മോർഫിങ് പരാതിയിൽ കേസ് എടുത്തതിനു പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0

മോർഫിങ് പരാതിയിൽ കേസ് എടുത്തതിനു പിന്നാലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിപിഎം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ നേതാവുമായ പൂക്കോട് തൃക്കണ്ണാപുരത്തെ എം.മുരളീധരനാണ് (42) മരിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന പരാതിയിൽ മുരളീധരന് എതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്നു കാണാതായ മുരളീധരനെ ഇന്നലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. വലിയവെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിലാണു മൃതദേഹം കണ്ടെത്തിയത്.

പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നാലെ കഴിഞ്ഞദിവസം മുരളീധരനെ സിപിഎം പുറത്താക്കിയിരുന്നു. വാട്സാപ് പ്രൊഫൈലിൽ നിന്നുള്ള സ്ത്രീകളുടെ ഫോട്ടോയും മറ്റും മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണു പരാതി. സംഭവത്തിൽ തൃക്കണ്ണാപുരം കളരിമുക്കിലെ സുഹ‍ൃത്തിനെതിരെയും കേസെടുത്തിരുന്നു. വീട്ടിൽ നടന്ന ആത്മഹത്യാ ശ്രമത്തിൽ പരുക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply