അമിത്‌ ഷാ വരുന്നത്‌ ‘ശക്‌തനിലൂടെ തൃശൂരിലേക്ക്‌ ‘ കയറാനുള്ള തന്ത്രങ്ങളുമായി

0


തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ 12 നു തൃശൂരിലെത്തുന്നതു കൃത്യമായ അജന്‍ഡയുമായി. ശക്‌തന്‍ തമ്പുരാന്റെ ബലികുടീരം സന്ദര്‍ശിച്ചാകും അദ്ദേഹം സന്ദര്‍ശനം തുടങ്ങുക. ശക്‌തന്റെ കാലത്തെ ഭരണനടപടികളിലേക്കു വെളിച്ചം വീശുന്ന പ്രഖ്യാപനങ്ങളും നടത്തിയേക്കും. തൃശൂരിന്റെ ആത്മാഭിമാനം വീണ്ടെടുത്ത്‌ മഹാനഗരമാക്കിയത്‌ ശക്‌തന്റെ ഭരണകാലത്താണ്‌. “ശക്‌തനിലൂടെ തൃശൂരിലേക്ക്‌” എന്നതാകും ബി.ജെ.പിയുടെ മുദ്രാവാക്യം.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി സുരേഷ്‌ ഗോപി മത്സരിക്കുമെന്ന്‌ഏറെക്കുറെ ഉറപ്പായിട്ടുണ്ട്‌. അമിത്‌ ഷായുടെ വരവോടെ കൂടുതല്‍ വ്യക്‌തതയുണ്ടാകും.
തൃശൂര്‍ ലോക്‌സഭാ സീറ്റിലെ ജയസാധ്യതയെക്കുറിച്ച്‌ അദ്ദേഹം വിവിധ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തും. ക്ഷേത്രഭരണസമിതികളില്‍ അവിശ്വാസികള്‍ കടന്നുകയറുന്ന കാര്യം സജീവ ചര്‍ച്ചയാക്കാന്‍ ബി.ജെ.പിക്ക്‌ ഉദ്ദേശ്യമുണ്ട്‌. മതന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനും ശ്രമമുണ്ടാകും.
കഴിഞ്ഞ അഞ്ചിനു നടക്കേണ്ട സന്ദര്‍ശനമാണ്‌ 12 ലേക്കു മാറ്റിയത്‌. ഈയിടെ കര്‍ണാടകയിലെ ദേവനഹള്ളിയില്‍ നടന്ന വിജയസങ്കല്‍പ രഥയാത്രയില്‍ അമിത്‌ ഷാ പങ്കെടുത്തിരുന്നു. അതിനു സമാനമായി കേരളത്തിലും മോദി മാജിക്‌ നടപ്പാക്കാനുള്ള വഴികളാകും പ്രധാനമായും തേടുക.
ഇനി കേരളം ലക്ഷ്യമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ ബി.ജെ.പിയുടെ ദിവാസ്വപ്‌നമെന്നാണ്‌ സി.പി.എം. നേതൃത്വം പ്രതിരോധ ജാഥയില്‍ പരിഹസിച്ചത്‌. ഇതിനു മറുപടി പറയാനും അമിത്‌ ഷാ മുതിര്‍ന്നേക്കും. കേരളത്തില്‍ ഗുസ്‌തി പുറത്തു ദോസ്‌തി എന്നതു ജനങ്ങള്‍ കാണുന്നുണ്ടെന്നും ബി.ജെ.പി. പ്രചരിപ്പിക്കും. കോണ്‍ഗ്രസിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ ഒരുപോലെ മറുപടി പറയേണ്ടിവരും. ഇടതുകേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ്‌ ഷായുടെ വരവിനെ ഉറ്റുനോക്കുന്നത്‌. കോണ്‍ഗ്രസിനും ചങ്കിടിപ്പുണ്ട്‌. സംഘപരിവാര്‍ ഘടകങ്ങളെ ഒന്നിച്ച്‌ അണിനിരത്താനുള്ള സാധ്യതകളും ബി.ജെ.പി. നേതൃത്വം തേടുന്നുണ്ട്‌.
സുരേഷ്‌ ഗോപി തൃശൂരില്‍ വികസനപരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമാണ്‌. ചാരിറ്റിപ്രവര്‍ത്തനം വോട്ടാകുമോ എന്ന സംശയം സി.പി.എമ്മിനുണ്ട്‌.

സുരേഷ്‌ ഗോപിയുടെ ജീവകാരുണ്യ പ്രവൃത്തി അംഗീകരിച്ചതിന്‌ നന്ദി: ബി.ജെ.പി.

തൃശൂര്‍: നടന്‍ സുരേഷ്‌ ഗോപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രകീര്‍ത്തിച്ചത്‌ അംഗീകാരമെന്നു ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ.ബി. ഗോപാലകൃഷ്‌ണന്‍.
രാഷ്‌ട്രീയവും സാമൂഹിക പ്രവര്‍ത്തനവും രണ്ടാണന്ന എം.വി. ഗോവിന്ദന്റെ പ്രസ്‌താവന സുരേഷ്‌ ഗോപിക്കു ലഭിക്കുന്ന അംഗീകാരത്തില്‍നിന്ന്‌ ഉടലെടുത്ത വിഭ്രാന്തിയുടെ ജല്‍പ്പനമാണ്‌. സാമൂഹിക പ്രവര്‍ത്തനമാണ്‌ രാഷ്‌ട്രീയം എന്നതാണ്‌ ബി.ജെ.പിയുടെ വിചാരധാര. 365 ദിവസം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാലും സുരേഷ്‌ ഗോപി ജയിക്കില്ലന്ന ഗോവിന്ദന്റെ പ്രസ്‌താവന കോണ്‍ഗ്രസിന്‌ വോട്ട്‌ വിറ്റ്‌ സുരേഷ്‌ ഗോപിയെ പരാജയപ്പെടുത്താനുള്ള ഹിഡന്‍ അജന്‍ഡയുടെ തുറന്നുപറച്ചിലാണ്‌. കണ്ണൂരില്‍ കണ്ണൂരുട്ടുന്ന പോലെ തൃശൂരില്‍ വന്നു കണ്ണുരുട്ടേണ്ടെന്നു മുന്നറിയിപ്പു നല്‍കിയ ഗോപാലകൃഷ്‌ണന്‍, കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവരല്ല ശക്‌തന്റെ തട്ടകത്തിലെ ജനങ്ങളെന്നും ചൂണ്ടിക്കാട്ടി

Leave a Reply