ബാഡ്മിന്റൻ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

0
ശ്യാം യാദവ്. Image. Twitter

ബാഡ്മിന്റൻ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മൽകാഗിരി സ്വദേശി ശ്യാം യാദവ്(38) ആണ് മരിച്ചത്. ഹൈദരാബാദിലെ പ്രഫസർ ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. സ്റ്റേഡിയത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

യാദവ് ബാഡ്മിന്റൻ കോർട്ടിൽ വീഴുന്നതും അവിടെയുണ്ടായിരുന്നവർ അയാൾക്കു ചുറ്റും കൂടി അദ്ദേഹത്തെ ഉണർത്താൻ ശ്രമിക്കുന്നതുമാണ് വിഡിയോയിൽ. സിപിആർ നൽകിയിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെട്ടേനെയെന്നാണു ചിലരുടെ അവകാശവാദം.

ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. യാദവ് ബാഡ്മിന്റൻ, ക്രിക്കറ്റ് അടക്കമുള്ള കായിക ഇനങ്ങളിൽ പ്രാഗത്ഭ്യമുള്ള വ്യക്തിയാണെന്നും എന്നും ജോലി കഴിഞ്ഞു വന്നതിനുശേഷം കളിക്കാൻ പോകാറുണ്ടെന്നുമാണ് ഇയാളുടെ സഹോദരൻ പറഞ്ഞത്.
തെലങ്കാനയിൽ ഇത്തരത്തിലെ നാലാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം തെലങ്കാനയിലെ പാർഡി ഗ്രാമത്തിൽ വിവാഹസത്കാരത്തിൽ ന‍ൃത്തം ചെയ്യുന്നതിനിടെ പത്തൊൻപതുകാരൻ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഫെബ്രുവരി 22ന് ഹൈദരാബാദിലെ ജിമ്മിൽ കുഴഞ്ഞുവീണ് 24 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥനും ഫെബ്രുവരി 20ന് ഹാൽദി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഹൈദരാബാദിൽ മറ്റൊരാളും കുഴഞ്ഞുവീണ് മരിച്ചു. വരന്റെ കാലിൽ മഞ്ഞൾ തേക്കുന്നതിനായി കുനിഞ്ഞ ഇയാൾ പെട്ടെന്ന് തറയിലേക്കു വീഴുകയായിരുന്നു.

ഹൈദരാബാദിൽത്തന്നെ ബസ്സിൽ കയറുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണിരുന്നു. എന്നാൽ ട്രാഫിക്കിലുണ്ടായിരുന്ന പൊലീസുകാരൻ പെട്ടെന്ന് കൃത്രിമശ്വാസം നൽകിയതിനാൽ ഇയാളുടെ ജീവൻ രക്ഷിക്കാനായി.

Leave a Reply