സ്റ്റുഡന്റ്സ് റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ടിടാൻ പ്രത്യേക നിയമം കൊണ്ടുവരാൻ കേരള സർക്കാർ; പഠന റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു; വിദേശത്ത് എത്തിയ ശേഷം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളും നിരവധി

0


ഇനി തോന്നിയത് പോലെ ആർക്കും വിദേശത്തേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ഏജന്റുമാർക്ക് ആവില്ല; സ്റ്റുഡന്റ്സ് റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ടിടാൻ പ്രത്യേക നിയമം കൊണ്ടുവരാൻ കേരള സർക്കാർ; പഠന റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു; വിദേശത്ത് എത്തിയ ശേഷം നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളും നിരവധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാനഡയിൽ പഠനത്തിനെത്തിയ 700 ഓളം വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിലാണെന്ന റിപ്പോർട്ട് വന്നത് ഏതാനും നാളുകൾക്ക് മുൻപ് മാത്രമാണ്. അധികവും പഞ്ചാബിൽ നിന്നുള്ള ഈ വിദ്യാർത്ഥികൾ ജലന്തർ ആസ്ഥാനമായ ഒരു റിക്രൂട്ടിങ് ഏജൻസി വഴിയായിരുന്നു കാനഡയിൽ എത്തിയത്. ഇവർക്ക് നൽകിയ അഡ്‌മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇവരെ നാടുകടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കനേഡിയൻ ബോർഡർ സെക്യുരിറ്റി ഏജൻസി ഇവർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹംബർ കോളേജിൽ പ്രവേശനം ലഭിച്ചു എന്ന് വിശ്വസിപ്പിച്ചായിരുന്നു 2018 നും 2022 നും ഇടയിൽ ഇവരെ കാനഡയിൽ എത്തിച്ചത്. 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിസയുമായി ബന്ധപ്പെട്ട ചെലവുകൾക്കും ഹംബർ കോളേജിലെ ഫീസിനുമായി ഇവരിൽ നിന്നും ഏജന്റ് വാങ്ങിയിരുന്നു. അതുകൂടാതെ ലക്ഷങ്ങൽ വിമാനടിക്കറ്റിനും, സെക്യുരിറ്റി ഡെപ്പോസിറ്റിനും മറ്റ് ചെലവുകൾക്കുമായി ഇവർ മുടക്കി.

ഇവർ കാനഡയിൽ എത്തിയതിനു ശേഷമാണ് ഇവർക്കായി നീക്കി വച്ച ഹംബർ കോളേജിലെ സീറ്റിൽ വേറെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു എന്നും സീറ്റുകൾ ഒഴിവില്ല എന്നും ഏജന്റ് ഇവരെ അറിയിൂക്കുന്നത്. ഒന്നുകിൽ അടുത്ത വിദ്യാഭ്യാസ വർഷം വരെ കാത്തു നിൽക്കുക, അല്ലെങ്കിൽ മറ്റ് കോഴ്സുകൾക്ക് ചേരുക എന്നീ രണ്ട് വഴികളും അയാൾ ഇവർക്ക് നൽകി. ഹംബർ കോളേജിൽ അടക്കാനായി ഇവരിൽ നിന്നും വാങ്ങിയ ഫീസ് ഇവർക്ക് തിരികെ നൽകുകയും ചെയ്തു.

അത്രയധികം പ്രശസ്തമല്ലാത്ത ചില കോളേജുകളിൽ ചേർന്ന് ഇവർ പഠനം തുടർന്നു.കോഴ്സുകൾ കഴിഞ്ഞ മുറക്ക് ഇവർക്ക് വർക്ക് പെർമിറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ, വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പരിശോധനയിൽ ആയിരുന്നു ബോർഡർ സെക്യുരിറ്റി ഫോഴ്സ് ഇവർക്ക് സ്റ്റുഡന്റ് വിസ ലഭിക്കാൻ ഇടയായ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇവരോട് നാടുവിടാൻ ഉത്തരവിടുകയായിരുന്നു.

ഇവിടെ ബ്രിജേഷ മിശ്ര എന്ന ഏജന്റ് അതീവ കൗശലം കാണിച്ചു. അപേക്ഷകളിൽ എവിടെയും തന്റെ പേര് പരാമർശിക്കാതെ വിദ്യാർത്ഥികളെ കൊണ്ടു തന്നെ നേരിട്ട് ഒപ്പ് വയ്‌പ്പിക്കുകയായിരുന്നു. അതിനാൽ തന്നെ ചതിക്കപ്പെട്ടതാണ് എന്നത് തെളിയിക്കാൻ ഇവർക്ക് കഴിയുന്നില്ല. ഏജന്റ് ഓഫീസും പൂട്ടി മുങ്ങുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇത്തരത്തിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ വ്യാജ വിവരങ്ങൾ നൽകി ഗുണമേന്മയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ വിദ്യാർത്ഥികളെ എത്തിക്കുന്ന ഏജന്റുമാരുടെ കഥ ഇതിനോടകം തന്നെ നമ്മൾ ധാരാളം കേട്ടു കഴിഞ്ഞിരിക്കുന്നു. ഏതായാലും ഏജന്റുമാരുടെ ഈ തട്ടിപ്പിന് തടയിടാൻ ഒരുങ്ങുകയാണ് കേരള സർക്കാർ ഇപ്പോൾ.

സംസ്ഥാനത്തെ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. ഗുണമേന്മയില്ലാത്ത വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ കൊണ്ടു പോകുന്നതായും, അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ചൂചണം ചെയ്യുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.

പലരും ഏജന്റുമാരുടെ തട്ടിപ്പിന് വിധേയരായിട്ടാണ് ഇത്തരം സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നത്. ഇത്തരത്തിലെ കൺസൾട്ടൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള വിവിധ നടപടികൾ തീരുമാനിക്കാൻ സർക്കാർ ഒരു മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതായും മന്ത്രി സഭയെ അറിയിച്ചു

Leave a Reply