പിണറായിക്ക് ബദലായി ഗോവിന്ദൻ മാറിയോ?

0

തിരുവനന്തപുരം: വിവാദ പെരുമഴകളിലൂടെ നീങ്ങിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സമാപനം. ഇന്ന് വൈകിട്ട് 5 മണിക്കു പുത്തരിക്കണ്ടത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20ന് കാസർകോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജാഥയാണ് 140 നിയോജകമണ്ഡലങ്ങൾ കടന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്. നിരവധി വിവാദങ്ങൾ ഇതിനിടെ ഉയർന്നു.

അയിത്തത്തിന്റെയും അനാചാരങ്ങളുടെയും കാൽച്ചങ്ങലകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്ത മഹാരഥന്മാരുടെ അനന്തപുരത്തിലൂടെ കരുത്തുറ്റ ചുവടുകളായി ജനകീയ പ്രതിരോധ ജാഥയുടെ മുന്നേറ്റം. ശനിയാഴ്ച പുത്തരിക്കണ്ടത്ത് ജാഥ സമാപിക്കുന്നത് സിപിഐ എമ്മും ഇടതുപക്ഷവും കൂടുതൽ ബഹുജനപിന്തുണയാർജിച്ചതിന്റെ തെളിച്ചവുമായെന്ന് സിപിഎം പറയുന്നു. കാസർകോട് കുമ്പളയിൽനിന്ന് ഫെബ്രുവരി 20 ന് പുറപ്പെട്ട് 140 മണ്ഡലവും പിന്നിട്ടാണ് 28-ാം ദിവസം സമാപിക്കുന്നത്. എ്ന്നാൽ വിവാദങ്ങളായിരുന്നു യാത്രയെ കൂടുതൽ ചർച്ചകളിൽ നിറച്ചത്. പിണറായിക്ക് ബദലായി എംവി ഗോവിന്ദൻ മാറുന്നതിന്റെ സൂചനകളും യാത്രയിൽ തെളിഞ്ഞു.

തുടക്കം ഗംഭീരം. കണ്ണൂരിൽ വമ്പൻ വിജയമായി. മുഖ്യമന്ത്രി പിണറായി വിജയന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിട്ടില്ലെന്ന പ്രഖ്യാപനം അടക്കം ചർച്ചയായി. എന്നാൽ വടക്കാൻ കേരളത്തിലെ കോഴിക്കോട് തന്നെ ചിലത് സംഭവിച്ചു. അതിലൊന്ന് ഗോവിന്ദൻ പ്രസംഗിക്കുമ്പോഴുള്ള ആളൊഴിഞ്ഞ കസേരകളായിരുന്നു. അതിനെ പ്രതിരോധിച്ച് മുമ്പോട്ട് പോകുമ്പോൾ പുതിയ വിവാദങ്ങൾ. സ്വപ്നയും കൊച്ചിയിലെ പുകയും തീർത്തും യാത്രയെ പ്രതിരോധത്തിലാക്കി. മൈക്ക് ഓപ്പറേഷറ്ററോട് തികഞ്ഞ ശാന്തസ്വഭാവക്കാരനായ ഗോവിന്ദൻ തട്ടിക്കയറി. കോട്ടയത്ത് സഖാക്കളെ തന്നെ ശാസിക്കേണ്ടി വന്നു. ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്റെ മനസ്സിലെ അതൃപ്തിയാണ് വ്യക്തമാക്കുന്നത്. കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതും വിവദാമായി.

കേഡർ സ്വഭാവമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ പാർട്ടിയുടെ ജാഥകളിലും മറ്റും നിഴലിക്കും. പ്രത്യേകിച്ച് സെക്രട്ടറി പ്രസംഗിക്കുമ്പോൾ അതിനെ ആരുും തടസ്സപ്പെടുത്തില്ല. എത്ര ബോറൻ പ്രസംഗമാണെങ്കിലും സഖാക്കൾ ഇരിക്കുന്നിടത്ത് തന്നെ ഇരിക്കും. എന്നാൽ കോട്ടയത്തെ പാമ്പാടിയിൽ ഗോവിന്ദൻ കണ്ടത് അതൊന്നുമില്ല. പ്രസംഗത്തിനിടെ ആളുകൾ ഇറങ്ങിപ്പോയത് എം വിഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകൾ ഇറങ്ങിപ്പോയതോടെയാണ് അദ്ദേഹം ദേഷ്യപ്പെട്ടത്. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുന്നുവെന്ന് എം വിഗോവിന്ദൻ ആരോപിച്ചു. അത് മാധ്യമങ്ങൾക്കെതിരെയുള്ള ഒളിയമ്പായി വിലയിരുത്തുമെങ്കിലും പാർട്ടിക്കുള്ളിലെ എതിർശക്തികളെ കൂടെ മനസ്സിൽ വച്ചാകണം ഗോവിന്ദൻ ആ പ്രസ്താവന നടത്തിയതെന്ന അനുമാനങ്ങളും ഉണ്ട്.

”ശ്ശ് ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പൊയ്ക്കോ” അദ്ദേഹം പറഞ്ഞു. എന്തായാലും മാധ്യമ പ്രവർത്തകർ വിചാരിച്ചാൽ ആരേയും അവിടെ നിന്ന് വിളിച്ചു കൊണ്ടു പോകാൻ കഴിയല്ല. പാർട്ടിക്കുള്ളിൽ തന്നെ ചിലർ ഇതിന് പിന്നിലുണ്ടെന്ന് ഗോവിന്ദൻ സംശയിക്കുന്നു. കാസർകോട്ട് പരിപാടി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി നിയന്ത്രണം ഇപ്പോഴും മുഖ്യമന്ത്രിക്കാണ്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പാർട്ടിയെ നയിക്കുന്നത്.മുഖ്യമന്ത്രി വേണ്ടത്ര താൽപ്പര്യം യാത്രയോട് കാട്ടുന്നില്ലേ എന്ന സംശയം സിപിഎമ്മിൽ പോലും സജീവമായിരുന്നു. ഇടതു കൺവീനറായ ഇപി ജയാരാജനും ഗോവിന്ദന് എതിരാണെന്നത് പകൽ പോലെ വ്യക്തം. തൃശൂരിലാണ് യാത്രയിൽ ഇപി പങ്കെടുത്തത്. അതും മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം. കണ്ണൂരിലെ വിരുദ്ധ ലോബിയാണോ മറ്റ് ജില്ലകളിൽ യാത്രയെ പൊളിക്കാൻ മുന്നിട്ട് നിൽക്കുന്നതെന്ന സംശയം സിപിഎമ്മിൽ സജീവമാണ്. യാത്ര കഴിഞ്ഞ ശേഷം ഇതെല്ലാം ഗോവിന്ദൻ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാക്കും. നടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. പി ജയരാജനെതിരായ വ്യക്തിപൂജാ ആരോപണവും സജീവം.

ജാഥയ്ക്കിടെ മുൻപ് തൃശൂരിൽ വച്ച് എം വിഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു. അതിന് മുമ്പ് വരെ എല്ലാവരേയും ഒരുമിപ്പിക്കാനായിരുന്നു ഗോവിന്ദന്റെ ശ്രമം. എൻ എസ് എസ് ആസ്ഥാനത്തേക്ക് മന്ത്രി കെ രാധാകൃഷ്ണനെ പോലും അയച്ചു. പിണറായിയുമായി ഉടക്കി നിൽക്കുന്ന എൻ എസ് എസിനേയും അടുപ്പിക്കാനായുള്ള നീക്കം. ഇതിനൊപ്പം സഭാ തർക്കത്തിലും ഇടപെടാൻ ശ്രമിച്ചു. ജനകീയ മുഖമായി മാറാനുള്ള ഗോവിന്ദന്റെ ശ്രമം പക്ഷേ വിവാദങ്ങൾക്കിടെ മാറ്റ് കുറഞ്ഞതായി. അപ്പോഴും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുത്ത് നട്ടെല്ലുള്ള നേതാവാണ് താനെന്ന് സഖാക്കൾക്കിടയിൽ തെളിയിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ നിയമപരമായി നേരിടാൻ ആരോപണവിധേയർക്കെല്ലാം പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്ന് എം വിഗോവിന്ദൻ പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണം നിയമപരമായി നേരിടുമെന്നും പറഞ്ഞു. ഇത് ശരിവയ്ക്കും വിധമായിരുന്നു വക്കീൽ നോട്ടീസ്.

LEAVE A REPLY

Please enter your comment!
Please enter your name here