കൈക്കൂലിയുടെ കളങ്കമേറ്റവർ അനധികൃത സമ്പത്തു കൊണ്ട് ജീവിതം ആഘോഷിക്കുമ്പോൾ നമുക്കൊന്ന് ഉള്ളറിഞ്ഞ് പുച്ഛിക്കുകയെങ്കിലും ചെയ്യാം…

0

എളുപ്പത്തില്‍ കാര്യം സാധിക്കാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതിന് വഴിവിട്ട ചില ‘ക്രിയകള്‍’ ചെയ്യാനും അവര്‍ തയ്യാര്‍. അങ്ങനെയാണ് അഴിമതി എന്ന ദുര്‍ഭൂതം സമൂഹത്തില്‍ ചുടലനൃത്തം നടത്തുന്നത്. അതോടെ ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ വിവിധ താന്ത്രിക-മാന്ത്രിക പദ്ധതികള്‍ രൂപപ്പെടുന്നു. അതുവഴിയും കുറേ ദുര്‍ഭൂതങ്ങള്‍ ഉദയം ചെയ്യുന്നു എന്നല്ലാതെ വേറെ മാറ്റമൊന്നും ഉണ്ടാവുന്നില്ല.

വിലക്കപ്പെട്ട കനി തിന്നാനുള്ള അദമ്യമായ ആഗ്രഹത്തെ ചൂഷണം ചെയ്താണ് ചെകുത്താന്‍ രണ്ട് നല്ല മനസ്സുള്ളവരെ കുടുക്കിയത്. പ്രലോഭനമായി ആദ്യ കൈക്കൂലി അങ്ങനെ രൂപപ്പെട്ടു. അവിടുന്നങ്ങോട്ട് കൈക്കൂലിയുടെ മഹായാത്ര ആരംഭിക്കുകയും ചെയ്തു. എളുപ്പം കാര്യം സാധിക്കാനുള്ള വഴിയായി കൈക്കൂലി അരങ്ങ് വാഴുമ്പോള്‍ അതൊരു മോശം സംഗതിയായി ഒരുവിധപ്പെട്ടവരൊന്നും കാണുന്നില്ലെന്നതത്രേ ദുഃഖകരമായ വസ്തുത. ഒരുവേള അതൊരു മിടുക്കായിപ്പോലും വ്യാഖ്യാനിക്കപ്പെടുന്നു.
അഴിമതിയെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും നമ്മൾ അധികം സംസാരിക്കാറില്ല. ആനുകാലികങ്ങളിൽ ഇതിനെക്കുറിച്ച് ആരുമങ്ങനെ എഴുതാറില്ല. ചാനൽ ചർച്ചകളുമില്ല. അക്കാഡമിക് പ്രബന്ധങ്ങളും വിരളം. എന്നാൽ ഈ വിപത്തിനെക്കുറിച്ചു അറിയാത്തവരായി ആരുമില്ലതാനും. പറഞ്ഞതുകൊണ്ട് പ്രയോജനമില്ലെന്നു തോന്നിയത് കൊണ്ടാവാം ഈ ഉദാസീന നിശ്ശബ്ദത. അതോ കുറച്ചൊക്കെ അഴിമതി എല്ലായിടത്തും കാണും ; അതത്ര കാര്യമാക്കാനില്ല; കാര്യം നടക്കുന്നുണ്ടല്ലോ എന്ന പ്രായോഗിക വിവേകമോ? സമൂഹത്തിന്റെ അലംഭാവത്തിനു നാം വലിയ വില കൊടുത്തുകൊണ്ടിരിക്കുന്നു.
അഴിമതി എന്നതൊരു സാമാന്യ പദമാണ്. ഇവിടത്തെ അന്വേഷണം കൈക്കൂലിയെക്കുറിച്ചു മാത്രം. പ്രായേണ ലളിതമാണ് കൈക്കൂലി എന്ന പ്രക്രിയ. ഒരു പൗരന് ന്യായമായും സമയബന്ധിതമായും പലപ്പോഴും സൗജന്യമായും കിട്ടേണ്ട സേവനമോ ആനുകൂല്യമോ
കിട്ടാൻ, അതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടവർക്ക്
അവിഹിതമായി കൊടുക്കുന്ന പണമാണല്ലോ കൈക്കൂലി. (ബുദ്ധി കൂടിയവർ പണമായി ചിലപ്പോൾ വാങ്ങുകയില്ല, സ്വർണമായോ മറ്റു
വിലകൂടിയ ഉത്‌പന്നമായോ മാത്രമേ സ്വീകരിക്കൂ.) ഈ അടുത്ത ദിവസങ്ങളിലായി ഒരുപാട് ജീവനക്കാർ കയ്യോടെ പിടിയിലാകുന്നുണ്ട്. (അത്രയും നന്ന്.) ഗതികെട്ട ആരൊക്കെയോ വിജിലൻസിൽ അറിയിക്കുന്നതുകൊണ്ടാണ് പലപ്പോഴും പിടിവീഴുന്നത്. ആ വാർത്തകൾ വായിക്കുന്നവരിൽ ചിലർക്ക് ചിലപ്പോൾ മാനസാന്തരമോ, ആത്മനിന്ദയോ, കുറഞ്ഞപക്ഷം ഭയമോ ഉണ്ടാവുകയാണെങ്കിൽ അതുതന്നെ വലിയ നേട്ടമല്ലേ? പക്ഷേ പണം വാങ്ങുന്നതിനിടയിൽ ഒരാൾ പിടിയിലായെങ്കിൽ നൂറു പേർ, ഇതേ അധർമ്മം ചെയ്തിട്ട് പിടിക്കപ്പെടാതെയുണ്ട് !
