വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവർന്നു; ആസൂത്രണം ചെയ്തത് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ; പ്രതികൾ അറസ്റ്റിൽ

0


പാലക്കാട്: കൽമണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന സംഭവത്തിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. പുതുനഗരം സ്വദേശികളായ തൗഫീഖ്, വിമൽ, ബഷീറുദ്ദീൻ എന്നിവരാണ് പിടിയിലായത്. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ തൗഫീഖ് ആണ് കവർച്ചയിലെ മുഖ്യ ആസൂത്രകൻ എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതായി പൊലീസ് കണ്ടെത്തിയ നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളിലേക്ക് അന്വേഷണം നീണ്ടത്.

കൽമണ്ഡപം പ്രതിഭാനഗർ സെക്കൻഡ് സ്ട്രീറ്റിൽ അൻസാരി മൻസിലിലാണ് 13-ന് രാവിലെ 10.45-ന് മോഷണം നടന്നത്. എം. അൻസാരിയുടെ ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയുമാണ് കവർന്നത്. കവർച്ചയ്ക്കുശേഷം വീട്ടിലെ തന്നെ ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ വഴിയിൽ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ കണ്ടെത്തുകയും പ്രതികൾ പിന്നീട് കാറിൽ രക്ഷപ്പെട്ടതായും കണ്ടെത്തി. കാറിന്റെ ഉടമയെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് നിർണായക തുമ്പ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here