നാളെ മുതല്‍ ജീവിതച്ചെലവേറും…
മരുന്നിനും ഇന്ധനത്തിനും മദ്യത്തിനും ഉള്‍പ്പെടെ വിലകൂടും…

0

സാധാരണക്കാരന്റെ കീശ കീറി പുത്തന്‍ സാമ്പത്തിക വര്‍ഷത്തുടക്കം. കേന്ദ്ര-സംസ്‌ഥാന ബജറ്റ്‌ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുന്ന നാളെ മുതല്‍ ജീവിതച്ചെലവേറും.
മരുന്നിനും ഇന്ധനത്തിനും മദ്യത്തിനും ഉള്‍പ്പെടെ വിലകൂടും. സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സെസാണ്‌ മദ്യ, ഇന്ധന വിലവര്‍ധനയ്‌ക്കു വഴിവയ്‌ക്കുന്നത്‌. സംസ്‌ഥാനത്ത്‌ ദേശീയപാതയിലെ ചില ടോളുകളിലും നാളെമുതല്‍ നിരക്കുയരും. പ്രമേഹം, കാന്‍സര്‍ അടക്കമുള്ള മരുന്നുകളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളാണ്‌.

വില കൂടും

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്‌ വര്‍ധന 10%. മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കള്‍ക്കും വില കൂടും.
പെട്രോളിനും ഡീസലിനും കൂടുന്നത്‌ രണ്ടു രൂപ.
500 മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന്‌ 20 രൂപ വര്‍ധന. 1,000 രൂപയ്‌ക്ക്‌ മുകളിലുള്ളവയ്‌ക്ക്‌ വര്‍ധന 40 രൂപ.
കെട്ടിട നികുതിയില്‍ 5% വര്‍ധന.
ഭൂമിയുടെ ന്യായവില 20% കൂടും.
ഫ്ലാറ്റുകളും അപാര്‍ട്‌മെന്റുകളും നിര്‍മിച്ച്‌ ആറു മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക്‌ അഞ്ചില്‍നിന്ന്‌ ഏഴുശതമാനമാകും.
രണ്ടുലക്ഷം വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക്‌ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധന.
അഞ്ചുലക്ഷം വരെയുള്ള കാറുകള്‍ക്ക്‌ ഒറ്റത്തവണനികുതിയില്‍ ഒരു ശതമാനം വര്‍ധന. അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ളവയ്‌ക്ക്‌ 2% വര്‍ധന. 15-20 ലക്ഷം, 20-25 ലക്ഷം, 30 ലക്ഷത്തിനു മുകളിലുള്ളവയ്‌ക്ക്‌ ഒരു ശതമാനം നികുതിവര്‍ധന.
റോഡ്‌ സുരക്ഷാ സെസ്‌ ഇരുചക്ര വാഹനങ്ങള്‍ക്ക്‌ 50-ല്‍ നിന്ന്‌ 100 രൂപ. കാറുകള്‍ക്ക്‌ 100-ല്‍നിന്ന്‌ 200 രൂപ.
കെട്ടിടനികുതി, അപേക്ഷാ ഫീസ്‌, കെട്ടിടനിര്‍മാണ പെര്‍മിറ്റ്‌ ഫീസ്‌ എന്നിവ കൂടും. പിഴ ഉള്‍പ്പെടെ മറ്റു ഫീസുകളും വര്‍ധിക്കും.
യു.പി.ഐ. ഇടപാടുകള്‍ക്ക്‌ 2,000 രൂപ വരെ 1.1% സര്‍വീസ്‌ ചാര്‍ജ്‌.
ടോള്‍ നിരക്കുയരും
സ്വര്‍ണം, പ്ലാറ്റിനം, സിഗരറ്റ്‌, കോമ്പൗണ്ട്‌ റബര്‍, ഇറക്കുമതി ചെയ്ുന്നയ ആഡംബര കാറുകള്‍, ഇലക്‌ട്രിക്‌ കാറുകള്‍ എന്നിവയ്‌ക്ക്‌ വിലകൂടും.

ചെലവ്‌ കുറയും

പുതിയ ഇ-വാഹനങ്ങള്‍ക്ക്‌ നികുതി 20-ല്‍നിന്ന്‌ അഞ്ചു ശതമാനമാകും.
സ്വകാര്യ ഇ-ടാക്‌സികള്‍ക്കു നികുതി അഞ്ചു ശതമാനമായി കുറയും.
ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്വകാര്യ സ്‌കൂള്‍ വാഹനനികുതി.
ജീവകാരുണ്യ സംഘടനകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവയുടെ വാഹനനികുതി.
കോവിഡ്‌മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ്‌, കോണ്‍ട്രാക്‌ട്‌ കാര്യേജ്‌ എന്നിവയുടെ ൈത്രമാസ നികുതിയില്‍ ഇളവ്‌.
സ്വന്തം താമസത്തിനുള്ള 60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടുകള്‍ക്ക്‌ കെട്ടിട നികുതിയില്ല.
വാങ്ങിയ ഭൂമി മൂന്ന്‌-ആറു മാസങ്ങള്‍ക്കകം വിറ്റാല്‍ സ്‌റ്റാമ്പ്‌ ഡ്യൂട്ടി വര്‍ധന ഒഴിവാകും.
തുണിത്തരങ്ങളും കാര്‍ഷികവും ഒഴികെ ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ വില കുറയും.

നാളെ മുതല്‍

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തില്‍ 333 രൂപയാകും.
പുതിയ എച്ച്‌.യു.ഐ.ഡി. ഹാള്‍മാര്‍ക്കിങ്‌ തിരിച്ചറിയല്‍ നമ്പറില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ പാടില്ല. ഒഴിവ്‌ ഇടുക്കി ജില്ലയ്‌ക്കുമാത്രം. അക്ഷരങ്ങളും അക്കങ്ങളും അടങ്ങുന്ന ആറക്ക ആല്‍ഫാന്യൂമെറിക്‌ കോഡാണ്‌ എച്ച്‌.യു.ഐ.ഡി.

നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി ഇ-സ്‌റ്റാമ്പിങ്‌ പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്‌റ്റാമ്പ്‌ വെണ്ടര്‍മാരിലൂടെ ആയിരിക്കണം.

2022 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്‌താക്കള്‍ നാളെ മുതല്‍ ജൂണ്‍ 30 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here