ഇതുമായി ബന്ധപ്പെട്ട് നിലനില്‌ക്കുന്ന ചില വികല ധാരണകളുണ്ട്. ലോകത്തെല്ലായിടത്തുമുള്ളതാണ് ഈ കലാപരിപാടി എന്നതാണ്
അവയിൽ പ്രധാനം. കൈക്കൂലിയുടെ പിണിയാളുകളും പ്രചാരകരും പറഞ്ഞു പരത്തുന്നതാണത്. ഒരു വികസിത രാജ്യത്തിലും പൗരന്മാരുടെ അവകാശങ്ങൾ കിട്ടുന്നതിന് ആരുടെയും കൈവെള്ളയിൽ വെണ്ണ പുരട്ടിക്കൊടുക്കേണ്ടതില്ല. അത് പൗരന്റെ
അവകാശമാണെന്ന ബോധ്യത്തിൽ ഓഫീസുകൾ പ്രവർത്തിക്കുന്നു.
‘സന്തോഷം സഹിക്കവയ്യാതെ എന്തെങ്കിലും കൊടുക്കുന്ന രീതി’ ഒരു
വികസിത രാജ്യത്തുമില്ല. മറ്റൊരു വ്യാജവിശ്വാസം, ‘ഈ ആനുകൂല്യങ്ങൾ കിട്ടുന്ന പൗരനും അത്ര പുണ്യവാളനൊന്നുമല്ല; വെറുതെ സർക്കാർ ആനുകൂല്യം അടിച്ചെടുക്കുകയല്ലേ; പിന്നെ നമുക്കും വല്ലതും തരട്ടെ.’ ഇതിനെക്കാൾ വലിയൊരു ഭോഷ്‌ക്ക്
മറ്റെന്തുണ്ട്? ഇതൊക്കെ കൈക്കൂലി വാങ്ങാൻ തീരുമാനിച്ചവർ സ്വയം സൃഷ്ടിക്കുന്ന കഥകളാണ്.
എന്റെ ഒരു ബന്ധുവിന് സർക്കാർ ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ ഒരു സ്‌കൂട്ടറായിരുന്നു വാഹനം. അധികം
താമസിയാതെ ഒരു കാർ വാങ്ങി. അപ്പോഴും എനിക്കൊന്നും
തോന്നിയില്ല. പിന്നെ ഒരു ദിവസം നോക്കുമ്പോൾ ഒരു
ഇന്നോവ കാറിൽ അദ്ദേഹം എന്നെ കാണാനെത്തി. ഞാൻ ചോദിച്ചു: ‘നിനക്കു ഇത്രയ്‌ക്കൊക്കെ ശമ്പളം ഉണ്ടോ?’ (ഞാൻ അന്ന് ഒരു മാരുതി ഡിസൈർ വാങ്ങാൻ ലോണെടുക്കുന്ന ബദ്ധപ്പാടിലായിരുന്നു.) അയാളുടെ മറുപടി എന്നെ തളർത്തി: ‘ശമ്പളം കൊണ്ടാർക്കു ജീവിക്കാൻ പറ്റും?ഞങ്ങളുടെ വകുപ്പിൽ ഇതൊന്നുമില്ലാതെ കഴിഞ്ഞുകൂടാൻ പറ്റില്ല.’ ഞാൻ ഒന്നും പറഞ്ഞതില്ല. അയാൾ കാര്യമായി വാങ്ങിത്തുടങ്ങി എന്ന് എനിക്കുറപ്പായി. പിന്നീട് ഇയാളെ സസ്‌പെൻഡ് ചെയ്യാനുള്ള വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശം അംഗീകരിച്ച് അന്നത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറിയായ
ഞാൻ ഒപ്പിടുകയുമുണ്ടായി. ആളുകൾക്ക് പ്രയോജനകരമാം വിധം ജോലി ചെയ്യേണ്ടവർ തങ്ങൾക്കു ‘വല്ലതും കിട്ടും’ എന്നുറപ്പുള്ള കാര്യങ്ങൾ മാത്രം ചെയ്യുന്നു. കൈക്കൂലി കൊടുക്കാത്തവരോട് നിയമം വ്യാഖ്യാനിച്ചും, ആരും ചോദിക്കാത്ത ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചും അവർ ഭാവനാ കുബേരന്മാരാകുന്നു. അങ്ങനെ കാര്യങ്ങൾ സങ്കീർണമാക്കുന്നു. സാധാരണ മനുഷ്യർക്ക് നീതി നിഷേധിക്കപ്പെടുന്നു. നിയമങ്ങളെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയും ജനങ്ങളെ അവഹേളിക്കുകയും ചെയ്യുന്നു. ഒന്നല്ല, അനേകം കുറ്റങ്ങളാണ് ഇത്തരക്കാർ ചെയ്യുന്നത്. അവിഹിതമായി പണം വാങ്ങുന്നു എന്ന നിയമപരവും ധാർമികവുമായ കുറ്റം. മന:പ്പൂർവമായ കാലതാമസത്തിനു വളംവയ്ക്കുന്നു എന്ന കുറ്റം. