നെയ്യപ്പം കാക്കകൾ കൊത്തി കൊണ്ടുപോയത് അയ്യപ്പന്റെ കുഴപ്പം കൊണ്ടാണോ?ചെറിയോരു തലയും വലിയ ബുദ്ധിയുള്ള ജീവി.. കാക്ക വെറുമൊരു കിളിയല്ല

0

നെയ്യപ്പം കാക്കകൾ കൊത്തി കൊണ്ട് പോവാതെ സൂക്ഷിക്കാൻ പറ്റാത്തത് അയ്യപ്പന്റെ കുഴപ്പവും അശ്രദ്ധയും കൊണ്ട് മാത്രമല്ല, കാക്കകൾ അത്രമേൽ സൂത്രശാലികളും സാമർത്ഥ്യക്കാരും ആയതു കൊണ്ടാണ്. തൊട്ടരികിൽ വരെ വന്നിരിക്കാൻ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നാട്ടിൽ ?

ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്ക(corvus macrorhynchos)യും പേനക്കാക്ക(Corvus splendens)യും.

പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മതചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.

മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്.

ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്‌.

അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്.

എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു.എപ്പോഴായായാലും കൂട്ടത്തിലെ ഒരു കാക്കയ്ക്ക് അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണോത്സുകരായെത്തും.

കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം. ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്.
കാക്കക്കൂടുകൾക്ക് നിയതമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല. കൂടുകെട്ടുന്ന സ്ഥലത്ത് സമൃദ്ധമായി കിട്ടുന്ന ചുള്ളികളോ കമ്പികളോ ഉപയോഗിച്ചാണ് ഇവ കൂടു നിർമ്മിക്കുന്നത്.

പരുക്കനായാണ് നിർമ്മിതിയെങ്കിലും മുട്ടയും കുഞ്ഞുങ്ങളും കിടക്കേണ്ട സ്ഥാനത്ത് നാരുകൾ, രോമം, കീറത്തുണി എന്നിവ ഉപയോഗിച്ച് ഒരു മെത്തയുണ്ടാക്കും.

കാക്കകൾ പ്രധാനമായും സന്താനോൽപാദനം നടത്തുന്നത് ഡിസംബർ മുതൽ ജൂൺ വരെയാണ്. എങ്കിലും പെരുമഴക്കാലമൊഴികെ മറ്റു സമയങ്ങളിലും ഇവ കൂടു നിർമ്മിക്കുന്നതു കാണാം.

നീലനിറത്തിലുള്ള മുട്ടകൾക്കു മുകളിൽ തവിട്ടു നിറത്തിലുള്ള വരയും കുറിയും കാണാം. കുയിലിന്റെ മുട്ടകളും ഇതിനു സമാനമായതിനാൽ കൂട്ടത്തിൽ കിടക്കുന്ന കുയിൽ മുട്ടകളെ കാക്കകൾക്ക് തിരിച്ചറിയാൻ കഴിയില്ല. ഈ സാധ്യത ഉപയോഗപ്പെടുത്തിയാണ് കുയിലുകൾ കാക്കയുടെ കൂട്ടിൽ മുട്ടയിടുന്നത്.

ദിവസവും കുളിക്കാറുള്ള പക്ഷികളാണ് കാക്കകൾ. ദിവസവും വൈകുന്നേരങ്ങളിൽ കൊക്കും ചിറകും ഉപയോഗിച്ച് വെള്ളം പലപ്രാവശ്യം തെറിപ്പിച്ചാണ് ഇവ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് കൊക്കുപയോഗിച്ച് തൂവലുകളും പൂടയും ചീകിയൊതുക്കുന്ന കാക്കകളുടെ പ്രത്യേകതയാണ്. പേനക്കാക്കകൾ കൂട്ടമായും ബലിക്കാക്കകൾ ഒറ്റക്കോ ഇണകളായോ ആണ് കുളിക്കാനെത്തുക. പേനക്കാക്കകൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് സമൂഹസ്നാനം നടത്താനെത്തുക. എന്നാൽ ബലിക്കാക്കകൾ ചെറിയ പാത്രങ്ങളിലിരിക്കുന്ന വെള്ളത്തിലും വെള്ളമിറ്റുവീഴുന്ന ടാപ്പുകൾക്കു കീഴിൽ നിന്നും കുളിക്കാറുണ്ട്.

