സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഭേദിച്ചു

0

സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഭേദിച്ചു. വെള്ളിയാഴ്ച പവന് 43,040 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 5380 രൂപയായി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നവിലയാണ് സ്വർണത്തിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപയെന്ന റെക്കോഡാണ് വെള്ളിയാഴ്ച മറികടന്നത്. ഗ്രാമിന് വില 5360 രൂപയായിരുന്നു അന്ന്. 10 ദിവസത്തിനുള്ളിൽ 2400 രൂപയാണ് പവന് വർധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5355 രൂപയും പവന് 42,840 രൂപയുമായിരുന്നു. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1929 ഡോളറിലെത്തി.

ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 82.49 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോക്ക് 60 ലക്ഷം രൂപ കടന്നു. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വർണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ച സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതും വില ഉയരാൻ കാരണമാകുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply