ഭദ്ര’ ട്രാൻസ് ജെൻഡേഴ്സ് നൃത്ത സംഘത്തിന്റെ അരങ്ങേറ്റ വേദിയിൽ വൃന്ദാവനത്തിലെ രാധയായും രൗദ്ര ഭാവമുള്ള ദദ്രകാളിയായും അവർ നിറഞ്ഞാടി

0

വൃന്ദാവനത്തിലെ രാധയായും രൗദ്ര ഭാവമുള്ള ദദ്രകാളിയായും അവർ നിറഞ്ഞാടി. ചടുല നൃത്തത്തിനെപ്പം പയ്യാമ്പലത്തെ കടൽ കാറ്റ് പോലും താളം പിടിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തെ മുഖ്യധാരയിൽ എത്തിക്കാൻ ജില്ലാ പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും ചേർന്ന് ആരംഭിച്ച ‘ഭദ്ര’ ട്രാൻസ് ജെൻഡേഴ്സ് നൃത്ത സംഘത്തിന്റെ അരങ്ങേറ്റ വേദിയാണ് ജില്ലയിലെ കലാ സംസ്‌കാരിക മണ്ഡലത്തിൽ പുതുചരിത്രം കുറിച്ചത്.

2021-22, 2022- 23 എന്നീ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘത്തിനായി രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നൃത്തത്തിന് ആവശ്യമായ വസ്ത്രവും മേക്കപ്പ് സാധനങ്ങളും വാങ്ങിയതിനൊപ്പം പരിശീലനവും പൂർത്തിയാക്കി. കാഞ്ചി ബാവ, റീമ , കാവ്യ ബിജു, എമി ഷിറോൺ, ശ്യാമിലി ശ്രീജിത്ത് തുടങ്ങി 13 പേരാണ് സംഘത്തിലുള്ളത്. കൂത്തുപറമ്പ് സ്വദേശികളായ സൂരജ്, അസ്നേഷ് എന്നിവരാണ് പരിശീലകർ.

സംഘം ഇനി മറ്റ് വേദികളിലും നൃത്തവുമായി ദൃശ്യ വിസ്മയം തീർക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ട്രാൻസ് നൃത്ത സംഘം രൂപീകരിക്കുന്നത്. ട്രാൻസ് ജെൻഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. നേരത്തെ ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകിയിരുന്നു.

പയ്യാമ്പലം ബീച്ച് ഓപ്പൺ സ്റ്റേജിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. നൃത്ത സംഘം ഇവർക്ക് വരുമാന മാർഗമായി മാറുമെന്നും അതിലുടെ ജീവിത ചെലവ് കണ്ടത്താനാകുമെന്നും പി പി ദിവ്യ പ്രത്യാശിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ എന്നിവർ സംസാരിച്ചു..

Leave a Reply