‘ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാൻ സുശാന്തിനോട് നേരത്തെ പറഞ്ഞിരുന്നു; ജീവിക്കാൻ താത്പര്യമില്ലെന്ന് സുശാന്ത് പറഞ്ഞിരുന്നതായി അമിത് എന്നോട് പറഞ്ഞു’; നിറകണ്ണുകളോടെ അഭിമുഖത്തിൽ സ്മൃതി ഇറാനി

0


ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അന്തരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും അദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. 2020ൽ ആണ് സുശാന്തിനെ മുംബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. സുശാന്തിന്റെ മരണം അവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സുശാന്തിന്റെ കുടുംബത്തിന്റെ ആവശ്യ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.

ഇപ്പോഴിതാ സുശാന്തിനൊപ്പമുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സുശാന്ത് ആത്മഹത്യ ചെയ്ത വാർത്ത അറിയുമ്പോൾ താനൊരു വീഡിയോ കോൺഫറൻസിൽ ആയിരുന്നെന്നും അത് തുടരാൻ സാധിക്കാതെ നിർത്തിവെച്ചുവെന്നും സ്മൃതി ഇറാനി പറയുന്നു. സുശാന്ത് മരിച്ച ദിവസം താൻ അവന്റെ കോൾ പ്രതീക്ഷിച്ചിരുന്നു എന്നും സ്മൃതി പറയുന്നു. ദി സ്ലോ കോൺവെർസേഷൻ എന്ന പരിപാടിയിൽ അവതാകരൻ നീലേശ് മിശ്രയോട് സംസാരിക്കുകയായിരുന്നു സ്മൃതി.

ഒരു പ്രാവശ്യമെങ്കിലും തന്നെ വിളിക്കേണ്ടതാണ്. പെട്ടെന്ന് അവനെ പറ്റി പല ആശങ്കകളും ഉണ്ടായി. സുഹൃത്തായ അമിത്തിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. അവന് ജീവിക്കാൻ താൽപര്യമില്ല എന്നായിരുന്നു അമിത്തിന്റെ മറുപടി എന്നാണ് സ്മൃതി ഇറാനി ഒരു അഭിമുഖത്തിൽ പറയുന്നത്.

‘ജീവിതം അവസാനിപ്പിക്കരുതെന്ന് ഞാൻ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവൻ മരിച്ച ദിവസം ഞാൻ വീഡിയോ കോൺഫറൻസിൽ ആയിരുന്നു. എനിക്ക് അത് തുടരാനായില്ല. നിർത്താൻ ഞാൻ ആവശ്യപ്പെട്ടു. അതിന് പിന്നാലെ അവന്റെ സുഹൃത്തായ അമിത് സാധിനെ വിളിച്ച് സുശാന്തിനെ കുറിച്ച് അന്വേഷിച്ചു. സുശാന്ത് വിഡ്ഢിത്തം ഒന്നും ചെയ്തില്ല എന്ന് ഉറപ്പുവരുത്താനായിരുന്നു അത്. വിളിക്കുന്ന സമയത്ത് അമിത്തും ഷോക്കിലായിരുന്നു. സുശാന്തിന്റെ മരണം ഉൾക്കൊള്ളാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു അമിത്. ജീവിക്കാൻ താത്പര്യമില്ലെന്ന് സുശാന്ത് പറഞ്ഞിരുന്നതായി അമിത് എന്നോട് പറഞ്ഞു.’ അഭിമുഖത്തിൽ സ്മൃതി നിറകണ്ണുകളോടെ പറയുന്നു.

ടെലിവിഷൻ താരങ്ങളായിരിക്കെ മുംബൈയിൽ സുശാന്തും സ്മൃതിയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. 2017-ൽ നടന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് മാഫിയയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും പുറത്തു വന്നതോടെ എൻസിബിയും ഇഡിയും സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Leave a Reply