത്തില്‍ യു.എസ്‌. സേന ഡയോക്‌സിന്‍ തളിച്ചിരുന്നു. അതിന്റെ പ്രത്യാഘാതം ഇന്നും വിയറ്റ്‌നാം ജനത നേരിടുന്നു. യു.എസ്‌. സൈനികരുടെ മേലും ഡയോക്‌സിന്‍ പതിച്ചതിന്റെ ദൂഷ്യം അവര്‍ക്കു വൈകല്യമുള്ള കുട്ടികള്‍ ജനിച്ചപ്പോഴാണു തിരിച്ചറിഞ്ഞത്‌. ബ്രഹ്‌മപുരം വിഷപ്പുകയുടെ ദുരന്തഫലം വ്യക്‌തമാകാന്‍ 8-10 വര്‍ഷമെടുക്കുമെന്നാണ്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്‌്.

Leave a Reply