കാക്കകൾ വളരെ കുറച്ചു മാത്രം ഉറങ്ങാറുള്ള പക്ഷികളാണ്. ആൽ, കൊന്ന, ബദാം തുടങ്ങിയ വലിയ മരങ്ങളാണ് ഇവ ചേക്കേറാൻ തിരഞ്ഞെടുക്കുക.

കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.

പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണ് കാക്ക. ഇവ എപ്പോഴും കണ്ണുകൾ ചുഴറ്റിക്കൊണ്ടിരിക്കുന്നതു കണ്ടാൽ കോങ്കണ്ണുള്ളതായി തോന്നും.
കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്.

തലയ്ക്ക് നല്ല മേട്ടം കൊടുത്ത് നായയെപ്പോലും ഓടിക്കും ഇവർ. കോർവസ് ജീനസിൽപ്പെട്ട ഈ പക്ഷി കുടുംബം മദ്ധ്യേഷ്യയിൽ പരിണമിച്ച് ഉണ്ടായി പിന്നീട് ലോകം മുഴുവൻ പരന്നു. മനുഷ്യർ കൂട്ടമായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ ഇവരിൽ ചില സ്പീഷിസുകൾ അവർക്കൊപ്പം കൂടി. ശരീര വലിപ്പവുമായി തട്ടിക്കുമ്പോൾ ഏറെ വലിയ തലച്ചോറാണിവർക്കുള്ളത്. ബുദ്ധി ശക്തിയിൽ ആൾക്കുരങ്ങുകളോട് മത്സരിക്കും.

പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- വീട്ടുകാക്ക (Corvus splendens )
പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടുകാക്ക (Corvus splendens ) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാൾ അൽപ്പം
വലിപ്പക്കൂടുതലുള്ള, മൊത്തം കടുംകറുപ്പ് നിറമുള്ള ബലിക്കാക്ക (Corvus macrorhynchos culminates) ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ് . എന്തും തിന്നും , അഴുകിയ ശവം മുതൽ പുൽച്ചാടി, മണ്ണിര, എലി, തവള, ഒച്ച് , മറ്റ് പക്ഷികളുടെ മുട്ട വരെ. ധാന്യങ്ങളും പഴങ്ങളും വിടില്ല. കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നു. കപ്പൽ സഞ്ചാരങ്ങൾ ആരംഭിച്ചതോടെ ഭൂഖണ്ഡങ്ങൾ കടന്ന് എല്ലയിടങ്ങളിലും കാക്ക സ്പീഷിസുകൾ എത്തി. ഏതും തിന്ന് അതിജീവിക്കാനുള്ള കഴിവും സാമർത്ഥ്യവും ശത്രുക്കളുടെ കുറവും കൊണ്ട് കാക്ക എത്തിയ സ്ഥലത്തൊക്കെ സാമ്രാജ്യം സ്ഥാപിച്ചു. ശല്യക്കാരായാണ് പൊതുവെ കാക്കകളെ കണക്കാക്കുന്നതെങ്കിലും മാലിന്യങ്ങൾ കൊത്തി തിന്ന് വൃത്തിയാക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനക്കാരാണ് . ആവശ്യം കഴിഞ്ഞുള്ള ഭക്ഷണം തന്ത്രപരമായി ഒളിവിടങ്ങളിൽ സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ട്. ദിവസവും കുളിച്ച് , തൂവലുകൾ കോതി വൃത്തിയാക്കി സുന്ദരരായി ജീവിക്കുമെങ്കിലും മനുഷ്യർക്കിടയിൽ രോഗ സംക്രമണത്തിന് കാക്കകൾ കാരണക്കാരാകുന്നുണ്ട്.

