സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട 15 കാരിയെ ക്ഷേത്രത്തിനു സമീപത്തെ മുറിയില്‍ വെച്ചു പീഡിപ്പിച്ചു ; പൂജാരിയ്ക്ക് 20 വര്‍ഷം തടവ്, രണ്ടുലക്ഷം രൂപ പിഴയും ചുമത്തി

0


കോട്ടയം: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനു സമീപത്തെ മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിക്ക്‌ ഇരുപതര വര്‍ഷം കഠിനതടവ്‌.

വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ആലക്കോട്ട്‌ ഇല്ലത്ത്‌ കൃഷ്‌ണപ്രസാദിനെ(26)യാണ്‌ കോടതി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജി കെ.എന്‍. സുജിത്ത്‌ ശിക്ഷിച്ചത്‌. രണ്ടു ലക്ഷം രൂപ പിഴയടയ്‌ക്കണമെന്നും പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി കഠിനതടവ്‌ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

2018 ഓഗസ്‌റ്റ്‌ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. അയര്‍ക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ പ്രതിയായ പൂജാരി സാമൂഹിക മാധ്യമത്തിലൂടെയാണ്‌ പരിചയപ്പെട്ടത്‌. സംഭവ ദിവസം രാത്രി ഇദ്ദേഹം ഓട്ടോറിക്ഷയില്‍ അയര്‍ക്കുന്നത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അവിടെ നിന്നു വിളിച്ചിറക്കി വൈക്കം കുലശേഖരമംഗലം ക്ഷേത്രത്തിനു സമീപത്തെ താമസസ്‌ഥലത്ത്‌ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പൂജാരിക്കൊപ്പം കുട്ടിയുള്ളതായി കണ്ടെത്തി. തുടര്‍ന്ന്‌ പോലീസ്‌ സംഘം പ്രതിയെയും പെണ്‍കുട്ടിയെയും പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി എം.എന്‍. പുഷ്‌കരന്‍ കോടതിയില്‍ ഹാജരായി.

Leave a Reply