ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 38 ആയി ഉയർന്നു. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. അഗ്നിശമന സേനയുടെ 24 യൂണിറ്റുകൾ സ്ഥലത്തുണ്ട്.
ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് ദുരന്തസ്ഥലം സന്ദർശിച്ചു.
അപകടവുമായി ബന്ധപ്പെട്ട് ലാറിസ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 59 കാരനായ ഇയാൾക്കെതിരെ അശ്രദ്ധമൂലം കൂട്ടമരണങ്ങൾ നടന്നതിന്റെ കുറ്റം ചുമത്തി.
അതേസമയം, സെൻട്രൽ ഏഥൻസിൽ ഗ്രീക്ക് റെയിൽ കമ്പനിയായ ഹെല്ലനിക് ട്രെയിനിന്റെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
വടക്കൻ ഗ്രസീലെ ലാറിസയിൽ ചൊവ്വാഴ്ച അർധരാത്രിയിലായിരുന്നു അപകടം. 72 പേർക്ക് പരിക്കേറ്റു.
പാസഞ്ചർ ട്രെയിൻ എതിരെ വന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരവധി കോച്ചുകൾ പാളം തെറ്റി. മൂന്നെണ്ണം തീപിടിച്ചുകത്തി.
പാസഞ്ചർ ട്രെയിനിന്റെ ആദ്യത്തെ നാല് കോച്ചുകൾ പാളം തെറ്റി. ഇതിൽ രണ്ട് എണ്ണം പൂർണമായും തകർന്നു. തെസ്സലോനിക്കിക്കും ലാറിസയ്ക്കുമിടയിൽ സഞ്ചരിക്കുകയായിരുന്ന പാസഞ്ചർ ട്രെയിനിൽ 350 ഓളം പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.