ആധിപത്യം തുടര്‍ന്ന്‌ ആഴ്‌സണല്‍

0

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ആധിപത്യം തുടര്‍ന്ന്‌ ആഴ്‌സണല്‍. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ എവര്‍ടണിനെ 4-0 ത്തിനു തോല്‍പ്പിച്ചു.
ഗബ്രിയേല്‍ മാര്‍ട്ടിനെലി ഇരട്ട ഗോളുകളും ബുകായോ സാക, മൈക്കിള്‍ ഒഡെഗാഡ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവും അടിച്ചു. 25 കളികളില്‍നിന്ന്‌ 60 പോയിന്റ്‌ നേടിയ ആഴ്‌സണല്‍ രണ്ടാംസ്‌ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയെക്കാള്‍ അഞ്ച്‌ പോയിന്റ്‌ മുന്നിലാണ്‌. സിറ്റിയും 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. എവര്‍ടണിനെതിരേ നടന്ന മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഒലെക്‌സാണ്ടര്‍ സിന്‍ചെങ്കോയുടെ പാസ്‌ സ്വീകരിച്ച സാകയാണു ഗോളടി തുടങ്ങിയത്‌. സാകയുടെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ എവര്‍ട്ടണ്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡിനെ മറികടന്നു. സാക്കയുടെ സീസണിലെ പത്താം ഗോളായിരുന്നു അത്‌്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളടിച്ചു. ഇദ്രിസ ഗുയെയുടെ അലസതയാണു ഗോളിനു കാരണം. പന്ത്‌ കാല്‍ച്ചുവട്ടിലാക്കാന്‍ ഇദ്രിസ വൈകി. മിന്നല്‍ വേഗത്തിലെത്തിയ സാക പന്ത്‌ തട്ടിയെടുത്തു മാര്‍ട്ടിനെലിക്കു നല്‍കി. മാര്‍ട്ടിനെലിയുടെ ഷോട്ട്‌ വലയില്‍ കയറി. താരം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണു ഗോളടിക്കുന്നത്‌. 71-ാം മിനിറ്റില്‍ ഒഡെഗാഡ്‌ കൂടെ ഗോളടിച്ചതോടെ ആഴ്‌സണല്‍ ലീഡ്‌ മൂന്നാക്കി. 80-ാം മിനിറ്റില്‍ മാര്‍ട്ടിനെലി രണ്ടാം ഗോളടിച്ചു. അതോടെ എവര്‍ടണ്‍ തളര്‍ന്നു. 25 കളികളില്‍നിന്ന്‌ 21 പോയിന്റുള്ള എവര്‍ട്ടണ്‍ തരംതാഴ്‌ത്തല്‍ മേഖലയിലാണ്‌. എവര്‍ടണ്‍ 18-ാമതും എ.എഫ്‌.സി. ബോണ്‍മൗത്ത്‌ 19-ാമതും നില്‍ക്കുന്നു. ഇരുടീമുകള്‍ക്കും 21 പോയിന്റ്‌ വീതമാണ്‌.
24 കളികളില്‍നിന്ന്‌ 18 പോയിന്റ്‌ മാത്രം നേടിയ സതാംപ്‌ടണ്‍ ഏറ്റവും പിന്നില്‍ ഇരുപതാം സ്‌ഥാനത്താണ്‌. മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ ലിവര്‍പൂള്‍ 2-0 ത്തിനു വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സിനെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വിര്‍ജില്‍ വാന്‍ ഡൈക്‌, മുഹമ്മദ്‌ സല എന്നിവരാണു ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചത്‌. ഇരു ടീമുകളും ഒപ്പത്തിനൊപ്പംനിന്ന മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍രഹിതമായി. 66-ാം മിനിറ്റില്‍ ഡാര്‍വിന്‍ നുനിയസിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തിയെങ്കിലും വാര്‍ ഗോള്‍ നിഷേധിച്ചു. 73-ാം മിനിറ്റിലാണു വാന്‍ ഡൈക്‌ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്‌. അഞ്ചു മിനിറ്റിനു ശേഷം സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ സലാ കളിയിലെ രണ്ടാം ഗോളടിച്ചു. സലായുടെ സീസണിലെ ഇരുപതാം ഗോളായിരുന്നു അത്‌. ജയത്തോടെ ലിവര്‍പൂള്‍ പട്ടികയില്‍ ആറാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു. ലിവര്‍പൂളിന്റെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here