‘അവന്‍ എന്നെ വേട്ടയാടും, കണ്ടെത്തി കൊല്ലും’ ; ഡല്‍ഹിയില്‍ കാമുകന്‍ കൊന്നു വെട്ടിനുറുക്കിയ പെണ്‍കുട്ടി തന്റെ മരണം നേരത്തേ പറഞ്ഞിരുന്നു

0


ന്യൂഡല്‍ഹി: കഴിഞ്ഞ മെയ് യില്‍ കാമുകന്‍ വെട്ടിനുറുക്കിയ ശ്രദ്ധാ വാക്കറിന്റെ കൊലപാതകം രാജ്യത്തുടനീളം വലിയ ശ്രദ്ധയാണ് കൊണ്ടുവന്നത്. തന്നെ കാമുകന്‍ കൊലപ്പെടുത്തുമെന്ന് ശ്രദ്ധ ഒരു മനശ്ശാസ്ത്ര വിദഗ്ദ്ധനോട് പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഒരു സംഭാഷണത്തില്‍ കാമുകന്‍ തന്നെ വേട്ടയാടുമെന്നും കണ്ടെത്തി കൊലപ്പെടുത്തുമെന്നും ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതായും ഇവര്‍ പറയുന്നതിന്റെ ഓഡിയോ സന്ദേശം കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ ഹാജരാക്കി.

ഈ കേസുമായി ബന്ധപ്പെട്ട കോടതി നടപടിയിലാണ് ശ്രദ്ധയും അഫ്താബും ഒരു മനശ്ശാസ്ത്ര വിദഗ്ദ്ധനുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. തന്നെ അടിക്കരുതെന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്നും ശ്രദ്ധ അഫ്താബിനോട് അപേക്ഷിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം. ഹെല്‍ത്ത്‌കെയര്‍ ആപ്പ് പ്രാക്‌ടോ വഴിയുള്ള കൗണ്‍സിലിംഗിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.

താന്‍ ഇങ്ങിനെ ഒരാളാകാനല്ല ആഗ്രഹിക്കുന്നതെന്ന് അഫ്താബ് പറയുന്നു. അനേകം തവണ ശ്രദ്ധയെ തല്ലിയിട്ടുള്ളതായി അഫ്താബിന്റെ വാക്കുകളില്‍ നിന്നു തന്നെ കേള്‍ക്കാനുമാകുന്നുണ്ട്. 34 മിനിറ്റ് നീളുന്ന ഓഡിയോ ക്ലിപ്പില്‍ തന്നെ തന്നെ പലതവണ അഫ്താബ് കൊല്ലാന്‍ ശ്രമിച്ചതായി ശ്രദ്ധ വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമല്ല അഫ്താബ് തന്നെ കൊല്ലാന്‍ നോക്കുന്നതെന്നും ഒരു ദിവസം രണ്ടു തവണയോളം ശ്രമം നടത്തിയെന്നും ഒരിക്കല്‍ കണ്ണില്‍ ഇരുട്ടു കയറുന്ന തലം വരെ അത് നീണ്ടെന്നും ശ്രദ്ധ പറയുന്നു. എത്ര തവണ അഫ്താബ് തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് പോലും അറിയില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഒരിക്കല്‍ അവന്‍ എന്റെ കഴുത്തു ഞെരിച്ചപ്പോള്‍ മരണത്തെ മുഖാമുഖം കണ്ടതായും മൊത്തം ഇരുട്ടിലായതായിരുന്നു എന്നും ശ്രദ്ധ പറയുന്നുണ്ട്. 30 സെക്കന്റോളം ശ്വാസം കഴിക്കാന്‍ പോലുമായില്ല. അവന്റെ മുടി പിടിച്ചു വലിച്ചുപറിച്ചത് കൊണ്ടാണ് പ്രതിരോധിക്കാനായതെന്നും പറയുന്നു. ”ദേഷ്യത്തില്‍ ഞാന്‍ മുറുമുറുത്താല്‍ പോലും വാസയില്‍ എവിടെയുണ്ടെങ്കിലും അയാള്‍ എന്നെ കണ്ടുപിടിക്കും. എന്നെ വേട്ടയാടി കൊല്ലാന്‍ ശ്രമിക്കും. അതാണ് പ്രശ്‌നം.” ശ്രദ്ധ ഓഡിയോയില്‍ വ്യക്തമാക്കുന്നു.

തന്നെ കൊല്ലാന്‍ അഫ്താബിന് ഒരു പ്രവണത തന്നെ ഉണ്ട് രണ്ടു പേര്‍ തമ്മിലുള്ള വെറുമൊരു അടിപിടിയല്ല ഇത്. അത് അഫ്താബ് തന്നെ കൊല്ലുന്നതിലേക്ക് നയിക്കും. അയാള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത് ആദ്യമല്ലെന്നും ശ്രദ്ധ പറയുന്നു. ഇങ്ങിനെ ഒരാളാകാനല്ല താന്‍ ആഗ്രഹിച്ചതെന്നും ഇത് സംഭവിക്കണമെന്ന് ശരിക്കും ആഗ്രഹിക്കുന്ന വ്യക്തിയല്ല താനെന്നുമാണ് ഇതിന് അഫ്താബ് നല്‍കുന്ന മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here