ബലിക്കാക്ക (Corvus macrorhynchos culminates)
പത്ത് ചതുരശ്ര കിലോമീറ്ററോളം വിസ്താരത്തിൽ ഇരതേടി സഞ്ചരിക്കുന്ന കാക്കക്കൂട്ടങ്ങളിൽ ഇരുന്നൂറ് മുതൽ ആയിരക്കണക്കിന് വരെ അംഗങ്ങൾ ഉണ്ടാവും. അംഗങ്ങളെല്ലാം വൈകുന്നേരമാകുമ്പോൾ ഉയർന്ന ഒരു മരത്തിലോ മരക്കൂട്ടത്തിലോ ചേക്കേറാനായി പറന്നെത്തും. ചേക്കേറും മുമ്പ് തൊട്ടടുത്തുള്ള മരങ്ങളിലോ മൈതാനത്തോ കൂട്ടമായി വന്നിരുന്ന് ഒരു കശപിശ സമ്മേളനം ഉണ്ടാവും. എല്ലാവരും ഒന്നിച്ച് പ്രസംഗിക്കും. പിന്നെ സ്വിച്ചിട്ടപോലെ സമ്മേളനം പിരിച്ച് വിടും. ചേക്കേറിയാലും കുറേ നേരം കൂടി കശപിശ ശബ്ദം കേൾക്കാം.. കൂടു കെട്ടുന്ന സമയത്ത് ഇവർ ഏകാന്ത പ്രണയിനികളാകും. കൂട്ടത്തിൽ നിന്ന് വിട്ട് തനിച്ചു കൂട് കെട്ടും. ഒരു മരത്തിൽ ഒന്നിലധികം കൂടുകൾ ചിലപ്പോൾ കാണും. പെൺകാക്കകൾ മൂന്നു വർഷം കൊണ്ടും ആൺ കാക്കകൾ അഞ്ച് വർഷം കൊണ്ടും പ്രായപൂർത്തിയാകും. മുൻ വർഷം വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളും കൂടു കെട്ടാനും കുഞ്ഞുങ്ങൾക്ക് തീറ്റകൊണ്ടു കൊടുക്കാനും മാതാപിതാക്കളെ സഹായിക്കും. സന്താനോത്പാദന കാലം ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലമാണ്. മൂന്നു മുതൽ ഒൻപത് മുട്ടകൾ വരെ ഇടും. ഇരുപത് വർഷം വരെയാണ് കാക്കയുടെ ആയുസ്സ്.

ചെറിയോരു തലയിലെ വലിയോരു ബുദ്ധി

ദാഹിച്ച് അലയുന്ന കാക്ക കൂജയുടെ അടിത്തട്ടിൽ ഇത്തിരി വെള്ളം കണ്ട്, ചരൽകല്ലുകൾ കൊത്തി അതിലിട്ട് ജലനിരപ്പുയർത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ കേൾക്കാത്ത ആരുമുണ്ടാവില്ല. പക്ഷെ ഇത് വെറും ഗുണപാഠ കഥ മാത്രമല്ലെന്ന് 2009 ൽ എത്തോളജിസ്റ്റായ നിക്കോള ക്ലൈടൺ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചു. കൂടാതെ കാക്കകൾ ഉൾപ്പെട്ട കോർവിഡ് കുടുംബത്തിലെ മറ്റ് പക്ഷികൾക്കും ഈ ബുദ്ധി ശക്തിയുണ്ടെന്നും കണ്ടു. കാക്ക വെറും കിളിയല്ല എന്ന അറിവ് പണ്ടേ മനുഷ്യർക്ക് ഉണ്ടായിരുന്നു. കാക്കയുടെ തല ചെരിച്ചുള്ള കള്ളനോട്ടം നമ്മെ അസ്വസ്ഥപ്പെടുത്തും. വളരെ സങ്കീർണ്ണമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള സ്കില്ലും ഓർമ്മ ശക്തിയും തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി ആർജ്ജിച്ചതാണ്. പല സംസ്കാരങ്ങളിലും കാക്ക പരേതാത്മാക്കളുമ്മായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകൾ മരിച്ച് പോയ കാരണവന്മാരുടെയും പിതൃക്കളുടെയും ആത്മാണെന്ന് വിശ്വസിച്ച് അവർക്ക് ചോറു നൽകുന്ന ചടങ്ങ് ഇപ്പോഴും ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ചിഹ്നമായി കഥകളികളിലും സിനിമകളിലും കാക്കകൾ വന്നുകൊണ്ടിരിക്കും. .

