സി.എം. രവീന്ദ്രന്‌ വീണ്ടും ഇ.ഡി. നോട്ടീസ്‌; ഏഴിന്‌ ഹാജരാകണം

0

സി.എം. രവീന്ദ്രന്‌ വീണ്ടും ഇ.ഡി. നോട്ടീസ്‌; ഏഴിന്‌ ഹാജരാകണം
uploads/news/2023/03/614844/k5.jpg
കൊച്ചി: ലൈഫ്‌ മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ വീണ്ടും നോട്ടീസയച്ചു. മാര്‍ച്ച്‌ ഏഴിനു ചോദ്യം ചെയ്യലിനു ഹാജരാകാനാണു നിര്‍ദ്ദേശം.
ഫെബ്രുവരി 27 നു ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. രണ്ടാമതും നോട്ടീസ്‌ നല്‍കിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ബന്ധിതനായേക്കും. അതല്ലെങ്കില്‍ കോടതിയെ സമീപിച്ച്‌ വാറന്റ്‌ നേടിയെടുക്കുന്നതടക്കമുള്ള നടപടികളിലേയ്‌ക്ക്‌ ഇ.ഡിക്കു പോകാനാകും. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നത്‌. നേരത്തേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനു നോട്ടീസ്‌ നല്‍കിയപ്പോഴും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്‌തിരുന്നു. മുമ്പ്‌ സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു നാലു തവണ ഇ.ഡി. നോട്ടീസ്‌ നല്‍കിയിരുന്നു. ഇതില്‍ മൂന്നുതവണ ഇ.ഡിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരായിരുന്നില്ല.
അതേ സമയം ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിനായി ലൈഫ്‌ മിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ പി.ബി. നൂഹിനോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ വിശദാംശങ്ങളിലടക്കം വ്യക്‌തതയുണ്ടാക്കും.
വിവാദ കരാറിനും കേസിനും ശേഷമാണു പി.ബി. നൂഹ്‌ ചുമതലയേല്‍ക്കുന്നത്‌. ലൈഫ്‌ മിഷന്‍ കരാറില്‍ 3.38 ലക്ഷം രൂപയുടെ കോഴയിടപാട്‌ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കു ലഭിച്ചെന്നുമാണ്‌ ഇ.ഡിയുടെ കണ്ടെത്തല്‍.
കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി.എം. രവീന്ദ്രന്റെ അറിവോടെയാണു നടന്നതെന്നു സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സാപ്പ്‌ ചാറ്റുകളും ലഭിച്ചു. കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്‌തതിന്റെ തുടര്‍ച്ചയായാണു സി.എം. രവീന്ദ്രനും നോട്ടീസ്‌ നല്‍കിയത്‌. ലൈഫ്‌ മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പരിശോധിക്കലാണ്‌ ഇ.ഡിയുടെ ലക്ഷ്യം.
സ്വപ്‌നയെ വ്യക്‌തിപരമായി അറിയില്ലെന്നാണു രവീന്ദ്രന്റെ നിലപാട്‌. എന്നാല്‍, സ്വപ്‌ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്‌ ചാറ്റില്‍ രവീന്ദ്രന്റെ പേര്‌ പരാമര്‍ശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടര്‍ന്നു സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും അടുത്ത ബന്ധമുണ്ടെന്നു തോന്നിപ്പിക്കുന്ന ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്‌. ഈ തെളിവുകളുടെയും മൊഴിയുടെയും അടിസ്‌ഥാനത്തിലുള്ള ചോദ്യങ്ങളാണു രവീന്ദ്രനെ കാത്തിരിക്കുന്നത്‌. രവീന്ദ്രനെതിരേ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലിനു വിഷയമാകും.

Leave a Reply