ചൊവ്വയുടെ ഭൂപടം തയ്യാറാക്കി അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗവേഷക സംഘം

0

വൈശാഖ് നെടുമല

ദുബായ് : എമിറേറ്റ്സ് മാർസ് മിഷന്റെ ഭാഗമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗവേഷക സംഘം ചൊവ്വാ ഗൃഹത്തിന്റെ ഒരു പുതിയ ഭൂപടം തയ്യാറാക്കി. യൂണിവേഴ്സിറ്റി സെന്റർ ഫോർ സ്പേസ് സയൻസ് ഗ്രൂപ്പ് ലീഡറും, ഗവേഷക ശാസ്ത്രജ്ഞനുമായ ദിമിത്ര അട്രിയും അദ്ദേഹത്തിന്റെ കീഴിലുള്ള സംഘവുമാണ് ചൊവ്വാ ഗൃഹത്തിന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്.

ഹോപ്പ് പേടകത്തിൽ ഘടിപ്പിച്ചിട്ടുള്ള എമിറേറ്റ്സ് എക്സ്പ്ലൊറേഷൻ ഇമേജർ എന്ന അതിനൂതന ഇമേജിങ്ങ് സംവിധാനം ഉപയോഗിച്ച് പകർത്തിയിട്ടുളള ദൃശ്യങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്നതിനിടെ ഹോപ്പ് പ്രോബ് പകർത്തിയ ഏതാണ്ട് മൂവായിരത്തിലധികം ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഈ ഭൂപടം നിർമ്മിച്ചിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ വിവിധ മേഖലകളും, ലക്ഷണങ്ങളും വളരെ തെളിമയോടെ ലഭ്യമാക്കുന്ന രീതിയിലാണ് ഈ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിലെ പോളാർ ഐസ് ക്യാപുകൾ, മലനിരകൾ, അഗ്നിപർവതങ്ങൾ, പ്രാചീന നദികളുടെ അവശേഷിപ്പുകൾ, തടാകങ്ങൾ, താഴ്‌വരകൾ, ഗർത്തങ്ങൾ മുതലായവയെല്ലാം ഇതിൽ ദൃശ്യമാണ്.

ഈ പുതിയ ഭൂപടം ചൊവ്വാ ഗൃഹത്തിന്റെ ഏറ്റവും നിലവാരമുള്ള ഒരു മാർസ് അറ്റ്ലസ് എന്ന രീതിയിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ ഈ അറ്റ്ലസ് ലഭ്യമായിരിക്കുമെന്നും ദിമിത്ര അട്രി വ്യക്തമാക്കി.

ഹോപ്പ് ബാഹ്യാകാശപേടകം നിലവിൽ ചൊവ്വയെ വലംവെച്ച് കൊണ്ടിരിക്കുകയാണ്. അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ രണ്ട് വർഷം പൂർത്തിയാക്കിയതായി ഫെബ്രുവരി 9ന് യുഎഇ സ്പേസ് ഏജൻസി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here