കാലഡോണിയൻ കാക്ക

ന്യൂ കാലഡോണിയയിൽ ഉള്ള കാക്കകൾ
തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ന്യൂ കാലഡോണിയയിൽ ഉള്ള കാക്കകൾ (Corvus moneduloides ) ആണ് പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും കൂടിയ ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്. മരംകൊത്തികൾ ഇല്ലാത്ത ആ ദ്വീപിൽ മരപ്പൊത്തുകളിലെയും വിള്ളലുകളിലെയും പ്രാണികളേയും പുഴുക്കളേയും ഈ കാക്കകളാണ് ഭക്ഷണമാക്കുന്നത്. ഇലകൾ അടർത്തി ചില്ലക്കമ്പുകൾ മുറിച്ച് കുത്തിയെടുക്കാനുള്ള ഉപകരണം ഉണ്ടാക്കും ഈ കാക്കകൾ. നീളൻ കമ്പുകൾ കടിച്ച്പിടിച്ച് അവ കൊണ്ട് കുത്തിയിളക്കി അതിൽ പിടിപ്പിച്ച് പ്രാണികളെ വലിച്ചെടുത്ത് ശാപ്പിടും. കൂടാതെ ചെറിയ കമ്പുകളെ ഒടിച്ചെടുത്ത് കൊക്കപോലെ ഉപകരണം ഉണ്ടാക്കി അതുപയോഗിച്ച് കൊളുത്തി ചിള്ളിയെടുക്കാനും ഇവർക്ക് സാധിക്കും. മനുഷ്യരെ കൂടാതെ ആൾക്കുരങ്ങുകളും ആനകളും മാത്രമാണ് ഇത്രയും വിദഗ്ദമായ ഉപകരണങ്ങൾ ഭാവന ചെയ്ത് ഉണ്ടാക്കാൻ കഴുവുള്ളവർ. പരിണാമ ഘട്ടങ്ങളിൽ ജീവികളിലെ ബുദ്ധി വികാസവും ഉപകരണങ്ങളുടെ കണ്ടെത്തലും നിരമ്മാണവും തമ്മിലുള്ള ബന്ധത്തെപറ്റി പഠിക്കാൻ ഈ കാക്കകളെയാണ് ശാസ്ത്രലോകം ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. വന്യതയിൽ അവർക്ക് പരിചിതമല്ലാത്ത ലോഹ കമ്പികൾ നൽകിയപ്പോൾ അവ വളച്ച് കൊക്കകളുണ്ടാക്കി ആഴമുള്ള പാത്രത്തിന്റെ അടിയിലുള്ള മാംസക്കഷണം കൊളുത്തിയെടുക്കുന്നതായി കണ്ടു.

