ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

0

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ടു നാലുമണിയോടെയാണു സെക്‌ടര്‍ ഏഴിലെ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചത്‌. ബ്രഹ്‌മപുരത്ത്‌ തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ രണ്ടു യൂണിറ്റുകൂടി സ്‌ഥലത്തെത്തി. രാത്രി വൈകിയും തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌. പ്രദേശത്ത്‌ വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്‌. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. വീണ്ടും തീപിടുത്തമുണ്ടായതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്‌. സംഭവമറിഞ്ഞു സ്‌ഥലത്തെത്തിയ നാട്ടുകാര്‍ ഇനി ഇവിടേക്കുള്ള മാലിന്യ വണ്ടികള്‍ തടയുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ടു തീയണയ്‌ക്കാനാണു ശ്രമിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കൂട്ടിയിട്ടിരുന്നതില്‍നിന്നുമാണു തീ കത്തിയതെന്നാണ്‌ നിഗമനം.അതേസമയം, ബ്രഹ്‌മപുരത്തെ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പി. രാജീവും മേയര്‍ എം. അനില്‍കുമാറും കലക്‌ടര്‍ എന്‍.എസ്‌.കെ. ഉമേഷും അറിയിച്ചു. തീ നിയന്ത്രണ വിധേയമാണെന്ന്‌ അഗ്‌നിരക്ഷാ വിഭാഗവും അറിയിച്ചിട്ടുണ്ട്‌. തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല്‌ ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്‌. എട്ട്‌ ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്‌ക്കുന്നുണ്ട്‌.ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ സുജിത്ത്‌ കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌.
പ്ലാസ്‌റ്റിക്‌ കൂട്ടിയിട്ടിരുന്നതില്‍നിന്നുമാണു തീ കത്തിയത്‌. പുകഞ്ഞു കത്തി മാലിന്യകൂനയ്‌ക്കു മുകളിലേക്ക്‌ എത്തുമ്പോഴാണിത്‌ അറിയാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ തീ അണയ്‌ക്കുന്നതു ശ്രമകരമായ ജോലിയാണ്‌. 110 ഏക്കറിലാണു മാലിന്യപ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ആദ്യ തീപിടിത്തം ദേശീയ മാധ്യമങ്ങള്‍പോലും വാര്‍ത്തായാക്കിയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനും കലടര്‍ക്കുമെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു. പിന്നാലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നൂറു കോടി രൂപ കൊച്ചി കോര്‍പറേഷനു പിഴയിട്ടത്‌.

ചെറിയ തീപിടിത്തം പ്രതീക്ഷിച്ചിരുന്നു
ബ്രഹ്‌മപുരത്ത്‌ ചെറിയ ചെറിയ തീപിടിത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതു മുന്നില്‍ക്കണ്ടുള്ള സജ്‌ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇക്കാര്യം നിയമസഭയിലും പറഞ്ഞതാണ്‌. ഇതു മുന്‍കൂട്ടിക്കണ്ടു പ്രദേശത്ത്‌ അഗ്‌നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നത്‌. – എം.ബി.രാജേഷ്‌

Leave a Reply