കാപികോ റിസോര്‍ട്ട് പൊളിക്കൽ; അമ്പത്തിനാല് കോട്ടേജുകളില്‍ മുപ്പത്തിനാല് എണ്ണം പൊളിച്ചു, ഈ മാസം കൊണ്ട് പൂർണ്ണമായി പൊളിക്കുമെന്നും സംസ്ഥാനം

0

ന്യൂഡല്‍ഹി: അനധികൃതമായി ആലപ്പുഴ പാണാവള്ളിയില്‍ നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ അമ്പത്തിനാല് കോട്ടേജുകളില്‍ മുപ്പത്തിനാല് എണ്ണം പൂര്‍ണ്ണമായും പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മാര്‍ച്ച് ഇരുപത്തിയഞ്ചിനകം ഇരുപത് കോട്ടേജുകള്‍ കൂടി പൂര്‍ണ്ണമായും പൊളിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിസോര്‍ട്ട് പൊളിക്കല്‍ നടക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ചുമതലപെടുത്തിയതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ആണ് കാപികോ റിസോര്‍ട്ട് പൊളിക്കലിനെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. 2022 സെപ്റ്റംബര്‍ പതിനഞ്ചിന് റിസോര്‍ട്ടിന്റെ പൊളിക്കല്‍ നടപടി ആരംഭിച്ചെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. 8081 ചതുരശ്ര മീറ്റര്‍ നിര്‍മ്മാണമാണ് പൊളിക്കുന്നത്. പൊളിച്ച അവശിഷ്ടങ്ങള്‍ ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടി മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഘട്ടം ഘട്ടമായി ആലപ്പുഴ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പൊളിക്കല്‍ നടപടി പുരോഗമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം സമയബന്ധിതമായി പൊളിക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സമീപത്തെ ജലാശയങ്ങളെ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക സമിതിയെന്ന സംഘടന കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മാര്‍ച്ച് ഇരുപത്തിയെട്ടിന് മുന്‍പ് കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് അന്ത്യശാസനവും നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here