ഒരു ഉപകരണം ഉപയോഗിച്ച് മറ്റൊന്നുണ്ടാക്കി അതുപയോഗിച്ച് തീറ്റ സമ്പാധിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ‘മെറ്റാ- ടൂൾ‘ രീതിയും ഇവ വിജയകരമായി ചെയ്യുന്ന പരീക്ഷണം കണ്ടാൽ നമ്മൾ അമ്പരന്നു പോകും.. ഇടുങ്ങിയ ഗ്ലാസ് പാളികൾക്കിടയിൽ മാംസക്കഷണം വെച്ചിട്ടുണ്ടാകും.. ഒരു കമ്പിക്കൂടിനുള്ളിൽ നീളമുള്ള ഒരു ചുള്ളിക്കമ്പും വേറൊരിടത്ത് കയറിൽ ഞാഴ്തിയ ചെറിയ കമ്പും സ്ഥാപിച്ചു. കാക്ക എല്ലാം ഒരുപ്രാവശ്യം നോക്കിയ ശേഷം ചെറിയ കമ്പ് അഴിച്ചെടുത്ത് അതുപയോഗിച്ച് വലിയകമ്പ് കൂടിൽ നിന്നും ചിള്ളിയെടുത്ത് , ആ നീളൻ കമ്പുകൊണ്ട് ഇറച്ചിക്കഷണം എടുത്ത് കഴിച്ചു. ചെറിയ കമ്പ് കൊണ്ട് ഇറച്ചിക്കഷണം കിട്ടില്ല എന്ന അറിവ് ട്രയൽ ആന്റ് ഏറർ രീതിയിലല്ലാതെ എത്രവേഗം കക്ക തീരുമാനിച്ചു എന്നത് ശരിക്കും അതുഭുതാവഹമാണ്. കൂടാതെ കൊത്തിപ്പൊട്ടിക്കാൻ വിഷമമുള്ള വാൽനട്ട് പോലുള്ളവ ടാർ റോഡിലേക്ക് കൃത്യമായ ഉയരത്തിൽ നിന്ന് ഇട്ട് പൊട്ടിച്ച് (അധികം ഉയരത്തിൽ നിന്ന് ഇട്ടാൽ എല്ലാം ചിതറിപ്പോകും എന്നവർക്ക് അറിയാം ) കൊത്തി തിന്നാൻ അവർക്കറിയാം. ട്രാഫിക്ക് ജംഗ്ഷണുകളിൽ കൃത്യമായി റെഡ് സിഗ്നൽ വരുന്നതിനനുസരിച്ച് റോഡിൽ കുരുക്കൾ ഇട്ട് വാഹനങ്ങൾ കയറി ഇറങ്ങുന്നത് വഴി പൊട്ടിച്ച് കഴിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് വരെ അക്കം ഓർമ്മിക്കാനും എണ്ണാനും ഇവർക്ക് കഴിയും.

കാക്കനോട്ടം

കാക്കയുടെ ചെരിഞ്ഞ് നോട്ടം വളരെ പ്രശസ്തമാണ്. കാക്കയ്ക്ക് ഒരു കണ്ണ് കണ്ടു കൂട , അതുകൊണ്ടാണ് ഇവ അങ്ങിനെ നോക്കുന്നത് എന്നാണ് വിശ്വാസം. ശ്രീരാമൻ ചിത്രകൂടത്തിൽ സീതാദേവിയുടെ മടിയിൽ തലവെച്ച് ഉറങ്ങുമ്പോൾ ഇന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ രൂപത്തിൽ വന്ന് സീതയെ കൊത്തി മുറിവേൽപ്പിച്ചത്രെ !. ഉറക്കം കഴിഞ്ഞുണർന്ന ശ്രീരാമൻ ചോരയൊലിച്ചു നിൽക്കുന്ന സീതയെ കണ്ടു കാര്യം മനസിലാക്കി. തൊട്ടടുത്തൂള്ള പുല്ലു പറിച്ച് കാക്കയുടെ നേരെ എറിഞ്ഞപ്പോൾ കണ്ണിൽ തറച്ച് ഒരുഭാഗത്തെ കാഴ്ചപോയെന്നാണ് കെട്ടുകഥ. “വല്ലഭന് പുല്ലും ആയുധം“ എന്ന ഭാഷാപ്രയോഗം നിലവിൽ വന്നത് ഈ കഥയിൽ നിന്നാണ്. വളരെ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിസരം നിരീക്ഷിക്കുന്ന ശീലക്കാരാണ് കാക്കകൾ. കാഴ്ചകളെയും വ്യക്തികളെയും ഓർത്തു വെക്കുന്നതിൽ കാക്കകൾ അസാമാന്യ കഴിവുള്ളവരാണ്. ആളുകളൂടെ മുഖം ഇവ എങ്ങനെ ഇത്ര കൃത്യമായി ഓർത്തു വെക്കുന്നു എന്ന കാര്യത്തെക്കുറിച്ച് അറിയാൻ കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിലാർക്കെങ്കിലും ദുരനുഭവം ഉണ്ടായാൽ സംഘാംഗങ്ങളൊക്കെയും കൂടിച്ചേർന്ന് അനുതാപവും ആശങ്കയും ദേഷ്യവും പ്രകടിപ്പിക്കും. ആയുസ് കാലമത്രയും ആ അനുഭവവും സ്ഥലവും അവ ഓർത്തു വെക്കും 250 വ്യത്യസ്ഥ തരം കരച്ചിൽ ശംബദങ്ങളിലൂടെ ആശയ കൈമാറ്റം ഇവ വളരെ സ്പഷ്ടമായി നടത്തുന്നുണ്ട്. കൂട്ടത്തിലെ മറ്റ് അംഗങ്ങളോട്ട് ഉയർന്ന ഒച്ചയിലും കുടുംബാംഗങ്ങളോട് താഴ്ന്ന ശബദത്തിലും ഇവ കാകാ ശബ്ദത്തിന്റെ വ്യത്യസ്ഥ സാദ്ധ്യതകൾ ഉപയോഗിക്കും. . അതിന്റെ കുഞ്ഞുങ്ങളെ അപായപ്പെടുത്തിയ ആളുകളെ എത്ര വലിയ ജനക്കൂട്ടത്തിനിടയിൽ നിന്നും മുഖം കണ്ട് തിരിച്ചറിയാനും ആക്രമിക്കാനും ഇവയ്ക്ക് കഴിയും.

