പകൽ മുഴുവൻ വീടിനുള്ളിൽ കഴിയും; രാത്രി പുറത്തിറങ്ങിയാൽ ഇടപാടുകാരുടെ വാഹനങ്ങളിൽ തന്നെ സഞ്ചരിച്ച് മയക്കുമരുന്ന് കൈമാറ്റം; റേവ് പാർട്ടികൾക്ക് ‘സ്‌നോബോൾ’; മോഡലിങ് ആർട്ടിസ്റ്റ് ആയ വനിത എംഡിഎംഎ യുമായി പിടിയിൽ

0



കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്ക് വേണ്ടി മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്‌സൈസിന്റെ പിടിയിൽ. മോഡലിങ് ആർട്ടിസ്റ്റായ ചേർത്തല അർത്തുങ്കൽ സ്വദേശി , നടുവിലപറമ്പിൽ വീട്ടിൽ, റോസ് ഹെമ്മ ( ഷെറിൻ ചാരു -29)വാണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയത്.

ഇവരിൽ നിന്ന് 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഉപഭോക്താക്കൾക്കിടയിൽ ‘സ്‌നോബോൾ ‘ എന്ന കോഡിലാണ് ഇവർ മയക്ക് മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളിൽ മാത്രം മയക്ക് മരുന്നുമായി പുറത്തിറങ്ങുന്ന ഇവർ ഉപഭോക്താക്കളുടെ തന്നെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്ക് മരുന്ന് കൈമാറ്റം ചെയ്ത് വരുകയായിരുന്നു.

റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികളിൽ മയക്ക് മരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്നത് ഹെമ്മയായിരുന്നു. റേവ് പാർട്ടികളിലെ രാസലഹരിയുടെ വിതരണം പൂർണ്ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവർ മുഖാന്തിരം മാത്രമേ നിശാ പാർട്ടികളിൽ രാസലഹരി എത്തിയിരുന്നുള്ളു.

പിടിയിലായ നിരവധി യുവതി യുവാക്കൾ , ആഡംബര വാഹനങ്ങളിൽ വന്നിറങ്ങുന്ന ഇവരെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നുവെങ്കിലും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു. കൊച്ചിയിലെ ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇവരെ ഭയമുള്ളതിനാൽ പിടിക്കപ്പെടുന്നവർ പലരും ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറുമല്ലായിരുന്നു.

പകൽ സമയം മുഴുവൻ മുറിയിൽ കഴിഞ്ഞ ശേഷം രാത്രി ആകുന്നതോട് കൂടി മയക്ക് മരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു വിൽപ്പനയുടെ രീതി. ഓൺലൈൻ ആയി വ്യത്യസ്ത ആളുകളുടെ പേരിൽ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം ഇവർ അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറും.

ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്‌സൈസ് സ്‌പെഷ്യൻ അക്ഷൻ ടീമിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് അർദ്ധ രാത്രി നടക്കുന്ന ഒരു നിശാപാർട്ടിക്ക് മയക്ക് മരുന്ന് എത്തിക്കുന്നതിന് ഇവർ വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ അർദ്ധരാത്രിയോട് കൂടി എക്‌സൈസ് സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.

പിടിയിലാകുമെന്ന് മനസ്സിലായ ഇവർ അതുവഴി വന്ന വാഹനം കൈകാണിച്ച് നിർത്തി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇവർ പിടിയിലായതോട് കൂടി നഗരത്തിലെ മയക്കുമരുന്ന് ഇടപാടു നടത്തുന്ന നിരവധി പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here