ബിഷപ്പ് പാംബ്ലാനി കേരള ക്രൈസ്തവ സമൂഹത്തിന് അപമാനമെന്ന് ജോയിന്റ ക്രിസ്ത്യന്‍ കൗണ്‍സില്‍
കെ സി ബി സിയും ഇതര ക്രൈസ്തവ മതമേലധ്യക്ഷരും നിലപാട് വ്യക്തമാക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു

0


കൊച്ചി: റബറിന്റെ വിലയുയര്‍ത്താനായിപ്പോലും വോട്ടുകച്ചവടമുറപ്പിക്കു വാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ആവര്‍ത്തിച്ചുനടത്തിയ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഭരണഘടനെയുംപോലും വെല്ലുവിളിക്കുന്ന നിലപാടാണെന്നും ഇക്കാര്യത്തില്‍ കെ സി ബി സിയും ഇതര ക്രൈസ്തവ മതമേലധ്യക്ഷരും നിലപാട് വ്യക്തമാക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും കത്തോലിക്ക സമൂഹത്തിനും വിലയിട്ട്, ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവന ഒരു നാവുപിഴയായി കണക്കാക്കി പല പ്രസ്ഥാനങ്ങളും തിരുത്തല്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രസ്താവന ആവര്‍ത്തിച്ച ബിഷപ്പ് പാംബ്ലാനി ക്രൈസ്തവ സമൂഹത്തിന് ഒന്നടങ്കം അപമാനമായിരിക്കുകയാണ്. ഇന്ന് ഒരു കാര്‍ഷിക ഉല്‍പ്പന്നത്തിന്റെ വിലവര്‍ദ്ധിപ്പിക്കുവാനായി വര്‍ഗ്ഗശത്രുക്കളുമായി വോട്ടുകച്ചവടം നടത്താന്‍ തയ്യാറായ ഇദ്ദേഹം നാളെകളില്‍ കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ക്കായി വിശ്വാസ സത്യത്തെപ്പോലും തള്ളിപ്പറയാന്‍ മടികാണിക്കില്ലെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

രാജ്യമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയും ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുന്നതൊക്കെ മറന്ന് ഇത്തരം നിലപാടുകളുമായി വരുന്ന ഇത്തരക്കാരെ നിലയ്ക്കു നിറുത്താന്‍ സഭാനേതൃത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇദ്ദേഹത്തെ തെരുവില്‍ തടയേണ്ടിവരുമെന്നും പാംബ്ലാനിയെ തിരുത്താന്‍ സഭാനേതൃത്വം തയ്യാറായില്ലെങ്കില്‍ കൊച്ചിയിലെ കത്തോലിക്കാ മെത്രാന്‍സമിതി കാര്യാലയം ഉപരോധിക്കുമെന്നും കേന്ദ്രസമിതി മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ച കേന്ദ്രസമിതി യോഗത്തില്‍ ജന. സെക്രട്ടറി ജോസഫ് വെളിവില്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍, ആന്റൊ കൊക്കാട്ട് വിംഗ് കമാന്റര്‍ എന്‍ ജെ മാത്യു, ലോനപ്പന്‍ കോനുപറമ്പന്‍, അഡ്വ. ഹൊര്‍മിസ് തരകന്‍, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ്, ജോസ് മേനാച്ചേരി, ജോര്‍ജ്ജ് കട്ടിക്കാരന്‍, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട്, ജോസഫ് സയണ്‍, പി ജെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here