പരുക്കിൽ നിന്നും മുക്തമാകാത്ത ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

0

പരുക്കിൽ നിന്നും മുക്തമാകാത്ത ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ബുമ്രയ്ക്ക് ആറു മാസത്തോളമെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചാലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ താരം കളിക്കില്ലെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ബുമ്രയ്ക്ക് കളിക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങളും താരം കളിക്കാനുള്ള സാധ്യത കുറവാണെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.

പരിക്ക് ഭേദമാകാത്തതിനാൽ ബുമ്രയോട് ശസ്ത്രക്രിയക്ക് വിധേയനാവാൻ ബിസിസിഐ ആവശ്യപ്പെട്ടതായാണ് ഇൻസൈഡ് സ്‌പോർടിന്റെ റിപ്പോർട്ട്. ബുമ്രയുടെ ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ബിസിസിഐയുടെ മെഡിക്കൽ സംഘം ഈ തീരുമാനത്തിൽ എത്തിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. പുറംവേദന കാരണം ഏഴ് മാസം ഇതിനകം ബുമ്രക്ക് നഷ്ടമായിക്കഴിഞ്ഞു.

‘ജസ്പ്രീത് ബുമ്രയുടെ ആരോഗ്യം നല്ല അവസ്ഥയിലല്ല. പുരോഗതിയില്ല. പരിക്കിന് ശസ്ത്രക്രിയ നടത്താൻ നിർദേശങ്ങളുണ്ട്. ശസ്ത്രക്രിയ വേണ്ടിവന്നാൽ നാലഞ്ച് മാസം വേണ്ടിവരും പൂർണ ആരോഗ്യവാനാകാൻ. ബുമ്ര അതിന് തയ്യാറല്ല. എന്നാൽ പരിക്ക് മാറാത്ത സാഹചര്യത്തിൽ ശസ്ത്രക്രിയ തെരഞ്ഞെടുക്കാനാണ് മെഡിക്കൽ സംഘം നൽകിയിരിക്കുന്ന ഉപദേശം. ഇങ്ങനെ ചെയ്താൽ ഏകദിന ലോകകപ്പ് ആകുമ്പോഴേക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ബുമ്രക്കായേക്കും. ശസ്ത്രക്രിയയുടെ കാര്യത്തിൽ വേഗം തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്, കാരണം ആരോഗ്യം മെച്ചപ്പെടേണ്ടതിന് പകരം മോശമാവുകയാണ്’ എന്നും ബിസിസിഐ വൃത്തങ്ങൾ ഇൻഡൈസ് സ്‌പോർടിനോട് പറഞ്ഞു.

”ബുമ്രയ്ക്ക് ഐപിഎൽ നഷ്ടമാകും. തിരിച്ചുവരവിന് കുറഞ്ഞത് ആറു മാസമെങ്കിലും സമയമെടുക്കും. ഏകദിന ലോകകപ്പാണ് ബുമ്ര ലക്ഷ്യമിടുന്നത്. പക്ഷേ അക്കാര്യത്തിലും ഉറപ്പു പറയാനാകില്ല.” ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.

2022 മുതൽ അഞ്ച് വീതം ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ജസപ്രീത് ബുമ്ര ഇന്ത്യയ്ക്കായി കളിച്ചത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം 14 മത്സരങ്ങളും താരം കളിച്ചു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിലും ബുമ്രയ്ക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പ്രധാന ബോളറായ ബുമ്ര കളിക്കാതിരുന്നാൽ ടീം ഇന്ത്യയ്ക്കും വലിയ തിരിച്ചടിയാകും

Leave a Reply