ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇടക്കിടെയുള്ള തീപ്പിടിത്തം. പക്ഷേ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപ്പിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ മലപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിക്കിടക്കുന്ന ഭാഗത്താണ് ആദ്യം തീ പടർന്നത്. അഗ്നിരക്ഷാസേന തീയണച്ചെങ്കിലും മാലിന്യം പുകഞ്ഞുനിന്നു. അന്തരീക്ഷമാകെ പുക നിറഞ്ഞു. കുറച്ചുസമയത്തിനു ശേഷം തീ വീണ്ടും ഉയർന്നു. 5.30-ഓടെ വ്യാപകമായി പടരാൻ തുടങ്ങി. കൂടുതൽ അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം 200 മീറ്ററിലധികം പ്ലാസ്റ്റിക് മലയാകെ തീ പടർന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞതോടെ തീ അനിയന്ത്രിതമായി പടരുകയും പ്ലാസ്റ്റിക് മാലിന്യം 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടരുകയുമായിരുന്നു. മാലിന്യക്കൂമ്പാരം തമ്മിൽ വിഭജിച്ചിട്ടുള്ളതിനാൽ തീ വ്യാപിക്കാൻ സാധ്യത കുറവായിരിക്കെയാണ് ഏക്കറുകണക്കിന് പ്രദേശത്തേക്ക് തീ പടർന്നത്. ഏക്കർ കണക്കിന് പ്രദേശത്താണ് പ്രളയമാലിന്യങ്ങൾ ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്.
തീ അണയ്ക്കാൻ ഹെലികോപ്ടറും, ശ്രമം നടത്തുന്നത് ആറ് മേഖലകളായി തിരിച്ച്
ആറ് മേഖലകളായി തിരിച്ചാണ് ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. നാലുമേഖലകളിലെ തീയണക്കാൻ അഗ്നിരക്ഷാ യൂണിറ്റുകളും ബാക്കി സ്ഥലങ്ങളിൽ നേവി, കൊച്ചിൻ റിഫൈനറി എന്നിവയുടെ യൂണിറ്റുകളും ഉപയോഗിച്ചാണ് പ്രവർത്തനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളും രംഗത്തുണ്ട്. ശനിയാഴ്ചയും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതോടെ നേവിയുടെ ഹെലികോപ്ടർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയിരുന്നു. വലിയ സംഭരണികളിൽ വെള്ളം എത്തിച്ച് ആകാശത്ത് പറക്കുന്ന ഹെലികോപ്ടറിൽനിന്നും തീയണക്കാൻ ശ്രമിക്കുകയായിരുന്നു. വലിയതോതിൽ തീ പടർന്ന മാലിന്യക്കൂമ്പാരങ്ങൾക്ക് മുകളിലാണ് ഹെലികോപ്ടർ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം നടത്തിയത്. എന്നാൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തുടക്കത്തിൽ ഫലപ്രദമായിരുന്നെങ്കിലും പുക ഉയരുന്നതോടെ അഗ്നിസേനാവിഭാഗത്തിന് താഴെനിന്ന് പ്രവർത്തിക്കാൻ കഴിയാതെ വരികയായിരുന്നു.
തീ ആളിപ്പടർന്ന് നാലാം ദിവസമായ ഞായറാഴ്ചയും തീ പൂർണമായി നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതെ വന്നതോടെ രണ്ട് വലിയ ഹൈപവർ ഡീ വാട്ടറിങ് പമ്പ് സെറ്റുകൾ ഉപയോഗിച്ച് കടമ്പ്രയാറിൽനിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്ളോട്ടിങ് ജെ.സി.ബിയുടെ സഹായത്തോടെ കടമ്പ്രയാർ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്. 32 ഫയർ എൻജിനുകളാണ് തീയണയ്ക്കുന്നത്.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്നു നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി കോർപ്പറേഷൻ ഭാഗത്തുനിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തിവെയ്ക്കാൻ തൊഴിലാളികൾക്ക് നിർദേശം നൽകിയതോടെ ശനിയാഴ്ച വീടുകളിൽനിന്ന് എടുത്ത മാലിന്യം റോഡരികിലെ പല സംഭരണകേന്ദ്രങ്ങളിലും കെട്ടിക്കിടക്കുകയാണ്. കൊച്ചി കോർപറേഷൻ കൂടാതെ കളമശ്ശേരി, ആലുവ, തൃക്കാക്കര, അങ്കമാലി തുടങ്ങിയ നഗരസഭകളിലും ചേരാനല്ലൂർ, വടുവുകോട്-പുത്തൻകുരിശ്, ചെല്ലാനം പഞ്ചായത്തുകളിലും മാലിന്യശേഖരണം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോടെ മാലിന്യ ശേഖരണം പുനഃസ്ഥാപിക്കുകയോ പകരം സ്ഥലം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ നഗരം ചീഞ്ഞ് നാറും.
കൺട്രോൾ റൂം, സ്മോക്ക് ഐ.സി.യുവും സജ്ജം
മാലിന്യപ്ലാന്റിൽ തീപ്പിടിത്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഷപ്പുക പ്രദേശമാകെ നിറഞ്ഞിരുന്നു. ആദ്യം പുക ഇരുമ്പനം ഭാഗത്തേക്കും കാറ്റ് വീശിയതോടെ അമ്പലമേട് ഭാഗത്തേക്കും പരന്നു. തുടർന്ന് നിരവധി പേർക്ക് അസ്വസ്ഥത ഉണ്ടായി. പിന്നീട് ഈ പുക ജില്ലയിലെ നഗരത്തിൽ ആകെ പടരുകയാണ്. ബ്രഹ്മപുരം, മേച്ചിറപ്പാട്ട്, കരിമുകൾ, ഇരുമ്പനം, ഏരൂർ, വൈറ്റില, ഹിൽപാലസ് തുടങ്ങി ജില്ലയിലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പുകയും പ്ലാസ്റ്റിക്കിന്റെ കരിഞ്ഞ ഗന്ധവും ഉണ്ട്. ഈ വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ട്, ഛർദി, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് നിരവധി പേർ ചികിത്സ തേടി. കൂടുതൽ പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന വിലയിരുത്തലിൽ സ്മോക്ക് ഐ.സി.യു. സ്ഥാപിക്കുകയും കൺട്രോൾ റൂം തുറക്കുകയും ചെയ്തു. എറണാകുളം ജനറൽ ആശുപത്രിയിൽ നൂറു ബെഡ് പ്രത്യേകം ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ 20 കിടക്കകൾ, കളമശേരി മെഡിക്കൽ കോളജിൽ കുട്ടികൾക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്.
തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്നിരക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജൻ പാർലറുകൾ ബ്രഹ്‌മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉണ്ട്. ആംബുലൻസിൽ ഒരേസമയം നാലുപേർക്ക് ഓക്സിജൻ നൽകുന്നതിന് സൗകര്യമുണ്ട്. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പൾമനോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായാൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയുടെ എല്ലാ ഭാഗത്തുംനിന്നും ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വിഷപ്പുകയുടെ ബുദ്ധിമുട്ട് കാരണം പലരും നഗരം വിട്ട് മാറിത്താമസിക്കുകയാണ്. 2019-ലെ തീപ്പിടിത്തത്തിൽ പുക ശ്വസിച്ച് ഇരുമ്പനത്ത് നിരവധിപ്പേർ ചികിത്സ തേടിയിരുന്നു.
ബയോമൈനിങ്ങിന് 54 കോടി, പക്ഷേ മിണ്ടാട്ടമില്ലാതെ കമ്പനി
മാസങ്ങൾക്ക് മുൻപാണ് ബ്രഹ്മപുരത്തുനിന്ന് മാലിന്യം മാറ്റുന്നതിന് ബയോമൈനിങ്ങിന് 54 കോടിയോളം ചെലവിൽ സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയത്. ബയോമൈനിങ് പ്രവർത്തനങ്ങൾ അവിടെ നടക്കുമ്പോഴാണ് മാലിന്യത്തിന് തീ പിടിച്ചത്. ബയോമൈനിങ് നടക്കുന്നതിന് സ്ഥലം കൈമാറിയ സ്ഥിതിക്ക് അവിടെ തീപ്പിടിത്തമില്ലാതെ മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കാണെന്ന വാദവും കോർപ്പറേഷൻ ഉന്നയിക്കുന്നുണ്ട്. കമ്പനിക്ക് കൈമാറിയ സ്ഥലത്ത് തീപ്പിടിത്തം ഉണ്ടായെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവർക്കു തന്നെയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തുന്നു.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചതുമൂലം വൻ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബ്രഹ്മപുരത്ത് മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ കൊച്ചി കോർപറേഷന്റെ വീഴ്ച ദേശീയ ഹരിത ട്രിബ്യൂണൽ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. മാലിന്യം സംസ്കരിക്കുന്നതിലെ വീഴ്ചയുടെ പേരിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ഹരിത ട്രിബ്യൂണൽ 2020 ജൂലൈ മൂന്നിന് ഉത്തരവിട്ടിരുന്നു. 2018 ഒക്ടോബറിൽ ആറ് മാസത്തിനുള്ളിൽ ബ്രഹ്മപുരത്ത് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് ഹരിത ട്രിബ്യൂണൽ കോർപറേഷന് ഒരുകോടി രൂപ പിഴയും ചുമത്തിയിരുന്നു.
എണ്ണിപ്പറയാൻ വീഴ്ചകളേറെ
പ്ലാന്റിന് പടിഞ്ഞാറു ഭാഗത്തുള്ള ഒറ്റപ്പെട്ട ഒരു പ്ലാസ്റ്റിക് മലയ്ക്കാണ് തീപിടിച്ചത്. ഈ മലയുടെ താഴെവരെ ഫയർ ഫോഴ്സ് വാഹനത്തിന് പോകാനുള്ള വഴി ഉണ്ടായിരുന്നു. എന്നിട്ടും ആദ്യ ഘട്ടത്തിൽ തീ അണക്കാൻ ശ്രമം ഉണ്ടായില്ല.
ഈ മാലിന്യ മലയോട് ചേർന്ന് തന്നെ അടിയന്തര സാഹചര്യങ്ങളിൽ വെള്ളം ചീറ്റിക്കാനായി സ്ഥാപിച്ച പമ്പിങ് യൂണിറ്റും ഉണ്ടായിരുന്നു. എന്നിട്ടും പ്ലാസ്റ്റിക് മലയിൽ ഉണ്ടായ തീപ്പിടിത്തം ഉടനെ അണയ്ക്കാൻ ശ്രമിച്ചില്ല.
മലകൾക്കിടയിൽ 11 പമ്പിങ് യൂണിറ്റുകളാണ് ഉള്ളത്. ഇത് തീപ്പിടിത്തമുണ്ടായ സമയത്ത് പ്രവർത്തിച്ചില്ല.
ഖരമാലിന്യസംസ്‌കരണ നിയമമനുസരിച്ചുള്ള സമയക്രമം പാലിക്കാൻ കൊച്ചി കോർപറേഷന് കഴിഞ്ഞിട്ടില്ല.
ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല
വേനൽ സമയത്ത് മാലിന്യം ഇടക്കിടെ നനക്കണം എന്നത് പാലിച്ചിട്ടില്ല.
അന്വേഷണത്തിന് കമ്മിഷൻ, കേസെടുത്ത് പോലീസ്
ബ്രഹ്മപുരം തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി സിറ്റി പോലിസ് കമ്മിഷണറെ നിയോഗിച്ചു. അഗ്നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കമ്മിഷണർ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. അതേ സമയം വടവുകോട്- പുത്തൻകുരിശ് പഞ്ചായത്ത് അംഗം ടി.എസ്. നവാസ് പരാതിപ്പെട്ടതിനെ തുടർന്ന് ഇൻഫോപാർക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.