കോവിഡ്‌ കൂടുന്നു: കേരളമടക്കം 6 സംസ്‌ഥാനങ്ങള്‍ക്ക്‌ കേന്ദ്രം കത്തയച്ചു

0


ന്യൂഡല്‍ഹി: കോവിഡ്‌ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആറ്‌ സംസ്‌ഥാനങ്ങള്‍ക്ക്‌ കത്തയച്ചു. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണു മഹാരാഷ്‌ട്ര, ഗുജറാത്ത്‌, തെലങ്കാന, തമിഴ്‌നാട്‌, കേരളം, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങള്‍ക്ക്‌ കത്തയച്ചത്‌.
“കോവിഡിന്റെ പ്രാദേശിക വ്യാപനം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുണ്ട്‌. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്‌ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണം- കത്തില്‍ പറയുന്നു.
നാല്‌ മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഒരു ദിവസത്തില്‍ 700 ലധികം കോവിഡ്‌ കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ രാവിലെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12 ന്‌ രാജ്യത്ത്‌ 734 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കോവിഡ്‌ വ്യാപനമുള്ള മേഖലകളില്‍ ആവശ്യമെങ്കില്‍ സംസ്‌ഥാനം കര്‍ശനമായ നിരീക്ഷണം പാലിക്കണം. കോവിഡിന്റെ സാഹചര്യം സൂക്ഷ്‌മ തലത്തില്‍ (ജില്ലാ, ഉപജില്ലകള്‍) പരിശോധിക്കാനും കോവിഡ്‌ പ്രതിരോധം ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനും കത്തില്‍ നിര്‍ദേശമുണ്ട്‌. സജീവ കേസുകള്‍ ഇപ്പോള്‍ മൊത്തം അണുബാധയുടെ 0.01 ശതമാനമാണ്‌. ഇതുവരെ കോവിഡ്‌ വന്നു ഭേദമായവര്‍ 4,41,57,297 പേരാണ്‌. മരണനിരക്ക്‌ 1.19 ശതമാനവും. 220.64 കോടി ഡോസ്‌ വാക്‌സിനാണു വിതരണം ചെയ്‌തത്‌.

Leave a Reply