വൈസ് ചാൻസലർ നിയമനത്തിനുള്ള അവകാശതർക്കം; സർക്കാർ-ഗവർണർ പോരിന് ശമനമില്ല; നാഥനില്ലാതെ മൂന്നു സർവകലാശാലകൾ
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള അവകാശത്തെച്ചൊല്ലി സർക്കാർ-ഗവർണർ പോരുതുടരുമ്പോൾ, മൂന്നു സർവകലാശാലകൾ നാഥനില്ലാതെ തുടരുന്നു. മറ്റു രണ്ട് സർവകലാശാലകളിലെ വി.സി.മാരുടെ കാലാവധി കഴിയാറായി. സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ ആർക്കാണ് അവകാശമെന്നതാണ് ഇപ്പോഴത്തെ തർക്കം.
ഹൈക്കോടതി ഇടപെടലുണ്ടായിട്ടും സാങ്കേതിക സർവകലാശാലയിൽ താത്കാലിക വി.സി. നിയമനത്തർക്കം തീർന്നിട്ടില്ല. വി.സി.യെ നിയമിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും ഗവർണർ ഉടക്കിനിൽക്കുന്നതിനാൽ നടപടിയായിട്ടില്ല. വി.സി. ഡോ. സിസാ തോമസിന്റെ സർവീസ് കാലാവധി ഈ മാസം അവസാനിക്കും. അവിടെയും സ്ഥിരം വി.സി.യുടെ കാര്യം അനിശ്ചിതത്വത്തിലാണ്.
കേരളയിൽ ഒക്ടോബറിൽ തീർന്നതാണ് വി.സി.യുടെ കാലാവധി. മലയാളം സർവകലാശാലയിൽ വി.സി.യുടെ കാലാവധി ഫെബ്രുവരി 28-ന് അവസാനിച്ചു.
മലയാളം സർവകലാശാലയിലേക്ക് അഞ്ചംഗ സെർച്ച് കമ്മിറ്റി സർക്കാർ ശുപാർശചെയ്തത് ഗവർണറുമായുള്ള ഏറ്റുമുട്ടലിനു വഴിവെച്ചു. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാലാഭേദഗതി ബില്ലിലെ വ്യവസ്ഥയാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി. ഏതു നിയമമനുസരിച്ചാണ് ഈ സെർച്ച് കമ്മിറ്റി രൂപവത്കരിച്ചതെന്ന് ഗവർണർ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ മറുപടിനൽകിയിട്ടില്ല.
കുസാറ്റ് വി.സി.യുടെ കാലാവധി ഏപ്രിൽ 25-നും എം.ജി.യിലേത് മേയ് 27-നും അവസാനിക്കും. കാർഷിക സർവകലാശാലയിൽ കാർഷികോത്പാദന കമ്മിഷണർ ഡോ. ബി. അശോകിനെ വി.സി.യായി സർക്കാർ നിയമിച്ചതിലുള്ള പരാതി ഗവർണറുടെ പരിഗണനയിലാണ്.
മലയാളം സർവകലാശാല: സർക്കാർ രണ്ടുപേരുകൾ നൽകി
മലയാളം സർവകലാശാലയിൽ താത്കാലിക വി.സി.യായി നിയമിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ് രണ്ടു പേരുകൾ ഗവർണർക്കു ശുപാർശചെയ്തു. കേരള സർവകലാശാലയിലെ മുൻ പ്രോ-വി.സി. ഡോ. പി.പി. അജയകുമാർ, കാലടി സംസ്‌കൃത സർവകലാശാലയിലെ ഡോ. വത്സലൻ വാതുശ്ശേരി എന്നിവരാണ് പട്ടികയിലുള്ളത്. ‘വാഴക്കുല’വിവാദത്തിൽപ്പെട്ട, യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ ഗൈഡായിരുന്നു അജയകുമാർ.
കോടതിവിധി സാങ്കേതിക സർവകലാശാലയ്ക്കു മാത്രം ബാധകം -മന്ത്രി
വി.സി.യുടെ താത്കാലിക നിയമനത്തിന് യു.ജി.സി. യോഗ്യത നിർബന്ധമാണെന്ന കോടതിവിധി സാങ്കേതിക സർവകലാശാലയ്ക്കു മാത്രമേ ബാധകമാകൂവെന്ന് മന്ത്രി ആർ. ബിന്ദു. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും സനീഷ് കുമാർ ജോസഫും ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.