വിശ്വാസികളെ സ്വീകരിക്കാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ ഒരുങ്ങി

0

വൈശാഖ് നെടുമല

ദുബായ് : വിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി. പള്ളിയിലെത്തുന്ന മുഴുവൻ പേർക്കും ആവശ്യമായ എല്ലാ തരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിനായി സംഘടിതവും സംയോജിതവുമായ പ്രവർത്തനം ഉറപ്പാക്കാൻ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പ്രത്യേക കമ്മിറ്റികളും ടീമുകളും രൂപീകരിച്ചിട്ടുണ്ട്.

വിശ്വാസികളെ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് പ്രാർത്ഥനാ ഹാളുകളിലേക്ക് കൊണ്ടുപോകുന്നതിനായി 38-ലധികം ഇലക്ട്രിക് കാറുകൾ ഗ്രാൻഡ് മോസ്‌കിൽ പ്രവർത്തിക്കുന്നതാണ്. പ്രായമായവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായിരിക്കും ഈ കാറുകളുടെ ഉപയോഗത്തിന് മുൻഗണന നൽകുക. കൂടാതെ പള്ളിയിലെത്തുന്ന വിശ്വാസികൾക്കായി 6579 പാർക്കിംഗ് സ്ഥലങ്ങളും 50-ലധികം വീൽചെയറുകളും പള്ളിയിലുടനീളം വാട്ടർ കൂളറുകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ മെഡിക്കൽ സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ നൽകി അടിയന്തര ആരോഗ്യ കേസുകൾ കൈകാര്യം ചെയ്യാനുള്ള താത്‌കാലിക സന്നദ്ധത കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റമദാനിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തുന്നതിന്റെ ഭാഗമായി മിദ്ഫ അൽ ഇഫ്താർ എന്നറിയപ്പെടുന്ന പീരങ്കി ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ വിന്യസിക്കുന്നതാണ്. സൂര്യാസ്തമയ സമയത്ത് ഈ പീരങ്കി മുഴക്കിക്കൊണ്ട് പരമ്പരാഗത രീതിയിൽ നോമ്പ് സമയം അറിയിക്കുന്നതാണ്. ഇത് തത്സമയം അബുദാബി ടി വി സംപ്രേക്ഷണം ചെയ്യുന്നതാണ്.

കോവിഡ് മഹാമാരിയിൽ നിന്ന് കരകയറിയതിന്റെ ഫലമായി മുൻ വർഷങ്ങളിലെ സന്ദർശകരുടെ എണ്ണത്തെ മറികടന്ന് വിശ്വാസികളുടെ വലിയ തിരക്കാണ് ഗ്രാൻഡ് മോസ്കിൽ ഈ വർഷം പ്രതീക്ഷിക്കുന്നത്. കോവിഡ്ന് മുൻപുള്ള 2019-ലെ റമദാനിൽ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്ക് സന്ദർശകരും, വിശ്വാസികളും ഉൾപ്പെടെ ഏകദേശം 1.44 ദശലക്ഷം ആളുകളാണ് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here