എലിയെ ഓടിക്കണം, പക്ഷേ ദൈവങ്ങളുടെ ഉറക്കംകെടുത്തരുത്‌!

0


ഭുവനേശ്വര്‍: എലിശല്യത്തില്‍ വലഞ്ഞ്‌ ഒഡീഷയിലെ പ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രം. പരിഹാരമായി എലികളെ അകറ്റുന്ന യന്ത്രം സ്‌ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും എതിര്‍ത്ത്‌ പുരോഹിതര്‍. കാരണം യന്ത്രത്തിന്റെ ശബ്‌ദം രാത്രിയില്‍ ദേവതമാരുടെ ഉറക്കം തടസപ്പെടുത്തും.
കഴിഞ്ഞ ജനുവരി മുതലാണു ക്ഷേത്രത്തില്‍ എലിശല്യം രൂക്ഷമായത്‌. ശ്രീകോവിലില്‍ പ്രതിഷ്‌ഠകളായ ജഗന്നാഥന്‍, ബലഭദ്രന്‍, സുഭദ്ര തുടങ്ങിയവരുടെ വസ്‌ത്രങ്ങള്‍ എലികള്‍ കടിച്ചുകീറുന്നതായും തടിയില്‍ തീര്‍ത്ത പ്രതിഷ്‌ഠകള്‍ നശിപ്പിക്കുന്നതായും പുരോഹിതര്‍ പരാതിപ്പെട്ടിരുന്നു.പ്രശ്‌നത്തിനു പരിഹാരമായി ഒരു ഭക്‌തന്‍ എലികളെ അകറ്റുന്ന യന്ത്രം നല്‍കി. ഇതു ശ്രീകോവിലില്‍ സ്‌ഥാപിക്കാനായിരുന്നു ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം.
എന്നാല്‍, ഇതില്‍നിന്നുള്ള ശബ്‌ദം ദേവതമാരുടെ ഉറക്കം തടസപ്പെടുത്തുമെന്നായിരുന്നു പുരോഹിതരുടെ നിലപാട്‌. ഇതോടെ ഇടുങ്ങിയ കഴുത്തുള്ള കുടങ്ങളില്‍ ശര്‍ക്കരയിട്ട്‌ എലിക്കെണി സ്‌ഥാപിക്കാമെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. ആചാരാനുഷ്‌ടാനങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്നത്‌ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌.

Leave a Reply