വീണ്ടും വലിഞ്ഞുമുറുകി റബര്‍ രാഷ്‌ട്രീയം

0


കോട്ടയം : റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബി.ജെ.പി.ക്ക്‌ കേരളത്തില്‍ എം.പിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന തലശേരി അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പാംപ്ലാനിയുടെ പ്രസ്‌താവനയോടെ കേരളത്തിലെ റബര്‍ രാഷ്‌ട്രീയം വീണ്ടും വലിഞ്ഞുമുറുകി. മാര്‍ പാംപ്ലാനിയുടെ പ്രസ്‌താവനയെ അനുകൂലിച്ചും പ്രതികൂലിച്ചു രാഷ്‌ട്രീയ നേതാക്കള്‍ രംഗത്ത്‌ വന്നതോടെ വരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പകുതി മണ്ഡലങ്ങളിലെങ്കിലും റബര്‍ രാഷ്‌ട്രിയം പ്രതിഫലിക്കുമെന്ന്‌ ഉറപ്പായി.
ബിഷപ്പിന്റെ പ്രഖ്യാപനത്തിലൂടെ തങ്ങളുമായി അകന്നു നില്‍ക്കുന്ന ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ ബി.ജെ.പി. നേതൃത്വം.
എന്നാല്‍, റബറിനു ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു ബാധ്യത ഉണ്ടെന്നിക്കേ വോട്ടുമായി റബര്‍ കൂട്ടിക്കുഴയ്‌ക്കേണ്ടന്ന നിലപാടാണ്‌ ബഷപ്പിന്റെ പ്രഖ്യാപനത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്‌.വളത്തിന്റെ വില മൂന്നിരട്ടിവരെ വര്‍ധിച്ചിട്ടും സര്‍ക്കാരുകള്‍ മൗനത്തിലാണന്നും ഇവര്‍ ആരോപിക്കുന്നു.
റബറിന്റെ വില നിലവിലുളള സാഹചര്യത്തില്‍ മുന്നൂറിലെത്തിക്കാന്‍ കഴിയില്ലെന്നു വ്യക്‌തമാണെങ്കിലും ബിഷപ്പ്‌ ഉയര്‍ത്തിയ പ്രഖ്യാപനം കൊളളുന്നത്‌ ഇടതുസര്‍ക്കാരിനും പ്രത്യേകിച്ച്‌ കേരള കോണ്‍ഗ്രസ്‌ (എം)നുമാണ്‌.ബിഷപ്പ്‌ വിമര്‍ശിച്ചത്‌ കേന്ദ്ര സര്‍ക്കാരിനെയാണെന്ന വാദമാണ്‌ കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി ഉയര്‍ത്തുന്നതെങ്കിലും റബറിന്റെ വില സ്‌ഥിരതാ ഫണ്ട്‌ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിലപാട്‌ പ്രഖ്യാപിക്കാത്തതില്‍ റബര്‍ കര്‍ഷകര്‍ക്കു കടുത്ത അതൃപ്‌തിയുണ്ട്‌.
റബറിന്‌ 250 രൂപ വിലസ്‌ഥിരതാ ഫണ്ട്‌ പ്രഖ്യാപിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സര്‍ക്കാര്‍ ഇതു പൂര്‍ണമായും അവഗണിക്കുകയായിരുന്നു.ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്‌ (എം )കോട്ടയത്ത്‌ റബര്‍ കര്‍ഷക സംഗമം നടത്തിയെങ്കിലും റബര്‍ വിലസ്‌ഥിരതാ ഫണ്ട്‌ എന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോകുകയായിരുന്നു.കേരളാ കോണ്‍ഗ്രസിന്റെ അടിസ്‌ഥാന വോട്ട്‌ ബാങ്കില്‍ ഭൂരിപക്ഷവും റബര്‍ കര്‍ഷകരാണ്‌. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണു കാലങ്ങളായി റബര്‍ കര്‍ഷകര്‍ സ്വീകരിച്ചുവരുന്നത്‌.
അതിനാല്‍ റബര്‍ വിലയിലുണ്ടാകുന്ന മാറ്റം വോട്ടു ബാങ്കുകളിലും വ്യത്യാസം വരുത്തുമെന്ന വെല്ലുവിളി എല്ലാ മുന്നണികളിലുമുണ്ട്‌. ഇതിനിടെ ബിഷപ്പിന്റെ പ്രസ്‌താവനയെ പിന്തുണച്ച ബി.ജെ.പി.നേതാക്കള്‍ക്കു പിന്നാലെ ജനപക്ഷം നേതാവ്‌ പി.സി. ജോര്‍ജ്‌ രംഗത്തുവന്നതും പുതിയ രാഷ്‌ട്രീയ മാനങ്ങള്‍ക്കു വഴിതെളിച്ചിട്ടുണ്ട്‌. റബര്‍ വിഷയത്തില്‍ നിലപാട്‌ പ്രഖ്യാപിച്ച തലശേരി ബിഷപ്പിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.ക്രിസ്‌ത്യന്‍ വിഭാഗങ്ങളിലേക്കു കൂടുതല്‍ അടുക്കാന്‍ പി.സി. ജോര്‍ജിനെയും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ്‌ ബി.ജെ.പിയുടെ പ്രതീക്ഷ. തിരുവനന്തപുരം, കോട്ടയം,പത്തനംതിട്ട, കാസര്‍ഗോഡ്‌ , തൃശൂര്‍ മണ്ഡലങ്ങളില്‍ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ പിന്തുണച്ചാല്‍ എന്‍.ഡി.എ. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും ജോര്‍ജ്‌ പറയുന്നു

Leave a Reply