കാക്കേ കാക്കേ കൂടെവിടെ?

മഹാകവി ഉള്ളൂർ എഴുതി പ്രശസ്തമാക്കിയ ‘കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ‘ എന്ന ചോദ്യപ്പാട്ട് നമ്മളെല്ലാവരും ചെറുപ്പത്തിൽ പാടിപ്പഠിച്ചിട്ടുണ്ട്..ഇവർ മരക്കൊമ്പുകളിൽ പലതരം വസ്തുക്കൾ കൊണ്ട് കൂടു കെട്ടും. ലഭ്യമായ എന്തും എന്നുവേണമെങ്കിൽ പറയാം . ഇലക്ട്രിക്ക് വയറുകൾ ,നാരുകൾ,ചുള്ളിക്കൊമ്പുകൾ, എന്നിവയൊക്കെ ഉപയോഗിക്കും. ചാരനിറമുള്ള പുള്ളികളോടു കൂടിയ നീല നിറമുള്ള മനോഹര മുട്ടകളിണിവയുടേത് കൂടുണ്ടാക്കാൻ മടിച്ചിയായ കുയിൽ തക്കം നോക്കി കാക്ക കൂട്ടിൽ മുട്ടയിടും. ഒന്നുമറിയാതെ കാക്ക ആ മുട്ടയ്ക്ക് മേലെയും അടയിരുന്ന് വിരിയിക്കും . വിരിഞ്ഞിറങ്ങുന്ന കാക്കക്കുഞ്ഞുങ്ങൾക്ക് പറക്കമുറ്റിയാലും മാസങ്ങളോളം സ്നേഹവും കരുതലും പരിലാളനവും കാക്ക കുടുംബം നൽകും.

കാകതാലീയ ന്യായം

ചക്ക വീണ് മുയൽ ചത്തത് പോലെ യാദൃശ്ചികമായുണ്ടായ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കാര്യകാരണങ്ങളായി പറയുന്ന സൂത്ര ന്യായമാണിത്. പനങ്കീഴിൽ കാക്ക പാറിവന്നിരുന്നതും പനങ്കാക്ക (താലീയം) വീണതും ഒപ്പം സംഭവിച്ചതിനെ തമ്മിൽ പരസ്പരം ഘടിപ്പിച്ച് പറയുന്ന ഒരു ന്യായമാണിത്.
ഇതുപോലെ തന്നെ ‘കാകദന്തഗവേഷണ ന്യായം ‘ കൂടിയുണ്ട്. കാക്കക്ക് പല്ലില്ലാത്തതിനാൽ ഇല്ലാത്ത ഒരു സാധനത്തെയോ ,അസാദ്ധ്യമായ കാര്യത്തെയോ വൃഥാവിൽ അന്വേഷിക്കുന്ന പരിപാടിയെയാണ് ഇങ്ങനെ പറയുക

Leave a Reply