നൈജീരിയയിൽ തടവിലുള്ള 16 ഇന്ത്യൻ നാവികരും പ്രതിസന്ധിയിൽ

0

നൈജീരിയയിൽ തടവിലുള്ള 16 ഇന്ത്യൻ നാവികരും പ്രതിസന്ധിയിൽ. ഇവരെ ഉടൻ മോചിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും എന്ന് അതുണ്ടാകുമെന്നതിൽ വ്യക്തതയില്ല. ഏതായാലും നയതന്ത്ര നീക്കം സജീവമാണ്. ഹൈബി ഈഡൻ എംപി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. നൈജീരിയൻ കോടതി തീരുമാനമാകും നിർണ്ണായകം. ഇത് എതിരായാൽ നാവികർക്ക് പ്രതിസന്ധിയായി അത് മാറാനും സാധ്യതയുണ്ട്.

നിലവിൽ നൈജീരിയയിലെ കോടതിയുടെ കൂടി പരിഗണനയിലാണ് വിഷയം. നൈജീരിയൻ വിദേശകാര്യ മന്ത്രി, നീതിന്യായ മന്ത്രി, അറ്റോർണി ജനറൽ, നൈജീരിയൻ നേവിയുടെ നാവികസേനാ മേധാവി, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി ബന്ധപ്പെട്ട എല്ലാവരുമായും ആശയവിനിമയം നടത്തി ഇന്ത്യൻ നാവികരെ നേരത്തേ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കോടതിയിലെ നടപടികൾ വേഗത്തിലാക്കാൻ ഹൈക്കമ്മിഷണർ ഇടപെട്ടു വരുന്നുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. മാർച്ച് 24-നാണ് കോടതിയിലെ അടുത്ത വാദം. ഈ കേസിലെ വിധിയാകും നിർണ്ണായകം.

നൈജീരിയൻ അധികൃതരുമായി കേന്ദ്രസർക്കാർ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. നാവികരുടെ ഷിപ്പിങ് കമ്പനിയുടെ അഭിഭാഷകരുമായി നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും നിരന്തര സമ്പർക്കത്തിലാണ്. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ലഭിച്ച പ്രത്യേക അനുമതിയെ തുടർന്ന് തടങ്കലിലുള്ള നാവികരുമായി ഇന്ത്യൻ ഹൈക്കമ്മിഷണർ ആശയവിനിമയം നടത്തുകയും അവരുടെ ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി മുരളീധരൻ അറിയിച്ചു.

ക്രിസ്മസ്‌കാലത്തിനു മുമ്പ് നാവികരെ മോചിപ്പിക്കാൻ കപ്പൽ കമ്പനിയുൾപ്പെടെ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. മൂന്നു മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികർ ഇപ്പോഴും നൈജീരിയൻ തീരത്ത് കപ്പലിൽ തടവിലാണ്. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയത് വിസ്മയയുടെ സഹോദരൻ വിജിത്ത് അടക്കമുള്ളവർ തടവിലാണ്. വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ ജയിലിലാണ്. വിജിത്തിന്റെ ഇടപെടലാണ് കിരണിനെ അകത്താക്കിയതെന്നതാണ് വസ്തുത. അതിന് ശേഷമാണ് വിജിത്തും കുടുങ്ങുന്നത്.

ക്രൂഡ് ഓയിൽ മോഷണവും അതിർത്തി ലംഘനവുമാണ് നൈജീരിയൻ സേന നാവികർക്കെതിരേ ഉയർത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതാണ് കേന്ദ്ര സർക്കാരിന് വിനയായി മാറുന്നത്. ഒ.എസ്.എം. മാരിടൈം നോർവേ എന്ന കമ്പനിക്ക് കീഴിലുള്ള ഹീറോയിക് ഇഡുൻ എന്ന എണ്ണക്കപ്പലിനെതിരെയാണ് ആരോപണങ്ങൾ. കപ്പൽ കമ്പനി നാവികരുടെ മോചനത്തിനായി നൈജീരിയൻ കോടതിയെയും അന്താരാഷ്ട്ര ട്രിബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ.കെ.പി.ഒ. ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ വന്ന കപ്പൽ ക്രൂഡ് ഓയിൽ മോഷണത്തിന് വന്നതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തത്.

ഗിനി തീരത്ത് പിടിയിലായ കപ്പലും നാവികരേയും നൈജീരിയൻ തീരത്തേക്ക് മാറ്റുകയായിരുന്നു. നൈജീരിയൻ നേവിയുടെ നിർദ്ദേശം മറികടന്ന് ഗിനിയിലേക്ക് കടക്കുകയായിരുന്നുവെന്നതാണ് കപ്പലിന് വിന. ‘എംടി ഹീറോയിക് ഇഡുൻ’ കപ്പലിലെ 16 ജീവനക്കാരുടെ മോചനം എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ഹീറോയിക് ഇഡുൻ കപ്പലിലെ നാവികർക്കെതിരെ നൈജീരിയ ചുമത്തിയത് ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ്. ഈ കുറ്റം തെളിഞ്ഞാൽ 12 വർഷം വരെ തടവു ലഭിച്ചേക്കാം. കൂടാതെ ശിക്ഷിക്കപ്പെട്ടാൽ 35 കോടി നൈജീരിയൻ നൈറ(അവിടുത്തെ പണം) കമ്പിനിക്കും ഓരോ ആൾക്കും 12 കോടി നൈറ പിഴയും നൽകേണ്ടി വരും.

നൈജീരിയയുടെ നിഗർ ഡെൽറ്റ് ഓയിൽ മൈനിൽ നിന്നും ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കപ്പൽ അധികൃതർക്കെതിരായ ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്‌കോ ഓയിൽ ഫീൽഡിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ ഹീറോയിക് ഇഡുൻ കപ്പൽ പ്രവേശിച്ചു എന്നതാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്

Leave a Reply