കോട്ടയത്ത് കെഎസ്ആർടിസി സിഎംഡിക്കെതിരെ പ്രസംഗിച്ച മുൻ എഐടിയുസി നേതാവായ കണ്ടക്ടർ വിജു കെ. നായരെ സസ്‌പെൻഡ് ചെയ്തു

0

കോട്ടയത്ത് കെഎസ്ആർടിസി സിഎംഡിക്കെതിരെ പ്രസംഗിച്ച മുൻ എഐടിയുസി നേതാവായ കണ്ടക്ടർ വിജു കെ. നായരെ സസ്‌പെൻഡ് ചെയ്തു. കോട്ടയത്തെ ക്ലസ്റ്റർ ഓഫിസറുടെ മരണത്തെത്തുടർന്നുള്ള അനുശോചന യോഗത്തിൽ കെ.അജിയുടെ മരണം മാനേജ്‌മെന്റിന്റെ പീഡനം മൂലമാണെന്ന് വിജു പ്രസംഗത്തിൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സസ്‌പെൻഷൻ.

ക്ലസ്റ്റർ ഓഫിസറായിരുന്ന കെ.അജി ഹൃദയാഘാതം മൂലമാണ് മരിച്ചത്. തുടർന്ന് ഡിപ്പോയിൽ സ്വതന്ത്ര തൊഴിലാളി കൂട്ടായ്മയുടെ പേരിൽ അനുശോചനയോഗം ചേർന്നപ്പോൾ സിഎംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷമായ ആക്ഷേപം ചൊരിഞ്ഞാണ് വിജു പ്രസംഗിച്ചതെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.

സിഎംഡി പല യോഗങ്ങളിലും എടിഒമാരെയും ഡിടിഒമാരെയും അസഭ്യം പറയുന്നുവെന്നും വിജു തന്റെ പ്രസംഗത്തിൽ ആരോപിച്ചു. ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിജുവിനെതിരെ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

ഇതേസമയം നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ ഇന്നലെ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. അഭിപ്രായസ്വാതന്ത്യ്‌രത്തിനെതിരെയുള്ള കടന്നുകയറ്റമാണ് നടപടിയെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സംഭവത്തിൽ എംഡിക്ക് അപ്പീൽ നൽകുമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നുമാണു ജീവനക്കാർ പറയുന്നത്. ഇന്നു വൈകുന്നേരം 5ന്, രാഷ്ട്രീയം നോക്കാതെ പ്രതിഷേധയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. പൊതുവായ വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യൂണിറ്റുകളിൽ ഒന്നാണ് കോട്ടയം ഡിപ്പോ.

LEAVE A REPLY

Please enter your comment!
Please enter your name here