കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടി അറസ്റ്റിൽ

0

കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റ് ചെയ്ത ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടി അറസ്റ്റിൽ. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്നറിയപ്പെടുന്ന വിനോദിനിയാണ് (23) വിരുതുനഗർ പൊലീസിന്റെ പിടിയിലായത്. സേലം സങ്കഗിരിയിൽവച്ചാണ് യുവതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

‘ഫ്രണ്ട്സ് കാൾ മി തമന്ന’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിരുതുനഗർ സ്വദേശിനിയായ വിനോദിനി മാരകായുധങ്ങള്‍ പ്രദർശിപ്പിച്ചുകൊണ്ടുള്ള റീൽസ് വിഡിയോ ചെയ്തിരുന്നത്. പ്രഗ ബ്രദേഴ്സ് എന്ന ഇൻസ്റ്റ പേജിലും പെൺകുട്ടി സജീവമാണ്. 2021ൽ കഞ്ചാവ് കേസിൽ പീളമേട് പൊലീസ് വിനോദിനിയെ അറസ്റ്റ് ചെയ്തിരുന്നു. ആഴ്ചയിൽ ഒരു ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിബന്ധനയോടെ കോടതി ജാമ്യം അനുവദിച്ചെങ്കിലും യുവതി ഒളിവിൽ പോവുകയായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചതോടെ പെൺകുട്ടിക്കെതിരെ കോടതി അറസ്റ്റ്‌ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പെൺകുട്ടിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ കോയമ്പത്തൂർ പൊലീസ് രൂപീകരിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം കോയമ്പത്തൂരിൽ ഗോകുൽ എന്ന യുവാവിനെ കോടതിക്കു സമീപം വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകപോക്കലാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മനസ്സിലായത്. എതിർസംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്നയാളെ ഗോകുൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഗോകുലിന്റെ ജീവനെടുത്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ടവർ ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് മനസ്സിലായി.

ഏറ്റവും പ്രകോപനപരവും ആയുധങ്ങൾവച്ചും ആരാണ് കൂടുതൽ റീൽസ് ചെയ്യുന്നുവെന്ന മത്സരം ഗുണ്ടാ സംഘങ്ങൾക്കിടയിലുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് തമന്ന എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് വിനോദിനിയുടെ റീൽസ് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗുണ്ടകൾക്കൊപ്പം വിനോദിനി സിഗരറ്റും ആയുധങ്ങളും ഉപയോഗിച്ച് റീൽസ് ചെയ്യുകയായിരുന്നു. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ വിനോദിനി അതുവഴിയാണു ഗുണ്ടാസംഘത്തെ പരിചയപ്പെട്ടത്. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവില്‍ വിനോദിനിയെ പിടികൂടുകയായിരുന്നു.

Leave a Reply