നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ, രാഷ്ട്രീയ നേതാക്കൾ അടക്കം വിവിധി തുറകളിൽ ഉള്ളവർ അനുശോചിച്ചു

0

തിരുവനന്തപുരം: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ, രാഷ്ട്രീയ നേതാക്കൾ അടക്കം വിവിധി തുറകളിൽ ഉള്ളവർ അനുശോചിച്ചു.

മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്.

ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമ്മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാർത്ഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും.

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.

നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ

അത്യന്തം ദുഃഖകരമായ വാർത്തയാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. എണ്ണമറ്റ സിനിമകളിൽ നമ്മളെ ചിരിപ്പിച്ചും കണ്ണു നനയിച്ചും ചിന്തിപ്പിച്ചും ചിലപ്പോഴൊക്കെ കഥാപാത്രത്തെ വെറുക്കാൻ പ്രേരിപ്പിച്ചും തന്റെ പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചൻ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാർത്ഥ്യം വേദനയോടെ മാത്രമേ ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ. നിർമ്മാതാവായി സിനിമയിലെത്തി പിന്നീട് മലയാളസിനിമയിൽ വെള്ളിത്തിരയിലും പുറത്തുമായി സജീവസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലോകത്തെമ്പാടുമുള്ള മലയാളികളെയാകെ ദുഃഖത്തിലാഴ്‌ത്തി വിടവാങ്ങുന്നത്.

ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ചികിത്സയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുവാൻ ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് നേരിട്ട് ആശുപത്രിയിൽ പോയി അദ്ദേഹത്തിന്റെ രോഗാവസ്ഥ വിലയിരുത്തി. അതീവഗുരുതരം ആണെന്ന് അറിയാമെങ്കിലും മനസിൽ തിരിച്ചുവരവെന്ന പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ നാളുകളിലെ പോലെ രോഗത്തെ ചിരിച്ചുതോൽപ്പിച്ചു അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷ വിഫലമായിരിക്കുന്നു.

മലയാളികളെ ചിരിപ്പിക്കാൻ ഇന്നസെന്റിന് സംഭാഷണങ്ങൾ പോലും ആവശ്യമില്ലായിരുന്നു. മുഖഭാവങ്ങൾ കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു. മിഥുനം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം കാഴ്ചവെച്ച ഭാവങ്ങൾ ഇന്നും ട്രോളുകളുടെ രൂപത്തിൽ നമ്മളെ ചിരിപ്പിക്കുന്നു. മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന എത്രയെത്ര കോമഡി ചിത്രങ്ങൾ. മൈഡിയർ മുത്തച്ചൻ, ഗജകേസരിയോഗം, വർണ്ണം, പ്രാദേശിക വാർത്തകൾ, മണിച്ചിത്രത്താഴ്, അഴകിയ രാവണൻ, പാവം പാവം രാജകുമാരൻ, കിഴക്കുണരും പക്ഷി, സർവ്വകലാശാല, ആമിനാ ടെയ്‌ലേഴ്‌സ്, ഡോ. പശുപതി, കിലുക്കം, കല്യാണരാമൻ, പ്രാഞ്ചിയേട്ടൻ തുടങ്ങി പെട്ടെന്ന് ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രങ്ങൾ നിരവധിയാണ്. ഹാസ്യനടൻ എന്ന നിലയിൽ മാത്രമല്ല ക്യാരക്ടർ റോളുകളും വില്ലൻ കഥാപാത്രങ്ങളും ഇന്നസെന്റ് വഴക്കത്തോടെ അവതരിപ്പിച്ചു. ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യരെ മറക്കാൻ സാധിക്കുമോ? ഗോഡ്ഫാദർ, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ അസംഖ്യം സിനിമകൾ ഉദാഹരണം. കേളി, അദ്വൈതം, കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻവേഷവും എടുത്തു പറയാതെ വയ്യ. കാതോട് കാതോരത്തിലെ കപ്യാരെ ഒക്കെ കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലണം എന്ന് പ്രേക്ഷകന് തോന്നുന്ന രീതിയിൽ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ഇത്തരത്തിൽ എത്രയോ വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ നമ്മെ അത്ഭുതപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു.

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകൻ എന്ന നിലയിലും ഇന്നസെന്റ് മലയാളസിനിമയുടെ വളർച്ചയ്ക്കായി പ്രയത്‌നിച്ചു. അമ്മയുടെ ദീർഘകാല ഭാരവാഹി എന്ന നിലയിൽ അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള നടപടികളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. തുടക്കം മുതൽ ഇടതുപക്ഷ, പുരോഗമനനിലപാടുകൾ ഉയർത്തിപ്പിടിച്ച ഇന്നസെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചാലക്കുടി ജനത അദ്ദേഹത്തെ ഏൽപ്പിച്ച എംപി എന്ന ചുമതല ഭംഗിയായി നിർവഹിക്കുകയും ചെയ്തു. അവിചാരിതമായി കാൻസർ തേടിയെത്തിയപ്പോൾ തളരാതെ സധൈര്യം അതിനെ നേരിട്ട അദ്ദേഹം തന്റെ ചികിത്സാനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിലൂടെ സമാനരോഗാവസ്ഥയിൽ കടന്നുപോകുന്നവർക്ക് ആത്മവിശ്വാസം പകർന്നുനൽകി.

ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയിലേൽപ്പിക്കുന്ന വിടവ് നികത്താൻ സാധിക്കില്ല. തന്റെ സിനിമകളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, നിത്യജീവിതത്തിൽ എന്നും കണ്ടുമുട്ടുന്ന അയൽക്കാരിലൊരാളായി നാം സങ്കല്പിച്ച ഇന്നസെന്റ് ഇനി നമ്മുടെ ഓർമകളിൽ അനശ്വരനായി നിലകൊള്ളും. മലയാളികൾ ഓരോരുത്തരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ഇന്നസെന്റിന് ആദരാഞ്ജലികൾ.

വി.ഡി.സതീശൻ

പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസന്റ് വേദനിപ്പിക്കുന്ന ഓർമയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്‌കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ, ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്നു നൽകുകയും ചെയ്‌തൊരാൾ. ഇന്നസന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ല.

സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിങ്ങാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെന്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളിൽ ഒരാളാണ്. എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസന്റ് സ്‌ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസന്റ് എന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമയ്‌ക്കൊപ്പം നടന്നു. അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കെ.സുരേന്ദ്രൻ

ഇന്നസന്റിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരംഗമായി മാറിയ നടനായിരുന്നു ഇന്നസന്റ്. തന്റെ സ്വതസിദ്ധമായ നർമം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരൻ

ഇന്നസന്റിന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. പകരം വയ്ക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്നസന്റിന്റെ വേർപാട് മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. ഹാസ്യനടനായും സ്വഭാവനടനായും അതിശയിപ്പിച്ച അദ്ദേഹം ആടിത്തിമിർത്ത കഥാപാത്രങ്ങളിലൊന്നും മറ്റൊരു താരത്തെ ചിന്തിക്കാൻ പോലും സാധിക്കില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply