ബ്രഹ്‌മപുരം: കൊച്ചി നഗരസഭയില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്കടക്കം പരുക്ക്‌

0


കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തില്‍ മേയര്‍ എം. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട്‌ സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു.
ഇക്കാര്യം അറിയിച്ച്‌ ഇന്നലെ രാവിലെ തന്നെ സെക്രട്ടറിക്ക്‌ കത്തുനല്‍കിയ പ്രതിപക്ഷം മേയറുടെ വാഹനം ഗേറ്റിന്‌ പുറത്തെത്തിയതോടെ തടയാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ്‌- ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം മുഴക്കി ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ചു. പുറത്ത്‌ സി.പി.എം. പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ഗേറ്റിനുള്ളിലേക്ക്‌ കടന്ന മേയറുടെ വാഹനത്തിന്‌ സംരക്ഷണം നല്‍കാന്‍ പോലീസ്‌ ബലപ്രയോഗം നടത്തി. പോലീസ്‌ വലയത്തില്‍ കാറില്‍ നിന്നിറങ്ങിയ മേയര്‍ ഒന്നാം നിലയിലെ ചേംബറില്‍എത്തും വരെ പ്രതിപക്ഷം അദേഹത്തെ തടയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ പോലിസ്‌ ലാത്തിവീശി.
ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌ അടക്കമുള്ളവര്‍ക്ക്‌ പരുക്കേറ്റു. ഒന്നാം നിലയിലേക്ക്‌ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സെക്രട്ടറിയുടെ ഓഫീസിന്‌ മുന്നിലെ മുറിയിലേക്ക്‌ തള്ളിനീക്കി. ഇതിനിടെ വാത്തുരുത്തി കൗണ്‍സിലര്‍ ടിബിന്‍ ദേവസിക്കും ചളിക്കവട്ടം കൗണ്‍സിലര്‍ എ.ആര്‍. പത്മദാസിനും തലയ്‌ക്ക്‌ ഗുരുതര പരുക്കേറ്റു. കൗണ്‍സിലര്‍ ബാസ്‌റ്റിന്‍ ബാബുവിന്റെ തോളിലാണ്‌ അടിയേറ്റത്‌. അഭിലാഷ്‌ തോപ്പില്‍, സീന എന്നിവര്‍ക്കും പരിക്കുണ്ട്‌. വനിതാ കൗണ്‍സിലര്‍മാരെയടക്കം പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.
തുടര്‍ന്ന്‌ മേയറുടെ ചേംബറിന്‌ മുന്നില്‍ പ്രതിപക്ഷനേതാവ്‌ ആന്റണി കുരീത്തറയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധക്കാരെ ഉള്ളിലേക്ക്‌ കടക്കാന്‍ അനുവദിക്കാതെ പോലീസ്‌ തടഞ്ഞു. ഇതിനിടെ പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസിന്റെ വാതില്‍ ചില്ലുകള്‍ തകര്‍ത്തു. ഇതോടെ പോലീസ്‌ ഇടപെട്ട്‌ പ്രതിഷേധക്കാരെ മാറ്റി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ കൗണ്‍സില്‍ ചേര്‍ന്നതായി പിന്നിട്‌ മാധ്യമങ്ങളോട്‌ പറഞ്ഞ മേയര്‍ എം. അനില്‍കുമാര്‍ 2011 മുതലുള്ള കരാറുകളില്‍ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ അറിയിച്ചു. ശുചിത്വ മിഷനുമായി ചേര്‍ന്ന്‌ ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കും. ബ്രഹ്‌മപുരം പ്ലാന്റില്‍ അടിയന്തര നന്നാക്കല്‍ ജോലികള്‍ നടത്താന്‍ തീരുമാനിച്ചതായും മേയര്‍ പറഞ്ഞു

Leave a Reply