തൃശ്ശൂരിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു

0

തൃശ്ശൂരിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു. തിരുവാണിക്കാവിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ ചേർപ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹറിന്റെ മരണം. ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു സംഭവം. സഹറിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട ആറു പേരും ഇപ്പോഴും ഒളിവിലാണ്. സഹർ അവിവാഹിതനായിരുന്നു.

തൃശൂർ തൃപ്രയാർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹർ. അർധരാത്രി ഫോൺ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ, വനിതാ സുഹൃത്തിന്റെ വീട്ടിൽ അർധരാത്രി ചെന്നത് ചോദ്യംചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയായിരുന്നു. അതേസമയം, ഇവർ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു.

സഹറിനെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവർ മർദ്ദിച്ചവശനാക്കി. കടുത്ത മർദ്ദനത്തിൽ സഹറിന്റെ വൃക്കകൾ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞ മർദ്ദനദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്.

ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ ജൂബിലി മിഷൻ ആശുപ്രതിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനത്തിൽ സഹറിന്റെ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുടലുകളിൽ ക്ഷതമേറ്റിരുന്നു, പാൻക്രിയാസിൽ പൊട്ടലുണ്ടായിരുന്നു. സംഭവത്തിനുശേഷം വീട്ടിലെത്തിയ സഹാർ വേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് മാതാവും ബന്ധുക്കളും യുവാവിനെ ആശുപത്രിയിലെത്തിച്ചു.

അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പൊലീസെത്തി മൊഴിയെടുത്തെങ്കിലും സദാചാരഗുണ്ടാ ആക്രമണമാണെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നില്ല. ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരുസംഘം മർദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നടന്നത് സദാചാര ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവെച്ച് യുവാവിനെ ആറുപേർ ചേർന്ന് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽവിവരങ്ങൾ പുറത്തുവന്നത്.

രാത്രി 12 മുതൽ പുലർച്ചെ നാലുമണിവരെ യുവാവിനെ ആറംഗസംഘം ആയുധങ്ങളടക്കം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇതിനുപിന്നാലെ പ്രതികളിലൊരാളെ സഹാർ തിരിച്ചറിയുകയും ചെയ്തു. എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ആറുപ്രതികളും ഒളിവിൽപ്പോയിരുന്നു. ഇവരെ ഇതുവരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here