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നു എന്ന കുറ്റം. കാര്യക്ഷമമായും സത്യസന്ധമായും ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്നു എന്ന കുറ്റം. വിശദീകരിക്കാനാകാത്ത അധിക വരുമാനം ഇത്തരക്കാർ സ്വന്തം മക്കളോട് എങ്ങനെ വിശദീകരിക്കുന്നു? അച്ഛന്റെ /അമ്മയുടെ ശമ്പളത്തെക്കുറിച്ച് കുട്ടികൾക്ക് ഒരേകദേശ ധാരണയുണ്ടല്ലോ.
അതിനോട് യോജിക്കാത്ത വരുമാനം എവിടെനിന്നു കിട്ടി എന്നന്വേഷിക്കുന്ന കുട്ടി എന്റെ അച്ഛൻ/അമ്മ കൈക്കൂലി വാങ്ങും’എന്നറിയുന്ന നിമിഷത്തെ ആ മാതാപിതാക്കൾ എങ്ങനെ നേരിടും? അതിനെക്കാൾ ലജ്ജാകരവും ദുരന്തപൂർണവുമായി മറ്റൊരു
സന്ദർഭമുണ്ടോ ? ഇതറിഞ്ഞുകഴിഞ്ഞ മക്കളോട് ‘സത്യമേവ ജയതേ’ എന്നത് ദേശീയഫലിതമാണെന്നല്ലേ പറയാനാവൂ?
ഒരു ജീവനക്കാരനെ/ ജീവനക്കാരിയെ പോറ്റാൻ സംസ്ഥാന സർക്കാർ ചെലവഴിക്കുന്ന പണം എത്രയാണെന്ന് നമ്മൾ കണക്കാക്കാറില്ല. അമ്പത്തിയാറു വയസിൽ റിട്ടയർ ചെയ്യുമ്പോൾ
സർവീസിലുണ്ടായിരുന്ന മുപ്പതോളം വർഷം ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ചികിത്സാച്ചെലവ്, മറ്റനേകം ആനുകൂല്യങ്ങൾ എന്നിവയെല്ലാം സർക്കാർ കൃത്യമായി കൊടുക്കുന്നു.
ആയുർദൈർഘ്യം കൂടിയതിനാൽ റിട്ടയർമെന്റിനു ശേഷം ഇരുപതു
ഇരുപത്തിയഞ്ചു വർഷം പെൻഷൻ വാങ്ങും. കാലശേഷം ജീവിതപങ്കാളി ഏഴെട്ടു വർഷമെങ്കിലും ജീവിക്കും. ആ കാലയളവിൽ ഫാമിലി പെൻഷൻ കിട്ടും. ചുരുക്കത്തിൽ ഒരു ജീവനക്കാരനെ സർക്കാർ (പലിശയ്ക്കു കടം വാങ്ങി) പോറ്റുന്നത് ശരാശരി അറുപതു അറുപത്തിയഞ്ച് വർഷങ്ങളാണെന്നോർക്കണം. ആ കൃതജ്ഞതയും
ഓർമ്മയുമില്ലെന്നതോ പോകട്ടെ, സ്വയംമറന്നു സേവനം നല്‌കേണ്ട
സമയത്ത് കൈക്കൂലി എന്ന അഴുക്കുചാലിൽ ഇറങ്ങി കൈയുംനീട്ടി നില്‌ക്കുകയാണ് ചിലർ. അവരെ നേർവഴിക്കു നടത്താൻ നിയമങ്ങൾക്കൊപ്പം സമൂഹത്തിന്റെ അവഹേളനവും കൂടിയേ കഴിയൂ. കൈക്കൂലിയുടെ കളങ്കമേറ്റവർ അനധികൃത സമ്പത്തു കൊണ്ട് ജീവിതം ആഘോഷിക്കുമ്പോൾ നമുക്കൊന്ന് ഉള്ളറിഞ്ഞ് പുച്ഛിക്കുകയെങ്കിലും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here