ബില്ല്‌ അടച്ചിട്ടും മന്ത്രിയുടെ ‘ഫ്യൂസ്‌ ‘ ഊരി കെ.എസ്‌.ഇ.ബി.

0


ചാരുംമൂട്‌ : വൈദ്യുതി ബില്ല്‌ അടച്ചിട്ടും മന്ത്രിയുടെ വീടിന്റെ കണക്ഷന്‍ കട്ട്‌ ചെയ്‌ത്‌ കെ.എസ്‌.ഇ.ബി. കൃഷിമന്ത്രി പി. പ്രസാദിന്റെ നൂറനാട്‌ മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണു നൂറനാട്‌ വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിനു കട്ട്‌ ചെയ്‌തത്‌. ഇന്നലെ വൈദ്യുതി പുനസ്‌ഥാപിച്ചു.
മന്ത്രി ഫെബ്രുവരി 24 ന്‌ രാവിലെ 9.38 ന്‌ ഓണ്‍ലൈനായി ബില്‍ തുക 490 രൂപ അടച്ചിരുന്നു. ബില്‍ അടച്ചതിനുശേഷമാണ്‌ കണക്ഷന്‍ കട്ട്‌ ചെയ്‌തത്‌. ഫ്യൂസ്‌ ഊരി മാറ്റാതെ വൈദ്യുതി പോസ്‌റ്റില്‍നിന്നുമാണു ജീവനക്കാര്‍ കണക്ഷന്‍ കട്ട്‌ ചെയ്‌തത്‌.
മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണു താമസമെങ്കിലും മന്ത്രി ഇടയ്‌ക്കെല്ലാം നൂറനാട്ടെ കുടുംബ വീട്ടില്‍ എത്താറുണ്ട്‌. ഇവിടെ മന്ത്രിയെ കാണാന്‍ പാര്‍ട്ടിക്കാരും, നാട്ടുകാരും, സന്ദര്‍ശകരുമൊക്കെ എത്താറുള്ളതുമാണ്‌.
ഞായറാഴ്‌ച മന്ത്രി വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടില്‍ മാത്രം വൈദ്യുതിയില്ലായിരുന്നു. എന്താണെന്ന്‌ അന്വഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകനും പഞ്ചായത്തംഗവുമായ കെ. അജയഘോഷിനെ ചുമതലപ്പെടുത്തിയായിരുന്നു മന്ത്രി മടങ്ങിയത്‌.
അദ്ദേഹം വൈദ്യുതി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണു പണമടയ്‌ക്കാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ കട്ട്‌ ചെയ്‌തതായി അറിഞ്ഞത്‌.

Leave a Reply