ഫെബ്രുവരി 24ലെ പണിമുടക്ക്; എസ്.ബി.ഐയിൽ കൂട്ട നടപടിക്ക് നീക്കം; ആയിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

0


ഫെബ്രുവരി 24ലെ പണിമുടക്ക്; എസ്.ബി.ഐയിൽ കൂട്ട നടപടിക്ക് നീക്കം; ആയിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പുറംകരാർവത്കരണത്തിലേക്ക് വഴിതുറക്കുന്ന പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നും ബാങ്ക് ഇടപാടുകാർക്ക് സൗഹൃദമുള്ളതാക്കണമെന്നും ആവശ്യപ്പെട്ട് പണിമുടക്കിയവർക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ കൂട്ട നടപടിക്ക് നീക്കം. ഫെബ്രുവരി 24ന് പണിമുടക്കിയ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ ആയിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സംഘടന ഭാരവാഹികളെ സ്ഥലം മാറ്റി. പുതിയ സാഹചര്യം ബാങ്കിലെ അന്തരീക്ഷം വീണ്ടും കലുഷിതമാക്കുകയാണ്. ക്ലറിക്കൽ ജീവനക്കാരെ ശാഖകളിലെ ജോലിയിൽനിന്ന് മാറ്റി മാർക്കറ്റിങ്ങിന് നിയോഗിക്കുന്ന ‘മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്‌സ്’ പിൻവലിക്കുക, കൂടുതൽ നിയമനങ്ങൾ നടത്തുക, ഇടപാടുകാർക്കുള്ള സേവനം മെച്ചപ്പെടുത്തുക, കൂടുതൽ വായ്പ നൽകുക, എച്ച്.ആർ നയം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടി.എസ്.ബി.ഇ.എ പണിമുടക്കിയത്.

മുൻകാലങ്ങളിൽ ചെയ്യാറുള്ളതുപോലെ പണിമുടക്ക് നോട്ടീസ് നൽകുകയും അതിന്മേൽ മാനേജ്‌മെന്റ് പ്രതിനിധികൾ വിളിച്ചതനുസരിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. ചർച്ച വിഫലമായപ്പോഴാണ് പണിമുടക്കിയത്. ആ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് കൂട്ട നടപടി തുടങ്ങിയിരിക്കുന്നത്. അച്ചടക്ക നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

സംഘടന ഭാരവാഹികൾക്ക് പുറമെ മുതിർന്ന പുരുഷ, വനിത ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.യൂനിയൻ ആഹ്വാനം ചെയ്തതുപ്രകാരം പണിമുടക്കിൽ പങ്കെടുത്തവരെയാണ് അനാരോഗ്യംപോലും പരിഗണിക്കാതെ മാറ്റി വിലകുറഞ്ഞ സമ്മർദതന്ത്രം പ്രയോഗിക്കുന്നതെന്ന് ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ പറഞ്ഞു.

Leave a Reply