കണ്ണൂര്‍/തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലെ ഓഹരികള്‍ കൈമാറാനൊരുങ്ങി എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ കുടുംബം. സി.പി.എം. നേതൃത്വത്തിന്റെ സമ്മര്‍ദവും ഈ നീക്കത്തിനു പിന്നിലുണ്ട്.
ഇ.പിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്‌ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി. ഓഹരികള്‍ ഒഴിവാക്കാന്‍ തയാറാണെന്ന് ഇ.പിയുടെ കുടുംബം റിസോര്‍ട്ടിന്റെ ഡയറക്‌ടര്‍ ബോര്‍ഡിനെ അറിയിച്ചു. റിസോര്‍ട്ടുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയരുകയും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണിത്. റിസോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ കുടുംബത്തിന്റെ പങ്കാളിത്തം വന്‍ രാഷ്‌ട്രീയവിവാദമാണ് ഉയര്‍ത്തിയത്. തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചചെയ്‌ത സി.പി.എം. സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജനാണ് റിസോര്‍ട്ട് വിഷയം ഉന്നയിച്ചത്. പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന ഇ.പി. ജയരാജന്‍ അടുത്ത സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്‌ഥാന സമിതിയോഗത്തിലും വിശദീകരണം നല്‍കുകയും ചെയ്‌തു. അന്നുതന്നെ ഈ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്നു പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
ആരോപണങ്ങള്‍ ആദായനികുതി വകുപ്പും ഇ.ഡിയും ആയുധമാക്കുന്നുവെന്ന് ഇ.പി. ജയരാജനും തോന്നിയ സാഹചര്യത്തിലാണ് റിസോര്‍ട്ടുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കുടുംബം തീരുമാനിച്ചത്. ഇ.പി. ജയരാജന്റെ രാഷ്‌ട്രീയ പ്രതിച്‌ഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കുന്ന നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നു മകന്‍ ജയ്‌സണും നിലപാട് സ്വീകരിച്ചു. നിലവില്‍ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടി.ഡി.എസ്. വിഭാഗം നോട്ടീസ് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങള്‍, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്‌ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി ഉടമകള്‍ ആരൊക്കെ ?, അവര്‍ക്ക് എത്ര വീതം ഓഹരികളുണ്ട്? റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവും ചോദിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഇ.ഡി. കൊച്ചി യൂണിറ്റും അന്വേഷണം നടത്തുന്നുണ്ട്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്.
മുന്‍ എം.ഡി: കെ.പി. രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷം രൂപയുടെ 9,999 ഓഹരികളുമുണ്ട്. വ്യക്‌തിയെന്ന നിലയില്‍ ഇന്ദിരയ്‌ക്കാണ് കൂടുതല്‍ ഷെയറുകള്‍. സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്നു പി.കെ. ഇന്ദിര അവിടെനിന്ന് വിരമിക്കുമ്പോള്‍ ലഭിച്ച തുക ഉപയോഗിച്ചാണ് ഓഹരി വാങ്ങിയത് എന്നായിരുന്നു വിശദീകരണം. റിസോര്‍ട്ടുമായി തനിക്കു ബന്ധവുമില്ലെന്നും ആദായ നികുതി വകുപ്പിന്റെ പരിശോധന മാധ്യമ സൃഷ്‌ടിയാണെന്നും ഇ.പി. ജയരാജന്‍ പ്രതികരിച്ചു.