മാങ്കുളം പുഴയിൽ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ച ദുരന്തത്തിന്റെ പേരിൽ അര നുറ്റാണ്ടോളം പഴക്കമുള്ള റോഡ് വനംവകുപ്പ് അടച്ചുപൂട്ടിയെന്ന് ആക്ഷേപം

0

മാങ്കുളം പുഴയിൽ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ച ദുരന്തത്തിന്റെ പേരിൽ അര നുറ്റാണ്ടോളം പഴക്കമുള്ള റോഡ് വനംവകുപ്പ് അടച്ചുപൂട്ടിയെന്ന് ആക്ഷേപം.

മാങ്കുളത്തിന് സമീപം ആനക്കുളം – വലിയപാറക്കുട്ടി – കുറത്തിക്കുടി റോഡാണ് ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് റോഡിൽ വലിയ ട്രഞ്ച് താഴ്‌ത്തി, ഗതാഗതം തടഞ്ഞിട്ടുള്ളത്. ഈ പാതവഴി വനംവകുപ്പിന്റെ അനുമതി വാങ്ങാതെ ട്രക്കിംഗിനായി വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്നും സ്ഥലപരിചയം ഇല്ലാത്തവർ പുഴയിൽ ഇറങ്ങുന്നതുമൂലം നിരവധി പേർ മരണപ്പെട്ടെന്നും ഇത് തടയുന്നതിനാണ് റോഡുവഴി ഗതാഗതം നിരോധിച്ചതെന്നുമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

കഴിഞ്ഞ ദിവസം 3 കുട്ടികൾ മരണപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയതിനെത്തുടർന്ന് കളക്ടർ നിർദ്ദേശിച്ചതനുസരിച്ചാണ് റോഡിൽ ഗതാതഗം നിരോധിച്ചിട്ടുള്ളതെന്ന് മാങ്കുളം ഡിഎഫ്ഒ വ്യക്തമാക്കി.
റോഡിൽ യാത്ര തടഞ്ഞുകൊണ്ട് വൻ ഗർത്തം തീർത്ത വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പല ഘട്ടങ്ങളിലായി ഇവിടെ ചെക്ക് പോസ്റ്റ് അടക്കം സ്ഥാപിച്ച് യാത്ര തടയുന്നതിന് വനം വകുപ്പ് ശ്രമം നടത്തിയിരുന്നു.

ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതിനിടയാണ് വ്യാഴാഴ്ച നടന്ന അപകടത്തിന്റെ ചുവടുപിടിച്ച് പൊടുന്നനെ ഉദ്യോഗസ്ഥ സംഘം വഴിക്ക് കുറുകെ വലിയ കുഴി നിർമ്മിച്ചത്. ജില്ലാ കലക്ടറെ അടക്കം തെറ്റിദ്ധരിപ്പിച്ച് ഇവിടുത്തെ ഉദ്യോഗസ്ഥർ ഇതുവഴിയുള്ള ഗതാഗതം തടയുന്നതിന് ചെക്ക് പോസ്റ്റ് നിർമ്മിക്കാൻ അനുമതി ആവശ്യപ്പെട്ടു എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

1978 കാലഘട്ടത്തിൽ ഈറ്റക്കാട്ടിൽ നിന്നും വിഭവങ്ങൾ ശേഖരിച്ച് വിൽപ്പനയ്ക്കായി എത്തിച്ചിരുന്ന കാലഘട്ടം മുതൽ ഈ റോഡ് ആണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. അതിനുമുൻപ് നടപ്പുവഴിയായിരുന്ന റോഡ് നാലര പതിറ്റാണ്ട് മുമ്പാണ് വാഹനം ഓടുന്ന വിധത്തിലേക്ക് മാറിയത്.പിന്നീട് ഈറ്റലോഡുമായി കുറത്തികുടിയിൽ നിന്നും ആവറൂട്ടിയിലേക്കും ഇന്നത്തെ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലത്തിന് സമീപം ആറാംമൈലിലേക്കും ലോറികളും മറ്റും എത്തിയിരുന്നതും ഇതുവഴിയാണ്.

മാങ്കുളം വഴിയുണ്ടായിരുന്ന മുൻപത്തെ രാജപാതയിലേക്ക് രണ്ട് കിലോമീറ്റർ മാത്രമാണ് ദൂരം ഉള്ളത്.മുങ്ങിമരണങ്ങളും അനുബന്ധ അപകടങ്ങളും ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെറുവരലനക്കാൻ തയ്യാറായിട്ടില്ല.

വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സുരക്ഷാ നടപടി സ്വീകരിക്കുന്നതിന് പകരം വനപാലകർ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി സ്വീകരിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply