കെടിയു വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

കെടിയു വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നൽകി. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താൽപര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ആണ് ഗവർണറുടെ പിൻവാങ്ങൽ.

കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്.

ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവനിൽ നിന്നുള്ള കത്ത്. കേരള സർവകലാശാലയിലെ 15 സേനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

സിസ തോമസിന്റെ നിയമന രീതിയെയും കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും സർക്കാർ കോടതിയിൽ പോയാൽ തിരിച്ചടി ഉണ്ടാകും എന്ന് കരുതിയാണ് രാജ് ഭവന്റെ പുതിയ നീക്കം. കെടിയു വിസി ആയിരുന്ന രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് പ്രകാരം സജി ഗോപിനാഥനും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്റെ നിലപാട്. അതടക്കം തിരുത്തിയാണ് ഇപ്പോഴത്തെ കീഴടങ്ങൽ.

ഗവർണറുടേത് വലിയ നിലപാടുമാറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോ. സജി ഗോപിനാഥിന് താൽക്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ അതു തള്ളുക മാത്രമല്ല, സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും സ്ഥാനത്തുനിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.

സർവകലാശാല കേസുകളിൽ ഹൈക്കോടതിയിൽനിന്നു നിരന്തരമായി വന്ന തിരിച്ചടികളാണ് ആ നിലപാടിൽനിന്നു മാറാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസി ചുമതലയിൽനിന്നു വിരമിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് രാജ്ഭവൻ കത്തു നൽകിയിരിക്കുന്നത്.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കിയതും ഗവർണർക്കു വലിയ തിരിച്ചടിയാണ്. കേരള സർവകലാശാലയിൽ വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് തീരുമാനമെടുക്കാതെ ഇക്കാര്യം നീട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണു ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

31 വരെയാണ് സിസാ തോമസിന്റെ കാലാവധി. 31ന് ശേഷം തുടരുന്ന ഒരു താല്ക്കാലിക വി സിക്ക് സാമ്പത്തികപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അനുമതിയില്ല. ഇക്കാരണം കൊണ്ട് തന്നെ വിസിയായി പുതിയ ആളെ നിയമിക്കാൻ രാജ്ഭവൻ തീരുമാനിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here