ഉഷ്‌ണം കടുപ്പിക്കാന്‍ അള്‍ട്രാവയലറ്റ്‌ വികിരണങ്ങളും , കടന്നുപോയത്‌ നൂറ്റാണ്ടിലെ ‘ചൂടന്‍’ ഫെബ്രുവരി

0


കൊച്ചി : ഉഷ്‌ണം കടുക്കുമെന്നും വരാനിരിക്കുന്ന ദിവസങ്ങളില്‍ അള്‍ട്രാവയലറ്റ്‌ രശ്‌മിയുടെ ആഘാതം കൂടി പേറേണ്ടിവരുമെന്ന്‌ കാലാവസ്‌ഥാ ഗവേഷകര്‍. കടന്നുപോയതു നൂറ്റാണ്ടിലെ എറ്റവും ചൂടേറിയ ഫെബ്രുവരിയാണ്‌. രാജ്യത്ത്‌ 1901 നു ശേഷം ആദ്യമായിട്ടാണ്‌ ഇത്രയധികം ഉഷ്‌ണം ഫെബ്രുവരിയില്‍ ഉണ്ടായതെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. എസ്‌. അഭിലാഷ്‌. അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ പതിക്കുന്നതോടെ സൂര്യാഘാതസാധ്യത കൂടും. രാവിലെ മുതല്‍ 11.30 മുതല്‍ 2.30വരെയുള്ള സമയത്താണ്‌ അള്‍ട്രാവയലറ്റ്‌ വികിരണങ്ങള്‍ പതിക്കുന്നത്‌. സൂര്യകിരണങ്ങള്‍ നേരിട്ടു പതിക്കുന്നതില്‍ നിന്ന്‌ ഈ സമയം ഒഴിഞ്ഞുനില്‍ക്കുകയാണ്‌ ഉത്തമം.
ഉത്തരേന്ത്യക്കു മധ്യത്തില്‍ അന്തരീക്ഷത്തിലുള്ള എതിര്‍ചക്രവാതച്ചുഴിയാണ്‌ ഇപ്പോള്‍ ചൂടുകൂട്ടുന്ന വില്ലന്‍. ഫെബ്രുവരിയില്‍ സാധാരണയുണ്ടാകുന്നതില്‍ നിന്ന്‌ മൂന്നു ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടൂകൂടിയിരുന്നു. എതിര്‍ചക്രവാതച്ചുഴിയുണ്ടാകുമ്പോള്‍ വായു മര്‍ദത്തിലാകുന്നു. മര്‍ദം നേരിടുന്ന വായു ചൂടുപിടിച്ച്‌ പല ഭാഗത്തേക്കും വിതരണം ചെയ്യപ്പെടും. അതാണ്‌ ഉഷ്‌ണവ്യാപനം ശക്‌തമാക്കുന്നത്‌. എതിര്‍ചക്രവാതച്ചുഴി ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള സ്‌ഥാനത്തുനിന്ന്‌ അല്‍പം പടിഞ്ഞാറോട്ട്‌ ദിശമാറിയാല്‍ ദക്ഷിണേന്ത്യയിലേക്ക്‌ പ്രവഹിക്കുന്ന ചൂട്‌ കാറ്റിന്‌ ഏറെക്കുറെ ശമനമാകുമെന്ന്‌ ഡോ. അഭിലാഷ്‌ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ചുമാസം ചൂടു കൂടുന്നത്‌ ഭൗമോപരിതലത്തിലെ ജലാംശം നഷ്‌ടമാക്കും. ഇതു ജലാശയങ്ങളിലെയും കിണറിലെയും വെള്ളം വറ്റിക്കും. വേനല്‍ മഴ കുറയുകയും ചെയ്‌താല്‍ കടുത്ത വരള്‍ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ ഒറ്റപ്പെട്ട നേരിയ മഴ കിട്ടിയാലും വരള്‍ച്ചയ്‌ക്ക്‌ ശമനമാകില്ല.
ശക്‌തമായ മഴ കിട്ടണം. എന്നാല്‍ അതിനുള്ള സാധ്യത ഇപ്പോള്‍ വിരളമാണ്‌. മാത്രമല്ല വേനല്‍ മഴമൂലം അന്തരീക്ഷ ഈര്‍പ്പവും വര്‍ധിക്കും. അള്‍ട്രാവയലറ്റ്‌ രശ്‌മികളും അന്തരീക്ഷ ഈര്‍പ്പവും ഒന്നിച്ചുണ്ടാകുമ്പോള്‍ ചൂട്‌ അസഹനീയമായി ശരീരത്തില്‍ അനുഭവപ്പെടും. ശരീരത്തിലെ ജലാംശം കുറയുന്നതു മൂലമാണിത്‌. ഇത്‌ ശാരീരിക അസ്വസ്‌ഥതകള്‍ക്കും കാരണമാകും.
2015-16 കാലഘട്ടത്തിലാണ്‌ കേരളം ഏറ്റവും വലിയ വരള്‍ച്ച നേരിട്ടത്‌. അന്ന്‌ കിഴക്കന്‍ പസഫിക്കിലെ കടലിന്‌ ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസം നിലനിന്നിരുന്നു. സമാനസാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്നതായിട്ടാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌.

Leave a Reply