മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർത്ഥികൾ തിങ്ങി പാർക്കുന്ന വീട്ടിൽ ഇമിഗ്രേഷൻ റെയ്ഡ്; സ്റ്റുഡന്റ് വിസയിൽ എത്തിയവർ നിയമ ലംഘനം നടത്തുന്നതിനെതിരെ തുടർച്ചയായ പരിശോധനകൾ; ബ്രിട്ടനിൽ അധിക ജോലി ചെയ്യുന്നവരെല്ലാം വൻ പ്രതിസന്ധിയിൽ

0

ലണ്ടൻ: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട് ബ്രിട്ടനിൽ. നിയമം കർശനമാക്കുക മാത്രമല്ല, അത് നടപ്പിലാക്കാൻ കൂടി കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് അധികൃതർ.അതിന്റെ ഭാഗമായി വിദേശ വിദ്യാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ റെയ്ഡുകൾ നടന്നതായ വാർത്തകൾ പുറത്തു വന്നിരുന്നു. നേരത്തേ ലിവർപൂളിൽ മലയാളി വിദ്യാർത്ഥികൾ താമസിച്ചിരുന്ന സ്ഥലത്തും റെയ്ഡ് നടന്നതായി വാർത്തയുണ്ടായിരുന്നു.

ഇപ്പോഴിതാ, മാഞ്ചസ്റ്ററിൽ, മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്ത് ഗ്യാങ് മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യുസ് അഥോറിറ്റി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായ വാർത്തകൾ പുറത്തു വരുന്നു. യു കെ ഗവൺമെന്റ് ഏജൻസിയായ ഗ്യാങ് മാസ്റ്റേഴ്സ് ആൻഡ് ലേബർ അബ്യുസ് അഥോറൊറ്റി, നിസ്സഹായരായ തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്നും രക്ഷിക്കാനായി പ്രവർത്തിക്കുന്ന ഏജൻസിയാണ്.

ഇപ്പോൾ നടത്തിയ റെയ്ഡിനു പിറകിലെ ഉദ്ദേശം ഇതുവരെ വ്യക്തമല്ല.എന്നാൽ, വിവിധ സർക്കാർ ഏജൻസികൾ കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ പരിശോധനകൾ ആരംഭിച്ചിരിക്കുന്നതായി സാമൂഹ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില സംഘടനകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.,

സ്റ്റുഡന്റ് വിസയിൽ എത്തുന്നവർ, അനുവദനീയമായതിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് തികച്ചും കുടിയേറ്റ നിയമത്തിന് വിരുദ്ധമായ കാര്യമാണ്. എന്നാൽ, പല വിദ്യാർത്ഥികളും കൈയിൽ നേരിട്ട് പണം വാങ്ങി അധിക സമയം ജോലി ചെയ്യുന്നതായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. മറ്റെന്തെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ളാവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ എത്തുന്ന സർക്കാർ ഏജൻസികൾ ഒരുപക്ഷെ അവിടെയുള്ള കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളും ശേഖരിച്ചേക്കാം.

ഈ വിവരം വിവിധ സർക്കാർ ഏജൻസികൾക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതുവഴി ഇവർ ചെയ്യുന്ന കുറ്റകൃത്യം കണ്ടെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. മറ്റൊന്ന്, പഠനത്തിനായി യു കെയിൽ എത്തി, മാസങ്ങളോളം ക്ലാസ്സുകളിൽ പോകാതെ, ജോലിയിൽ മാത്രം ശ്രദ്ധിക്കുന്നവരും ഉണ്ട്. ഇതും കുടിയേറ്റ നിയമങ്ങൾ പ്രകാരം കുറ്റമാണ്.

മാസങ്ങളോളം ക്ലാസ്സുകളിൽ ഹാജരാകാത്തതിനാൽ ഒരുപക്ഷെ യൂണിവേഴ്സിറ്റി സ്പോൺസർഷിപ് റദ്ദാക്കാനും ഇടയുണ്ട്. സ്പോൺസർഷിപ്പ് റദ്ദാക്കിയ വിവരം സാധാരണയായി തപാലിൽ അറിയിക്കുമെങ്കിലും വിവിധ കാരണങ്ങളാൽ അത് വിദ്യാർത്ഥിക്ക് ലഭിച്ചില്ലെന്ന് വരാം. സ്പോൺസർഷിപ്പ് റദ്ദായതിനു ശേഷവും യു കെയിൽ തുടരുന്നത് കുറ്റം തന്നെയാണ്. അറിയാതെ ഇത്തരം കുരുക്കുകളിൽ ചില വിദേശ വിദ്യാർത്ഥികൾ ചെന്നു ചാടുന്നതായി അടുത്ത കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here